ചര്‍മ്മ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് നടിയാണ് ദീപിക പദുക്കോണ്‍. ‘ക്ലെന്‍സ്, ഹൈഡ്രേറ്റ്, സംരക്ഷണം’ എന്ന ചര്‍മ്മസംരക്ഷണ ദിനചര്യയാണ് താന്‍ പിന്തുടരുന്നതെന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കും, വരണ്ടുപോകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുമെന്നും ദീപിക പറയുന്നു. ചര്‍മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുതെന്നും മേക്കപ്പ് എല്ലാം സിംപിള്‍ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഭക്ഷണക്രത്തിലും താരം പ്രധാന പങ്കാണ് വഹിച്ചിരുന്നത്. മുഖകാന്തി കൂട്ടുന്നതിന് ദിവസവും ജ്യൂസ് കുടിക്കാറുണ്ടെന്നും ദീപിക പദുകോണ്‍ പറയുന്നു. ഏതാണ് ആ ജ്യൂസ് എന്നല്ലേ. ബീറ്റ്‌റൂട്ട് ജ്യൂസാണ് താരം ദിവസവും കഴിക്കുന്നത്.
ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കഴിവ് ബീറ്റ്‌റൂട്ടിനുണ്ട്. ഇത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസിലെ ബീറ്റാലൈന്‍ പോലുള്ള ഘടകങ്ങള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ലഭിക്കും.
ബീറ്റ്‌റൂട്ടില്‍ കാണപ്പെടുന്ന നിരവധി ആന്റിഓക്സിഡന്റുകളില്‍ ഒന്നായ വിറ്റാമിന്‍ സി നേര്‍ത്ത വരകളുടെയും ചുളിവുകളും കുറയ്ക്കും. ബീറ്റ്‌റൂട്ട് ജ്യൂസ് വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. ഇത് ചര്‍മ്മത്തെ ഇറുകിയതും ഇലാസ്തികതയുള്ളതുമായി നിലനിര്‍ത്തുന്ന കൊളാജന്റെ നിര്‍മ്മാണത്തിന് പ്രധാനമാണ്. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുന്നു.
ബീറ്റ്‌റൂട്ട് തയ്യാറാക്കുന്ന വിധം
ഒരു ഇടത്തരം ബീറ്റ്‌റൂട്ട് (തൊലികളഞ്ഞ് അരിഞ്ഞത്) ഒരു ബ്ലെന്‍ഡറില്‍ ഒരു പിടി പുതിന, മല്ലിയില, വേപ്പ്, കറിവേപ്പില എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം തണുപ്പിച്ച് കുടിക്കുക.