in , ,

എന്താണ്‌ മസ്തിഷ്കാഘാതം

Share this story

ഭൂരിപക്ഷം രോഗികൾക്കും സ്‌ട്രോക്കിനു കാരണം രക്തക്കുഴലിനകത്ത്‌ രക്തം കട്ടപിടിച്ച്‌ കുഴലടഞ്ഞുപോകുന്നതാണ്‌. അടഞ്ഞാൽ ആ ഭാഗം പ്രവർത്തനരഹിതമാകുന്നു. ഒരു ഭാഗത്തിന്റെ നിയന്ത്രണം ഇല്ലാതാകുന്നു. നാഡീകോശങ്ങൾക്ക്‌ രക്തംകിട്ടാതെ വന്നാൽ പിടിച്ചുനിൽക്കാൻ സാധിക്കുക മൂന്നു മിനിറ്റ്‌ മാത്രം. പിന്നീടങ്ങോട്ട്‌ ലക്ഷോപലക്ഷം നാഡീകോശങ്ങൾ പ്രവർത്തനരഹിതമാകാൻ തുടങ്ങും. സ്‌ട്രോക്ക്‌ ഉണ്ടായി ചികിത്സനൽകാൻ വൈകുംതോറും മസ്തിഷ്കകോശത്തിന്റെ നാശത്തിന്റെ അളവ്‌ കൂടും. Time is Brain എന്നു പറയാൻ കാരണമിതാണ്‌.  പ്രധാനപ്പെട്ട ആദ്യത്തെ കാര്യം ഇത്‌ സ്‌ട്രോക്ക്‌ ആണെന്നു തിരിച്ചറിയലാണ്‌. രണ്ടാമത്തെ കാര്യം സ്‌ട്രോക്കിന്റെ നൂതന ചികിത്സകൾ ലഭ്യമായ ആധുനികസംവിധാനമുള്ള ആശുപത്രിയിലേക്ക്‌ ഒട്ടും താമസിയാതെ രോഗിയെ കൊണ്ടുപോകുക എന്നതാണ്‌. അടിയന്തര ചികിത്സ

ഏറിയാൽ നാലര മണിക്കൂറിനകവും സാധിക്കുന്നത്ര നേരത്തേയുമാണ്‌ രോഗിയെ പരിശോധിച്ച്‌ സ്‌ട്രോക്ക്‌ ആണെന്ന്‌ ഉറപ്പു വരുത്തേണ്ടത്‌. രക്തക്കുഴൽ അടഞ്ഞതുതന്നെയാണോ കാരണം എന്നു സ്ഥിരീകരിക്കണം. മറ്റസുഖങ്ങളുണ്ടെങ്കിൽ അതിന്റെ അവസ്ഥകൾ ഉറപ്പുവരുത്തണം. രക്തക്കട്ട അലിയിക്കാനുള്ള ടി.പി.എ. കുത്തിവെപ്പ്‌ നൽകണം(Thrombolysis). രക്തക്കട്ട അലിഞ്ഞ്‌ കുഴൽ തുറക്കുകയാണെങ്കിൽ രോഗിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക്‌ വ്യക്തമായ മാറ്റമുണ്ടാകും. ഇത്‌ എല്ലാവർക്കും പക്ഷേ, ബാധകമല്ല. സ്‌ട്രോക്ക്‌ രോഗികൾക്ക്‌ ചെയ്യുന്ന വിശേഷാൽ ചികിത്സയാണ്‌ മെക്കാനിക്കൽ ത്രോമ്പക്‌ടമി.

ഇത്‌ ആദ്യത്തെ ആറ്‌ മണിക്കൂറിനുള്ളിൽ ചെയ്യുന്നതാണ്‌ ഏറ്റവും അഭികാമ്യം. രക്തക്കുഴലിനകത്തേക്ക്‌ ചെറിയ കത്തീറ്ററുകൾ കടത്തി കുഴൽ, മസ്തിഷ്കത്തിലെ രക്തക്കുഴലിന്റെ അടഞ്ഞയിടംവരെ എത്തിച്ച്‌ രക്തക്കട്ടയെ വലിച്ചുനീക്കി പുറത്തെടുത്ത്‌ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്ന രീതിയാണിത്‌. ഇത്‌ വിജയകരമായി ചെയ്യാൻ കഴിഞ്ഞാൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ മാറുകയോ മെച്ചപ്പെടുകയോ ചെയ്യും. രോഗനിർണയം, അലിയിക്കാനുള്ള മരുന്ന്‌, അതിന്‌ കഴിയാതിരുന്നാൽ കത്തീറ്റർ കയറ്റി കട്ട നീക്കം ചെയ്യൽ എന്നിങ്ങനെയുള്ള മൂന്നു കാര്യങ്ങളും ഒരുമിച്ചാണ്‌ പ്ളാൻ ചെയ്യേണ്ടതും പ്രാവർത്തികമാക്കേണ്ടതും. തുടർചികിത്സ

പ്രമേഹം, രക്തസമ്മർദം തുടങ്ങി അനുബന്ധ അസുഖങ്ങളുടെ ചികിത്സ, വീണ്ടും കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ, ബലക്കുറവ്‌ തുടരുന്നവർക്ക്‌ തുടക്കത്തിൽത്തന്നെ ഫിസിയോതെറാപ്പി, പെട്ടെന്നുണ്ടാകുന്ന സ്‌ട്രോക്കിനെ തുടർന്നുണ്ടാകാവുന്ന സാമൂഹിക, വൈയക്തിക, സാമ്പത്തിക സമ്മർദങ്ങളുണ്ടാക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള കൗൺസലിങ്‌, വിഷാദചികിത്സ, തീരെ നിനച്ചിരിക്കാതെ വന്ന അസുഖത്തെ ഫലപ്രദമായി നേരിട്ട്‌ രോഗിയെ എത്രത്തോളം രോഗപൂർവാവസ്ഥയിലേക്ക്‌ എത്തിക്കാനുള്ള തീവ്രശ്രമം. ഇവയെല്ലാം ചികിത്സയിൽ ഉൾപ്പെടുന്നു.

രക്തക്കുഴൽ പൊട്ടി തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം, രക്തക്കുഴലിന്റെ ഭിത്തി ബലൂൺപോലെ വീർത്തുപൊട്ടുന്ന അനൂറിസം, രക്തക്കുഴലുകൾ കൂടിപ്പിണഞ്ഞുകിടക്കുന്ന എ.വി.എം. എന്ന അസുഖങ്ങൾ, ഇതെല്ലാം സ്‌ട്രോക്ക്‌ തന്നെയാണ്‌. മുകളിൽ വിവരിച്ച ചികിത്സ ഇത്തരം സ്‌ട്രോക്കുകളിലും നടപ്പാക്കാം. അടിയന്തര ചികിത്സയുടെ ഭാഗമായ രോഗനിർണയത്തിന്‌ ഏതുതരം സ്‌ട്രോക്ക്‌ ആണെന്ന്‌ മനസ്സിലാക്കാനും അതനുസരിച്ച്‌ തീരുമാനം എടുക്കാനും കഴിയും.

ബ്രെയിന്‍ ട്യൂമര്‍ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങള്‍

പ്രസവം സിസേറിയനായിരുന്നോ എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ