25 മണിക്കൂറും 5 മിനിറ്റും നീണ്ടുനിന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സെനറ്റ് പ്രസംഗം നടത്തിയാണ് ന്യൂജേഴ്‌സിയില്‍ നിന്നുള്ള 55 കാരനായ സെനറ്റര്‍ കോറി ബുക്കര്‍ വാര്‍ത്തകളില്‍ ഇടം നേടി. ഇതോടെ വാഷിംഗ്ടണിലെ യുഎസ് ക്യാപ്പിറ്റലില്‍ നടന്ന സെനറ്റ് പ്രസംഗത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു സെനറ്റര്‍ കോറി ബുക്കര്‍. പ്രസംഗത്തിനിടയില്‍ അദ്ദേഹം ഇരുന്നില്ല, ഭക്ഷണം കഴിച്ചില്ല, വാസ്തവത്തില്‍ അദ്ദേഹം ടോയ്‌ലറ്റ് പോലും ഉപയോഗിച്ചിരുന്നില്ല.
അമേരിക്കന്‍ ചരിത്രത്തിലെ ഗുരുതരവും അടിയന്തിരവുമായ നിമിഷത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ പ്രതീകാത്മക പ്രതിഷേധമായിട്ടുമാണ് കോറി ബുക്കര്‍ന്റെ മാരത്തണ്‍ പ്രസംഗം 25 മണിക്കൂറും 5 മിനിറ്റും നീണ്ടുനിന്നത്. 1957 ല്‍ ഡെമോക്രാറ്റിക് ആയിരിക്കെ, പൗരാവകാശ നിയമത്തിനെതിരെ 24 മണിക്കൂറും 18 മിനിറ്റും സംസാരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ സ്‌ട്രോം തര്‍മണ്ടിന്റെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്.
റെക്കോര്‍ഡ് മറികടന്നെങ്കിലും 25 മണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിച്ച കോറി ബുക്കറുടെ ആരോഗ്യത്തെക്കുറിച്ചാണ് പലരും ആശങ്കപ്പെട്ടത്. ‘അമിതമായി സംസാരിക്കുന്നത് ശ്വസന രീതികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സംസാരത്തെ സഹായിക്കാന്‍ ശ്വാസകോശത്തിനും ഡയഫ്രത്തിനും കൂടുതല്‍ ജോലി ചെയ്യേണ്ടിവരികയും ചെയ്യുന്നു. കാലക്രമേണ ഇത് ക്ഷീണം, തലവേദന, ചില സമയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരുന്ന പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കാന്‍ കാരണമാകും’ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ശബ്ദവും മൊത്തത്തിലുള്ള ആരോഗ്യവും സംരക്ഷിക്കുന്നതിന്, ഇടവേളകള്‍ എടുക്കുകയും, വെള്ളം കുടിക്കുകയും, ഇടയ്ക്കിടെ വോക്കല്‍ വിശ്രമം പരിശീലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ മൂലമോ സാമൂഹിക ശീലങ്ങള്‍ മൂലമോ ആകട്ടെ, അമിതമായി സംസാരിക്കുന്നതിനൊപ്പം മാനസിക ക്ഷേമം നിലനിര്‍ത്താന്‍ കുറച്ച് സമയത്തേക്ക് മൗനവും പാലിക്കണം. ശരീരം നല്‍കുന്ന സൂചനകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.