ലോകമെമ്പാടും ശരാശരി 30 ദശലക്ഷം പേർക്ക് ആസ്ത്മരോഗം വരുന്നതായാണ് കണക്ക്. പ്രായഭേദമന്യേ വരുന്ന ഈ രോഗം ചികിത്സാചെലവ് വർദ്ധിക്കുന്നതിനും, ധനനഷ്ടത്തിനും, ജോലിയിൽ നിന്നും പഠനത്തിൽ നിന്നും വിട്ടുനിൽക്കലിന്, കുറഞ്ഞ ജീവിത നിലവാരത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് ഇന്ത്യയെപോലെയുള്ള വികസ്വരരാജ്യങ്ങളിൽ വർധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണം, അമിതവണ്ണം പോലെയുള്ള ജീവിതശൈലീ രോഗങ്ങൾ എന്നിവ ആസ്ത്മ രോഗം കൂടിവരുന്നതിന് കാരണമാകും.
ഈ രോഗത്തെപ്പറ്റിയുള്ള വ്യക്തമായ അറിവ് നൽകുന്നതിനും, ചികിത്സാക്രമങ്ങളെപ്പറ്റിയുള്ള മിഥ്യകൾ മാറ്റുന്നതിന്, ആസ്ത്മ മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനുമായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, നാഷണൽ ഹാർട്ട് ലങ്ങ് ആൻഡ് ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, യൂണൈറ്റഡ് സ്റ്റേയ്റ്റ്സ് ഓഫ് അമേരിക്ക എന്നിവ ചേർന്ന് 1993 ൽ രൂപവത്കരിച്ച ഒരു സംഘടനയാണ് ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA). ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ച ലോക ആസ്ത്മദിനമായി ആചരിക്കുന്നു.
ആസ്തമ ശ്വാസകോശത്തെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത നീർവിക്കരോഗമാണ്. ഈ അസുഖംമൂലം വായു നാളങ്ങളുടെ ഭിത്തിയിലെ മാംസപേശികൾ ചുരുങ്ങുകയും നീർവീക്കം ഉണ്ടാകുകയും അമിതമായ കഫം ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ ആസ്തരോഗിക്ക് ശ്വാസ തടസ്സം, ചുമ, കുറുങ്ങൽ, അണപ്പ്, നെഞ്ചിനുള്ളിൽ പിടുത്തം എന്നിവ അനുഭവപ്പെടാം. ആസ്ത്മരോഗികളിൽ അനവധി പേർക്ക് അലർജിയുടെ ലക്ഷണങ്ങളായ തുമ്മൽ, ചെവി/ തൊണ്ട/ മൂക്ക്/ കണ്ണ് ചൊറിച്ചിൽ, മൂക്കൊലിപ്പ് എന്നിവ അനുഭവപ്പെടാം. ആസ്‌മയുടെ പ്രേരകങ്ങൾ വാസസ്ഥലം, പരിസരങ്ങൾ, ശീലങ്ങൾ, തൊഴിൽ എന്നിവയുമായി ബന്ധമുള്ളതാണ്. ആയതിനാൽ പൂമ്പൊടി, പുക, വീട്ടിനുള്ളിലെ പൊടി, വളർത്ത് മൃഗങ്ങൾ, അന്തരീക്ഷ മലിനീകരണം. ആസ്‌പിരിനും വേദനസംഹാരികളും പോലെയുള്ള മരുന്നുകൾ, വൈറൽ പനികൾ, പുകവലി, വ്യായാമം, മാനസിക പിരിമുറുക്കം എന്നിവ രോഗം മൂർച്ഛിക്കാനും നിയന്ത്രണ വിധേയമാകാതിരിക്കാനുള്ള കാരണങ്ങൾ ആകുന്നു. ഇവയിൽ ചിലത് പൂർണമായും ഒഴിവാക്കാൻ പറ്റുന്നതും ചിലത് നിയന്ത്രിക്കാവുന്നതുമാണ്.
ചികിത്സിച്ച് പൂർണമായി മാറ്റാൻ കഴിയില്ലെങ്കിലും ശരിയായ ചികിത്സാക്രമങ്ങൾ കൊണ്ടും, ജീവിതരീതിയിലെ മാറ്റങ്ങൾ കൊണ്ടും ആസ്ത്മയെ നിയന്ത്രിക്കാവുന്നതാണ്. ആസ്ത്മയുടെ പ്രേരകങ്ങളെ ഒഴിവാക്കുക അല്ലെങ്കിൽ നിയന്ത്രിക്കുക എന്നതാണ് ചികിത്സയുടെ ആദ്യത്തെ ഘടകം. കൃത്യമായുള്ള മരുന്നുകൾക്ക് രോഗത്തിന്റെ തീവ്രത നിയന്ത്രിക്കാൻ സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം മാറ്റാൻ ഉപയോഗിക്കുന്ന മരുന്നുകളെ റിലീവർ (reliever) എന്ന് പറയും. ആസ്ത്മ നിയന്ത്രിക്കാൻ / പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളെ കോൺട്രോളേഴ്‌സ് (controllers) എന്ന് പറയുന്നു.
ഈ മരുന്നുകളുടെ ഏറ്റവും നല്ല പ്രയോഗരീതി ഇൻഹലേഷൻ വഴി ആണ്. ഈ മരുന്നുകളിലെ പ്രധാനഘടകം സ്റ്റിറോയ്‌ഡ് മരുന്നു കളാണെങ്കിലും അവ ശ്വാസനാളങ്ങളിൽ നേരിട്ട് എത്തുന്നത് മൂലം ചെറിയ ഡോസ് മാത്രമേ വേണ്ടിവരുകയുള്ളു. മാത്രമല്ല അവ വേഗം ഫലിക്കുകയും ചെയ്യും. പ്രതിരോധ മരുന്നുകൾ ശ്വാസനാളങ്ങളിലെ നീർവീക്കം കുറയ്ക്കുവാനും ശ്വാസനാളം വികസിക്കുവാനും കഫം ഒഴിവാക്കുവാനും സഹായിക്കുന്നു. ക്രമത്തിൽ ദീർഘകാലം ഉപയോഗിച്ചാൽ ഇവ ശ്വാസനാളങ്ങളെ സംരക്ഷിക്കുകയും ആസ്ത്മ നിയന്ത്രിതമാക്കുകയും ചെയ്യും. സാധാരണ മരുന്നുകളുടെ 20 ൽ ഒരു അംശം മാത്രമേ ഇൻഹേലർ ചികിത്സയ്ക്ക് ആവശ്യമുള്ളു എന്നതിനാൽ ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗികൾ, പ്രമേഹരോഗികൾ എന്നിവർക്ക് ഏറ്റവും സുരക്ഷിതമായ ചികിത്സ ഇൻഹേലർ മരുന്നുകളാണ്. ഗർഭസ്ഥ ശിശുവിന് ഹാനികരം എന്ന മിഥ്യാധാരണയിൽ ഇൻഹേലർ മരുന്ന് ഉപയോഗിക്കാതെയിരിക്കുന്നത് ആസ്ത്മ നിയന്ത്രണ വിധേയമല്ലാതെയാക്കുകയും കുഞ്ഞിന്റെയും അമ്മയുടെയും ജീവനെ തന്നെ അപകടത്തിൽ ആക്കുകയും ചെയ്യും. ആസ്ത്മയുടെ പ്രേരകങ്ങളെ ഒഴിവാക്കുകയും ക്യത്യമായ ചികിത്സ ഡോക്ടറുടെ നിർദ്ദേശ പ്രകാരം സ്വീകരിക്കുകയും ചെയ്താൽ ആസ്ത്മ നിയന്ത്രിക്കാവുന്നതും സാധാരണ ജീവിതം നയിക്കാവുന്നതുമാണ്.