വൃത്തിഹീനമായ അടുക്കളയിലാണ് പാറ്റകള്‍ കൂടുതലായി കാണപ്പെടുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. വിപണിയില്‍ കിട്ടുന്ന പലതരം സ്പ്രേകള്‍ കൊണ്ടുവന്ന് പാറ്റയെ തുരത്താറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മൂലവും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ തന്നെ പാറ്റയുടെ ശല്യം കുറയ്ക്കുന്നതിന് ചില നുറുങ്ങുകളുണ്ട്. അവ എന്തെന്നറിയാം.
നനഞ്ഞ അലമാരകളിലും സിങ്കുകളുടെ അടിഭാഗത്തുമാണ് കൂടുതലായും പാറ്റകളെ കാണപ്പെടുന്നത് അതിനാല്‍ അവിടം വൃത്തിയായി സൂക്ഷിക്കുക. പാറ്റകള്‍ ഉള്ളിടത്ത് ഉണങ്ങിയ ബേ ലീഫ് വിതറുക. കോണുകളിലും അധികം വൃത്തിയാക്കാത്ത ഇടങ്ങളിലും ബേ ലീഫ് പൊടി വിതറുന്നത് നല്ല ഫലം നല്‍കുമെന്ന് വിദഗ്ധര്‍ പറയുന്നു. പാറ്റയുള്ളിടത്ത് പെപ്പര്‍മിന്റ് ഓയിലും ലെമണ്‍ഗ്രാസ് ഓയിലും തളിക്കുക. ബേക്കിങ് സോഡയും പഞ്ചസാരയും ചാലിച്ച് തളിച്ചാല്‍ പാറ്റകള്‍ അവ തിന്ന് ചാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
അരിയിലെ കീടങ്ങളെ തടയാനും കാരംസ് കളിക്കാനുമെല്ലാം ഉപയോഗിക്കുന്ന ബോറിക് പൗഡര്‍ പാറ്റകള്‍ വിഹരിക്കുന്നിടത്ത് വിതറുക. ഒരു സ്പ്രേ ബോട്ടിലില്‍ തുല്യ അളവില്‍ വെള്ളവും വിനാഗിരിയും കലര്‍ത്തുക. ഈ സ്പ്രേ പാറ്റകള്‍ ഉള്ള സ്ഥലങ്ങളില്‍ തളിക്കുക. ഇങ്ങനെ ചെയ്താല്‍ ഒരു പാറ്റപോലും അതിജീവിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാറ്റകള്‍ വിഹരിക്കുന്ന സ്ഥലങ്ങളില്‍ ഗ്രാമ്പൂ വയ്ക്കുക.
വേപ്പില പൊടിച്ച് വെള്ളത്തില്‍ കലക്കി തള്ളിക്കുന്നതും പാറ്റകളെ ഇല്ലാതാക്കുന്നു. പാറ്റകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഹെയര്‍സ്പ്രേ ചെയ്താലും ഇവയെ ഇല്ലാതാക്കാനാകും. കുരുമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം തള്ളിക്കുന്നതും പാറ്റകളെ അകറ്റും. കൂടാതെ, പാറ്റകളുള്ളിടത്ത് മണ്ണെണ്ണ തളിക്കുന്നത് അവയെ തുരത്തുമെന്ന് വിദഗ്ധര്‍ പറയുന്നു.