പല്ല് തേയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണ് നാവ് വടിക്കലും. നമ്മളിൽ പലരും പല്ല് തേയ്ക്കാറുണ്ട്. പക്ഷേ, നാവ് വടിക്കുന്നത് പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഒരു മാസത്തേക്ക് നാവ് വടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. പലരും അവഗണിക്കുന്ന ഈ ദൈനംദിന ശീലം മൊത്തത്തിലുള്ള ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
ദിവസവും നാവ് വൃത്തിയാക്കുന്നത് ബാക്ടീരിയകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, അതിന്റെ ഉപരിതലത്തിൽ സ്വാഭാവികമായി അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതൊക്കെ നിസാരമാണെന്ന് തോന്നുമെങ്കിലും ഭാവിയിൽ അവ ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കും.
ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ് സ്ക്രേപ്പർ കൊണ്ടോ നാവ് വടിക്കാവുന്നതാണ്. ഇങ്ങനെ ദിവസവും നാവ് വടിക്കുന്നത് വായ്‌നാറ്റം തടയാനും, നാവിന്റെ രുചി അറിയാനുള്ള കഴിവ് വർധിപ്പിക്കാനും, വായിലെ ദോഷകരമായ ബാക്ടീരിയകളുടെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുകയും ചെയ്യും.
30 ദിവസത്തിൽ കൂടുതൽ നാവ് വടിക്കാതിരുന്നാൽ, നാവിന്റെ ഉപരിതലത്തിൽ ബാക്ടീരിയകൾ പെരുകും. ഇത് സ്ഥിരമായി വായ്നാറ്റത്തിന് കാരണമാകും. രുചിമുകുളങ്ങൾ അടഞ്ഞുപോവുകയും രുചി അറിയാനുള്ള കഴിവ് കുറയുകയും ചെയ്യും. നാവിൽനിന്നുള്ള ബാക്ടീരിയകൾ മോണയിലേക്ക് പടരുന്നതിനാൽ പീരിയോൺഡൈറ്റിസ് രോഗത്തിനുള്ള സാധ്യത വർധിക്കും. ചില സന്ദർഭങ്ങളിൽ, നാവിന്റെ ശുചിത്വക്കുറവ് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ജിഇആർഡി പോലുള്ള ദഹന പ്രശ്നങ്ങൾക്ക് പോലും കാരണമായേക്കാം.
വിട്ടുമാറാത്ത അണുബാധകൾ, വീക്കം, മോണരോഗങ്ങൾ എന്നിവ ഉണ്ടാകുന്നു. കാലക്രമേണ, നാവിൽ മാത്രം ഒതുങ്ങിനിൽക്കാതെ രോഗകാരികളുടെ പ്രജനന കേന്ദ്രമായി വായയിൽ നിന്നും മാറി കുടലിലേക്കും ബ്ലഡ്സ്ട്രീമിലേക്കും എത്തി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ആരോഗ്യകരമായ ദഹന പ്രക്രിയ ആരംഭിക്കുന്നത് വായിൽ നിന്നാണെന്നും നാവ് വൃത്തിയാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.