40 വയസ്സിനു ശേഷം പലരിലും ആരോഗ്യം ക്ഷയിച്ച് തുടങ്ങുകയും രോഗങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് പുരുഷന്മാരില് ഹ്യദ്രോഗവും മറ്റും തല പൊക്കുന്നത് ഈ ഘട്ടത്തിലാണ്. അതിനാല്‍ ഈ പ്രായത്തില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും കാത്തു സൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. 40 വയസ്സ് പിന്നിട്ട പുരുഷന്മാരുടെ ഭക്ഷണക്രമത്തില്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് ഹെല്‍ത്ത് ബിഫോര്‍ വെല്‍ത്ത് സ്ഥാപകയായ ന്യൂട്രീഷനിസ്റ്റ് സപ്ന ജയ്സിങ് പട്ടേല്‍ എച്ച്ടി ലൈഫ്സറ്റൈലിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം
ദഹനസംവിധാനം ആരോഗ്യത്തോടെ ഇരിക്കേണ്ടത് പ്രതിരോധ സംവിധാനത്തിന്റെ കരുത്തിന് അത്യാവശ്യമാണ്. ഇതിനായി ദഹനസംവിധാനത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹ്യദ്രോഗത്തിന്റെയും ടൈപ്പ് 2 പ്രമേഹത്തിന്റെയും സാധ്യതയും കുറയ്ക്കും. ബ്ലാക്ക് ബീന്‍സ്, ഗ്രീന്‍പീസ്, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍, ഓട്സ്, റാസ്പ്ബെറി, ക്വിനോവ, പച്ചിലകള്‍, നട്സ്, ആല്‍മണ്ട്. പോളിഷ് ചെയ്യാത്ത അരി എന്നിവയെല്ലാം ഉയര്‍ന്ന ഫൈബര്‍ തോത് അടങ്ങിയതാണ്.
സോഡിയം കുറവുളള ഭക്ഷണം
വാഴപ്പഴം, ചീര പോലുളളവ പൊട്ടാസ്യം തോത് ശരീരത്തില്‍ വര്‍ധിപ്പിക്കുന്നു. പൊട്ടാസ്യം തോത് ഉയരുമ്പോള്‍ സോഡിയം തോത് കുറച്ച് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിക്കും.
സാച്ചുററ്റഡ് കൊഴുപ്പ് ഒഴിവാക്കാം
റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് പാല്, പാലുത്പന്നങ്ങള്‍ എന്നിവയില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. പശുവിന് പാലില്‍ നിന്നുണ്ടാക്കിയ നെയ്യ് ദിവസം പരമാവധി അഞ്ച് മില്ലി എന്ന തോതില്‍ ഉപയോഗിക്കാം.
പ്രതിരോധശേഷി വര്‍ധിപ്പിക്കാനുളള ഭക്ഷണങ്ങള്‍
കാഥ പോലെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ വിഭവങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ചുക്ക്, തുളസി, അശ്വഗന്ധ, ജീരകം, മഞ്ഞള്‍ തുടങ്ങിയവയും പ്രതിരോധ ശക്തി വര്‍ധിപ്പിക്കും.
പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണം
രകതത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷ്യധാന്യങ്ങളും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കണം. ഫൈബര്‍ സമ്പുഷ്ടമായ ബാര്‍ലി പോലുളള ധാന്യങ്ങള്‍ നാല്പതു കഴിഞ്ഞവര്‍ക്ക് ഉത്തമമാണ്.