യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് യാത്രക്കിടയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‌നങ്ങള്‍ അലട്ടുന്നത്.
തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്പരവിരുദ്ധമാവുകയും ഏതോ ഒന്ന് ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷന്‍ സിക്നസ്സ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതയാണ് ഇതിന് പ്രധാന കാരണം.
വാഹനത്തില്‍ ഇരിക്കുമ്പോള്‍ കണ്ണുകള്‍ വാഹനത്തിനുള്ളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന് സൂചന നല്‍കുക വാഹനം ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത് എല്ലാം നിശ്ചലാവസ്ഥയിലാണന്നുമാവും.
തുടര്‍ന്ന് വിഷം അകത്തെത്തിയതിനാലാണ് ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ. തലച്ചോറിലുണ്ടാക്കുന്ന ഇത്തരം ചിന്തകളെ നമുക്ക് ഒഴിവാക്കാനായാല്‍ മനം പുരട്ടലിനേയും ഛര്‍ദ്ദിയേയും അകറ്റാനാകും.
പുറം കാഴ്ചകള്‍ നോക്കിയിരിക്കുക
വാഹനത്തിന്റ മുന്‍ ജാലകത്തിലൂടെ കാഴ്ചകള്‍ കടന്നു പോകുന്നത് നോക്കിക്കൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന അസ്വസ്ഥകളുടെ കാരണം പരിഹരിക്കാന്‍ ചലിക്കുന്നുണ്ടെന്ന ഈ തോന്നല്‍ സഹായിക്കും.
വണ്ടി ഓടിക്കുന്നതായി കരുതുക
പറ്റുമെങ്കില്‍ വാഹനം ഡ്രൈവ് ചെയ്യുന്നതായി കരുതുക. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവില്ല.
എതിര്‍ ദിശയിലേക്ക് ഇരിക്കരുത്
യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക് ഈ പ്രശ്‌നമുള്ളവര്‍ ഒരിക്കലും ഇരിക്കരുത്. ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കുക. ചുറ്റും നോക്കരുത്. ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതല്‍ നോക്കരുത്.
സണ്‍ ഗ്ലാസുകളും ഉറക്കവും
ഇരുണ്ട സണ്‍ഗ്ലാസുകള്‍ വയ്ക്കുക. അതുപോലെ പറ്റുമെങ്കില്‍ ഉറങ്ങുക. അപ്പോള്‍ കാഴ്ചകള്‍ മിന്നിമറയുന്നത് കണ്ണുകള്‍ അറിയില്ല.
ഭക്ഷണത്തിന്റെ മണം
ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത് മനംപുരട്ടല്‍ തടയാന്‍ സഹായിക്കും. യാത്ര ചെയ്യുമ്പോഴും അതിന് മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. മദ്യവും ആഹാരവും നിങ്ങള്‍ക്ക് പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക് യാത്രയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
സോഡയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക.
ജനല്‍ ഗ്‌ളാസ് തുറന്നിടുക
ശുദ്ധവായു ലഭിക്കുന്നത് പലര്‍ക്കും ആശ്വാസം നല്‍കും. അതിനാല്‍ സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന് താഴേക്ക് കുനിഞ്ഞ് നന്നായി ശ്വസിക്കുക. അതുപോലെ ഈ പ്രശ്നമുള്ള മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും ഇതേ പ്രശ്നമുണ്ടാക്കും.
വസ്ത്രങ്ങള്‍
ഈ പ്രശ്‌നം ഉള്ളവര്‍ യാത്രകളില്‍ കഴിവതും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുത്. അയഞ്ഞവസ്ത്രങ്ങളായിരിക്കും യാത്രയ്ക്ക് സൗകര്യപ്രദം.
പാട്ടുകള്‍, ഇടവേളകള്‍
ഇയര്‍ഫോണിലൂടെ പാട്ട് കേള്‍ക്കുക, എം.പി.ത്രീ പ്ലേയര്‍ ഉപയോഗിക്കുക. നിങ്ങളുടെ ഇഷ്ടപാട്ട് അകം ചെവിയുടെ തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും. അതുപോലെ യാത്രക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുക്കുക. പുറത്തേക്കിറങ്ങി കൈയും കാലും നിവര്‍ത്തുക. ബെഞ്ചിലോ മരച്ചുവട്ടിലോ ഇരുന്ന് വായിലൂടെ ആഴത്തില്‍ ശ്വാസം എടുക്കുക. ആയാസം കുറയ്ക്കാന്‍ ഇതൊക്കെ സഹായിക്കും.
നാരങ്ങയും ഇഞ്ചിയും പിന്നെ പുതിനയും
സാധാരണ ഛര്‍ദ്ദിയ്ക്കും മനംപിരട്ടലിനും ഉപയോഗിക്കുന്ന പല മരുന്നുകളും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ഫലപ്രദമായി എന്നു വരില്ല. എന്നാല്‍ ഒരു കഷ്ണം നാരങ്ങ വലിച്ച് കുടിച്ചു കൊണ്ടിരിക്കുന്നത് വളരെയധികം ആശ്വാസം നല്‍കും. അതുപോലെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്. പരമാവധി ഉപ്പ് രസമുള്ള എന്തെങ്കിലും കഴിക്കുക. കൂടാതെ പുതിന ഇലയും മനംപിരട്ടല്‍ ശമിപ്പിക്കാന്‍ നല്ലതാണ്. മറ്റ് മരുന്നകള്‍ക്കുള്ള പാര്‍ശ്വഫലങ്ങള്‍ ഇവയ്ക്കുണ്ടാകില്ല. രണ്ട് ഇലകള്‍ ആദ്യം കഴിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ കഴിക്കാം.
കുട്ടികളെയും ശ്രദ്ധിക്കുക
വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഇത്തരം പ്രശ്നം ഒഴിവാക്കുന്നതിനു പുറത്തേക്ക് കാണാവുന്ന തരത്തിലുള്ള ഉയര്‍ന്ന സീറ്റ് നല്‍കുക. പുറത്തേക്ക് നോക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കളികളില്‍ ഏര്‍പ്പെടുക. വാഹനത്തിലിരുന്ന് സിനിമകള്‍ കാണാന്‍ കുട്ടികളെ അനുവദിക്കരുത്.