ഇന്നത്തെ മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും കൗമാരപ്രായക്കാരും അതിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളും വളരെയേറെ അക്രമാസക്തരായിട്ടും പല തരത്തിലുള്ള ആസക്തിയുള്ളവര്‍ ആയിട്ടും കാണാന്‍ സാധിക്കുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കുട്ടികള്‍ ഒറ്റപ്പെട്ടു വീടിനുള്ളില്‍ കഴിയേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യം കുട്ടികളില്‍ അക്രമവാസനയും ആസക്തിയും കൂട്ടിയതായി മനസ്സിലാക്കാം.
കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുന്നത് നമ്മുടെ സമൂഹത്തെയും സംസ്കാരത്തെയും നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. കുട്ടികളുടെ വികാസവുമായി ബന്ധപ്പെട്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്തെന്നാല്‍ ഇപ്പോഴത്തെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ ഏത് രീതിയില്‍ വളര്‍ത്തണം എന്നതിനെ പറ്റി വ്യക്തമായ ധാരണ ഇല്ലാത്തതാണ്. ഇപ്പോഴത്തെ ജനസംഖ്യ ശാസ്ത്രം പരിശോധിച്ചാല്‍ 1980 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തിലെ കുട്ടികളെ ‘മില്ലേനിയല്‍സ്’ എന്നാണ് പരാമര്‍ശിക്കുന്നത്. 1997ന് ശേഷം ജനിച്ച കുട്ടികളെ ‘പോസ്റ്റ് മില്ലേനിയല്‍സ്’ എന്നും പറയുന്നു.
ഈ രണ്ട് കാലഘട്ടത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെ താരതമ്യം ചെയ്യുകയാണെങ്കില്‍ വളരെയേറെ വ്യത്യാസം നമുക്ക് കാണാന്‍ സാധിക്കുന്നു. മില്ലേനിയല്‍സ് കുട്ടികളില്‍ വ്യക്തിത്വം, അച്ചടക്കം, സ്വഭാവ രൂപീകരണം എന്നിവ വളര്‍ത്താന്‍ അവരുടെ കുടുംബങ്ങള്‍ ഏറെ പ്രാധാന്യം കൊടുക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. അതായത് അവരുടെ ധാര്‍മ്മിക ജീവിതം എങ്ങിനെ നയിക്കണം എന്നത് തങ്ങളുടെ കുടുംബത്തില്‍ നിന്നു പഠിച്ചതായിട്ട് മനസ്സിലാക്കാന്‍ കഴിയും. അതുപോലെതന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടിയുള്ള കാര്യങ്ങളും ചെയ്തിരുന്നു.
എന്നാല്‍ പോസ്റ്റ് മില്ലേനിയല്‍സിന്റെ കാര്യമെടുക്കുമ്പോള്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഭദ്രതയ്ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കുട്ടികളുടെ ജീവിത മൂല്യങ്ങള്‍ വളര്‍ത്തുന്നതിനുള്ള പ്രാധാന്യം കുറഞ്ഞു വരുന്നതായിട്ടും കാണാന്‍ സാധിക്കുന്നു. ‘മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം’ എന്നുള്ള ചിന്ത കുട്ടികളുടെ ഉള്ളില്‍ ഉണ്ടാകുന്നതായി കാണുന്നു. ഒരു യാഥാര്‍ത്ഥ്യ ബോധത്തില്‍ ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ് ഒരു ലക്ഷത്തില്‍ എത്തുന്നതിന്റെ മാര്‍ഗ്ഗത്തിലുള്ള പ്രാധാന്യത്തെപ്പറ്റി.
യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വിജയിക്കുക എന്നതിലുപരി ഒരു നന്മയുള്ള വ്യക്തി ആവുക എന്നതിലാണ് ഒരു രക്ഷാകര്‍തൃത്വം ഊന്നല്‍ നല്‍കേണ്ടത്. ഈ കാലഘട്ടത്തില്‍ കുട്ടികളെ എങ്ങനെ ശരിയായ രീതിയില്‍ വളര്‍ത്തണം എന്നതിനെ ആസ്പദമാക്കി 7 തത്വങ്ങളാണുള്ളത്:-
- കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനു ഏറ്റവും അനുയോജ്യമായത് 2 – 4 വയസ്സ് വരെയുള്ള പ്രായമാണ്.
ഈ പ്രായത്തില്‍ ഏതു രീതിയില്‍ കുട്ടികളെ വളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ ജീവിതമുടനീളമുള്ള സ്വഭാവം. നാലു വയസ്സിനു ശേഷം കുട്ടികള്‍ കാണിക്കുന്ന സ്വഭാവ ദൂഷ്യങ്ങള്‍ മാറ്റിയെടുക്കുക എന്നത് ഏതാണ്ട് അസാധ്യമായിട്ടാണ് കണക്കാക്കുന്നത്.കുട്ടികള്‍ കാണിക്കുന്ന വാശി ഒരു രീതിയിലും അംഗീകരിക്കാന്‍ പാടില്ല.
എന്തു പറഞ്ഞാലും സമ്മതിച്ചു കൊടുക്കുന്ന അല്ലെങ്കില്‍ മേടിച്ചു കൊടുക്കുന്ന ഒരു തെറ്റായ രക്ഷാകര്‍തൃത്വം ആണ് നമുക്ക് ചുറ്റും ഇപ്പോള്‍ കാണുന്നത്. ‘നോ’ എന്ന് പറയേണ്ട സാഹചര്യത്തില്‍ അത് പറയുകയും ആ ശീലം കുട്ടികളില്‍ വളര്‍ത്തേണ്ടതും അനിവാര്യമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും സാധിക്കണമെന്നില്ല അല്ലെങ്കില്‍ ലഭിക്കണമെന്നില്ല അങ്ങനെ ഒരു സാഹചര്യം വരുമ്പോള്‍ ‘തോല്‍വി’യെ നേരിടാന്‍ കഴിയാതിരിക്കുകയും അവരുടെ ആക്രമണ സ്വഭാവവും ദേഷ്യവും ആത്മഹത്യാ പ്രവണതയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ‘നോ’ പറയുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ വാശി കാണിച്ചാല്‍ അത് വക വയ്ക്കാത്ത രീതിയിലുള്ള നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാകുന്നു.
- കുട്ടികളെ സംബന്ധിച്ചെടുത്തോളം ‘Needs’ ഉം ഉണ്ട് ‘Wants’ഉം ഉണ്ട്.
‘Needs’ 100% സാധിച്ചു കൊടുക്കാം, എന്നാല്‍ ‘Wants’ 25% മാത്രമേ സാധിച്ചു കൊടുക്കാന്‍ പാടുള്ളൂ. അതായത് ‘പാല്’ എന്നത് കുട്ടികളെ സംബന്ധിച്ച് ‘Needs’ എന്ന വിഭാഗത്തിലാണ്. ‘ഐസ്ക്രീം’ എന്നത് ‘Wants’ എന്ന വിഭാഗത്തിലും. അപ്പോള്‍ ‘പാല്’ എന്ന ആവശ്യം 100% സാധിച്ചു കൊടുക്കാം. ‘ഐസ്ക്രീം’ എന്നത്
കുട്ടികള്‍ നാല് പ്രാവശ്യം ചോദിക്കുമ്പോള്‍ ഒരു പ്രാവശ്യം മേടിച്ചു കൊടുക്കാന്‍ പാടുള്ളൂ. ഇതുമൂലം കുട്ടികള്‍ അച്ചടക്കവും ആത്മനിയന്ത്രണവും വളരെ നല്ല രീതിയില്‍ പഠിക്കുന്നു. അപ്പോള്‍ ‘Needs’ും ‘Wants’ും രക്ഷകര്‍ത്താക്കള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവരോട് പ്രതികരിക്കേണ്ടത് അനിവാര്യമാണ്.
- കുട്ടികളെ വീട്ടിലെ ജോലികള്‍ ചെയ്ത് ശീലിപ്പിക്കുക.
പാചകം, വൃത്തിയാക്കല്‍, പൂന്തോട്ട പരിപാലനം, ചെറിയ രീതിയിലുള്ള കൃഷി, എന്നിങ്ങനെ വീട്ടില്‍ നമ്മള് ചെയ്യുന്ന ജോലികളില്‍ അവരെയും ഉള്‍പ്പെടുത്തുന്നതിലൂടെ നല്ല രീതിയിലുള്ള സ്വഭാവരൂപീകരണത്തിന് വഴിയൊരുക്കുകയും അവരുടെ ജീവിതത്തെ നല്ലരീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. പഠിക്കുക എന്നതിലേറെ പ്രാധാന്യമുള്ള കാര്യമാണ് സ്വഭാവ രൂപീകരണം.
- സത്യസന്ധരായ രക്ഷിതാക്കള്‍ ആവുക.
കുട്ടികളെ സംബന്ധിച്ചടുത്തോളം ഒരു മാതൃക വ്യക്തിയെ കണ്ടെത്താന്‍ പ്രയാസകരമായ ഒരു കാലഘട്ടത്തിലാണ് അവര്‍ ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ യാതൊരു കാരണവശാലും നേരിട്ടോ അല്ലാതെയോ സത്യസന്ധതയ്ക്ക് വിരുദ്ധമായിട്ടുള്ള ഒരു പ്രവര്‍ത്തിയെ വാക്കോ അവരുടെ മുന്നില്‍ വച്ച് ഉണ്ടാകുവാന്‍ ഇടയാകരുത്. അത് അവരില്‍ തെറ്റായ ഒരു സന്ദേശം എത്തുന്നതിനും തെറ്റായ ഒരു ജീവിതത്തിലേക്ക് പോകുന്നതിനും വഴിയൊരുക്കുന്നു. അതിനാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഒരു മാതൃകയാകാന്‍ ശ്രമിക്കുക.
- ‘കഷ്ടപ്പാടുകള്‍’, ‘തിന്മ’, ‘മരണം’ എന്നിവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.
ഇവയൊക്കെ നമ്മുടെ ജീവിതത്തില്‍ ഏതു സാഹചര്യത്തില്‍ വേണമെങ്കിലും കടന്നുവരാം എന്നത് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അത് അവരെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ ധൈര്യപൂര്‍വ്വം നേരിടാന്‍ സഹായിക്കുന്നു.
- ലക്ഷ്യത്തെ പോലെ മാര്‍ഗ്ഗവും പ്രധാനമാണെന്ന് കുട്ടികളെ ബോധിപ്പിക്കുക.
ഒരു പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങുന്നതിലുപരി അത് കുട്ടികള്‍ പഠിച്ച് നേടിയതാണോ അല്ലെങ്കില്‍ തെറ്റായ രീതിയില്‍ മറ്റുള്ളവരുടെ നോക്കി എഴുതി നേടിയതാണോ എന്നത് മനസ്സിലാക്കി ആ രണ്ട് രീതികളിലും ഒളിഞ്ഞിരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ അവരെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സഹായിക്കുക. ഇത് അവരുടെ സ്വഭാവ രൂപീകരണത്തിനും നന്മയുള്ള ജീവിതം നയിക്കുവാനുമുള്ള ഒരു പ്രോത്സാഹനമാണ് എന്നത് ഓരോ രക്ഷിതാവും തിരിച്ചറിയുക.
ഈ ഏഴ് തത്വങ്ങള്‍ പാലിക്കുന്നതിലൂടെ ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം മാത്രമല്ല, ഒരു മാതൃക തലമുറ കൂടി ഉടലെടുക്കുകയാണ് എന്നത് നാം ഓര്‍ക്കുക.
Consultant Psychologist
SUT Hospital, Pattom