2021ല്‍ ലോകത്ത് 1.06 കോടി പേര്‍ക്ക് ക്ഷയരോഗം ബാധിച്ചതായി കണ്ടെത്തിയതില്‍ 28 ശതമാനവും ഇന്ത്യയിലായിരുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും 20,000 പേര്‍ക്ക് ക്ഷയരോഗം പിടിപെടുന്നു. ഇന്ത്യയില്‍ ഒരു ദിവസത്തില്‍ 1380 പേര്‍ ക്ഷയരോഗം വന്നു മരിക്കുന്നുമുണ്ട്. ഒട്ടേറെ മുതിര്‍ന്ന പൗരന്മാരെയും ഈ രോഗം ബാധിക്കുന്നു. ക്ഷയരോഗത്തെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ക്ഷയരോഗം ശ്വാസകോശത്തെയാണ് കൂടുതലായി ബാധിക്കുന്നത്. മറ്റു ശരീരഭാഗങ്ങളെയും രോഗം ബാധിക്കാറുണ്ട്. ബാക്ടീരിയ മൂലമുണ്ടാകുന്നതാണ് ഈ രോഗം. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നീണ്ടുനില്‍ക്കുന്ന ചുമ, ചുമച്ച് രക്തം വരുന്ന അവസ്ഥ, നെഞ്ചുവേദന, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തണം.
നേരിടാം രോഗത്തെ
ബിസിജി വാക്‌സിനേഷന്‍ ക്ഷയരോഗത്തിനെതിരെ വലിയ തോതില്‍ സംരക്ഷണം നല്‍കും.
വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ക്ഷയരോഗികള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കുക.
രോഗികള്‍ ചുമയ്ക്കുന്നതും തുമ്മുന്നതും രോഗം പകരാനിടയാക്കാറുണ്ട്. ടിഷ്യു പേപ്പറിലേക്ക് തുമ്മിയതിനു ശേഷം ടിഷ്യു പേപ്പര്‍ പ്രത്യേക സ്ഥലത്ത് ഉപേക്ഷിച്ച് നശിപ്പിക്കാം.
ക്ഷയരോഗത്തിന് മരുന്നുകള്‍ ലഭ്യമാണ്. രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി മരുന്നു കഴിക്കുക.
എത്രയും നേരത്തേ രോഗം തിരിച്ചറിയുന്നത് വേഗത്തിലുള്ള രോഗമുക്തിക്ക് സഹായകമാകും. പരിശോധനകള്‍ വൈകിപ്പിക്കാതിരിക്കുക.