എല്ലാ വർഷവും മാർച്ച് 21 ന് ലോക ഡൗൺ സിൻഡ്രോം ദിനം ആചരിക്കുന്നു. ഈ രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും നേരത്തേ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനുമൊക്കെ വേണ്ടിയാണ് ലോക ഡൗൺ സിൻഡ്രോം ദിനം ആചരിക്കുന്നത്. രോഗമായല്ല, ഒരു ജനിതക വൈകല്യമായാണ് ഡൗൺ സിൻഡ്രോത്തെ കാണുന്നത് . ക്രോമസോമിലെ വ്യത്യാസം മൂലമാണ് ഇത് ഉണ്ടാകുന്നത്.
2025 ലെ ലോക ഡൗൺ സിൻഡ്രോം ദിനത്തിന്റെ പ്രമേയം “നമ്മുടെ പിന്തുണാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക” എന്നതാണ്. ഡൗൺ സിൻഡ്രോം ഉള്ള വ്യക്തികൾക്ക് ശരിയായ പരിചരണം, വിദ്യാഭ്യാസം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
ഡൗൺസ് സിൻഡ്രോം വ്യക്തമായ മുഖഭാവം, ബുദ്ധിപരമായ വൈകല്യം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് തൈറോയ്ഡ് അല്ലെങ്കിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കാം. 21-ാമത്തെ ക്രോമസോം അധികമായി ഉണ്ടാകുന്നത് ഡൗൺ സിൻഡ്രോമിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ ക്രോമസോം വൈകല്യത്തിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്.
അമ്മയുടെ പ്രായം 35 വയസിൽ കൂടുതലാണെങ്കിൽ കുഞ്ഞിന് ഡൗൺ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത സാധാരണയിൽ നിന്നും കൂടുതലാണെന്ന് പഠനങ്ങളിൽ പറയുന്നു. അപൂർവം ചില സന്ദർഭങ്ങളിൽ അച്ഛന്‌റെയോ അമ്മയുടെയോ ക്രോമസോം തകരാറുമൂലവും ഇങ്ങനെ സംഭവിക്കാറുണ്ട്.
പേശികളുടെ അളവ് കുറയുകയോ മോശമാവുകയോ ചെയ്യുക,കഴുത്തിന്റെ പിൻഭാഗത്ത് അധിക ചർമ്മമുള്ള, നീളം കുറഞ്ഞ കഴുത്ത്,
മുഖത്തിന്റെ പുറംഭാഗവും മൂക്കും പരന്നതാവുക, ചെറിയ തല, ചെവികൾ, മുകളിലേക്ക് ചരിഞ്ഞ കണ്ണുകൾ എന്നിവയെല്ലാം ഡൗൺ സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്.
അപൂർവം ചില സന്ദർഭങ്ങളിൽ അച്ഛന്‌റെയോ അമ്മയുടെയോ ക്രോമസോം തകരാറുമൂലവും ഇങ്ങനെ സംഭവിക്കാറുണ്ട്. കുടുംബത്തിൽ ഡൗൺ സിൻഡ്രോം ബാധിതരുണ്ടെങ്കിലോ ഡൗൺ സിൻഡ്രോമിന്‌റെ ജനിറ്റിക് ട്രാൻസ് ലൊക്കേഷൻ ഉള്ളവരിലോ ഈ അവസ്ഥ കാണപ്പെടാം. ബുദ്ധിമാന്ദ്യം, കേൾവിക്കുറവ്, തിമിരം, തൈറോയ്ഡ് പ്രശ്‌നങ്ങൾ, ഉയരക്കുറവ്, ഇരിക്കാനും നടക്കാനും സംസാരിക്കാനുമുള്ള കാലതാമസം എന്നിങ്ങനെ ചില പ്രശ്‌നങ്ങൾ ഇവരിൽ കാണുന്നുണ്ട്.
95 ശതമാനം ഡൗൺസിൻഡ്രോം കേസുകളും ഗർഭാവസ്ഥയിൽ കണ്ടെത്താനാകുമെന്ന് വിദഗ്ധർ പറയുന്നു. രക്തപരിശോധനയും സ്കാനിംഗുമാണ് രോഗനിർണയ പരിശോധനകളായി ചെയ്യുന്നത്.