കുട്ടികളില്‍ പ്രത്യേകിച്ച് നവജാത ശിശുക്കളിലും സ്‌കൂള്‍ പ്രായത്തിലുള്ളവരിലും മൂത്രാശയ അണുബാധ ഇന്ന് കൂടി വരുന്നതായി കാണുന്നു. ശിശുക്കളിലെ ലക്ഷണങ്ങള്‍ മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കപ്പെടാതെ പോകുകയും കൂടുതല്‍ ഗുരുതരമാവുകയും ചെയ്യും. വൃക്കകള്‍, മൂത്രസഞ്ചി, മൂത്രനാളി എന്നിവയുള്‍പ്പെടെ മൂത്രവ്യവസ്ഥയുടെ ഏത് ഭാഗത്തും ഉണ്ടാകുന്ന ഒരു അണുബാധയാണ് യുടിഐ.
മിക്ക കേസുകളിലും മൂത്രനാളിയിലൂടെ പ്രവേശിക്കുന്ന ബാക്ടീരിയകളോ അണുക്കളോ മൂലമാണ് ഇത് സംഭവിക്കുന്നത്. കുട്ടികളില്‍, ശുചിത്വക്കുറവ്, മൂത്രം കൂടുതല്‍ നേരം പിടിച്ച് നിര്‍ത്തുക എന്നിവ കാരണം യുടിഐ ഉണ്ടാകാമെന്ന് അറ്റ്‌ലാന്റയിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത്‌കെയര്‍ വ്യക്തമാക്കുന്നു.
കുട്ടിയുടെ പ്രായത്തിനനുസരിച്ച് യുടിഐകളുടെ ലക്ഷണങ്ങള്‍ ഗണ്യമായി വ്യത്യാസപ്പെടാമെന്ന് ജനറല്‍ പീഡിയാട്രിക്‌സ് ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അഞ്ജലി സക്സേന പറയുന്നു.
ശിശുക്കളിലും സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളിലും യുടിഐകള്‍ വളരെ സാധാരണമാണെന്ന് അഞ്ജലി സക്സേന പറയുന്നു. പക്ഷേ പലപ്പോഴും അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളില്‍, ലക്ഷണങ്ങള്‍ അവ്യക്തവും മറ്റ് പ്രശ്നങ്ങളുമായി എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നതുമാണ്. പനി, ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ട്അ സാധാരണമായ ഉറക്കം അല്ലെങ്കില്‍ അസ്വസ്ഥത, മൂത്രത്തിലെ രൂക്ഷ ദുര്‍ഗന്ധ എന്നിവ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നേരിയ അണുബാധ പോലും പെട്ടെന്ന് ഗുരുതരമാകുമെന്ന് ഡോ. അഞ്ജലി സക്സേന പറയുന്നു.
സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത് നിസാരമായി കാണരുത്. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, കിടക്കയില്‍ മൂത്രമൊഴിക്കല്‍, വയറുവേദന അല്ലെങ്കില്‍ പുറം വേദന, ക്ഷീണം എന്നിവ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. ചില കുട്ടികള്‍ പ്രത്യേകിച്ച് മൂത്രമൊഴിക്കാന്‍ വേദന ഉണ്ടാകുന്നതായി പറയാറുണ്ട്. അതും യുടിഐയുടെ പ്രധാനപ്പെട്ട ലക്ഷണമാണ്.
മൂന്ന് മാസത്തില്‍ താഴെയുള്ള കുഞ്ഞിന് പനി ഉണ്ടെങ്കിലോ ഇടയ്ക്കിടെ വയറുവേദന, നേരിയ പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടിയെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.