ഒട്ടുമിക്ക കറികളിലും നമ്മൾ സവാള ചേർക്കാറുണ്ട്. രുചിക്ക് മാത്രമല്ല പലതരം ആരോഗ്യ ഗുണങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്. കടയിൽ പോയി സവാള ഒരുമിച്ച് വാങ്ങിക്കുന്നത് നല്ലതാണ്. എന്നാൽ ഇവ ദിവസം കഴിയുംതോറും കേടാവാൻ തുടങ്ങും. പിന്നീടിത് ഉപയോഗിക്കാനും സാധിക്കില്ല. സവാള ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മാസങ്ങളോളം ഇത് ഉപയോഗിക്കാൻ സാധിക്കും. സവാള കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി. അവ എന്തൊക്കെയാണെന്ന് അറിയാം.
വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കാം
ശരിയായ രീതിയിൽ വായു സഞ്ചാരമുള്ള സ്ഥലത്ത് മാത്രമേ സവാള സൂക്ഷിക്കാൻ പാടുള്ളൂ. കടയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന പ്ലാസ്റ്റിക് ബാഗിൽ തന്നെ സൂക്ഷിക്കാതെ ഉടനെ സവാള പുറത്തെടുത്ത് വയ്‌ക്കേണ്ടതുണ്ട്. നല്ല രീതിയിൽ വായു സഞ്ചാരമുണ്ടാകണമെങ്കിൽ ബാസ്കറ്റിലോ പേപ്പർ ബാഗിലോ സൂക്ഷിക്കുന്നതാണ് നല്ലത്. സവാള മൊത്തത്തിൽ കൂടികിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇത് ശരിയായ വായു സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്നു.
ഈർപ്പമില്ലാത്ത സ്ഥലങ്ങൾ
സവാളയിൽ ഈർപ്പമുണ്ടായാൽ അവ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാൻ അനുയോജ്യമല്ല. അധികം ചൂടും, ഈർപ്പവും സൂര്യപ്രകാശവും ഏൽക്കാത്ത സ്ഥലങ്ങളിൽ വേണം സവാള സൂക്ഷിക്കേണ്ടത്.
ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത്
ഉരുളകിഴങ്ങ്, ആപ്പിൾ എന്നിവയുടെ കൂടെ സവാള സൂക്ഷിച്ചാൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. കാരണം ഉരുളക്കിഴങ്ങിൽ ഈർപ്പമുണ്ട്. ഇതിനൊപ്പം സൂക്ഷിച്ചാൽ സവാളയിലും കേടുവരുന്നു. കൂടാതെ ഉരുളകിഴങ്ങ് സവാളയുടെ ഗന്ധം വലിച്ചെടുക്കുകയും ചെയ്യും. അതിനാൽ തന്നെ ഇവ മാറ്റി സൂക്ഷിക്കുന്നതാണ് നല്ലത്.