- Advertisement -Newspaper WordPress Theme
HEALTHപ്രാണികളുടെ കടിയേറ്റാല്‍;ചെയ്യേണ്ട കാര്യങ്ങള്‍

പ്രാണികളുടെ കടിയേറ്റാല്‍;ചെയ്യേണ്ട കാര്യങ്ങള്‍

ചിലന്തി, ഉറുമ്പ്, കടന്നല്‍, തേള്‍ തുടങ്ങിയ വിഷജന്തുക്കളെ ആയുര്‍വേദം കീടമായാണ് പരിഗണിക്കുന്നത്. 167 തരം കീടങ്ങളാണുള്ളത്. ഏതു കീടമാണ് കടിച്ചത് എന്നത് കടിയേറ്റവരില്‍ നിന്നുതന്നെ മിക്കവാറും മനസ്സിലാക്കാന്‍ സാധിക്കാറുണ്ട്.

കടിയുടെ സ്വഭാവം, വ്രണലക്ഷണം, ഇതര ലക്ഷണങ്ങള്‍ എന്നിവയൊക്കെ നോക്കിയാണ് ഏതുതരം കീടമാണെന്ന് തീര്‍ച്ചപ്പെടുത്തുന്നത്. എങ്കിലും രോഗപ്രതിപ്രവര്‍ത്തനം നിമിത്തവും ( allergic reaction ) എന്താണ് കടിച്ചതെന്ന് അറിയാത്ത സന്ദര്‍ഭങ്ങളിലും സ്ഥിതി മറിച്ചാകും. ഏതു തരത്തിലായാലും സമാശ്വസിപ്പിക്കുക എന്നതാണ് ഏതുവിഷ ചികിത്സയിലും പ്രഥമവും പ്രധാനവുമായ കാര്യം. കാരണം ആധി രോഗത്തെ വഷളാക്കുന്നു. വിഷത്തിന്റെ ത്വരിത ചംക്രമണത്തിന് അത് കാരണവുമാകുന്നു.

പ്രാഥമിക ചികിത്സയില്‍ ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം കടിച്ച ജീവിയുടെ കൊമ്പ് എന്തെങ്കിലും കടിയേറ്റ സ്ഥലത്ത് ശേഷിക്കുന്നുണ്ടോ എന്ന് തിരിച്ചറിയലാണ്. ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. അതിനുശേഷം കടിയേറ്റ സ്ഥലത്തെ രക്തം നീക്കം ചെയ്യണം. പ്രത്യേകിച്ചും

ചിലന്തിയുടെ കടിയേറ്റതാണെങ്കില്‍.

കടിയേറ്റതിനെത്തുടര്‍ന്ന് ആ ഭാഗത്തുണ്ടായ നീര്‍ക്കെട്ട് ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ക്ക് യഥാക്രമം ലേപനങ്ങള്‍ പുരട്ടുകയാണ് വേണ്ടത്. സാമാന്യമായ വിഷം തീക്ഷ്ണ സ്വഭാവവും ഉഷ്ണഗുണമുള്ളതുമാണ്. അതിനാല്‍ രക്തചംക്രമണത്തിലൂടെ വേഗത്തില്‍ വ്യാപിക്കാന്‍ ഇടയുള്ളതുകൊണ്ട് ശീതമാണ് പഥ്യം. ഇതിനായി ഐസ്പാക്ക് ചെയ്യണം. വിഷവ്യാപ്തി കുറയ്ക്കുന്നതിനും ശരീരത്തിലെത്തുന്ന വിഷം കളയുന്നതിനുമായി വില്വാദിയോ ദൂഷിവിഷാരി അഗദം മുതലായ ലഘു ഔഷധങ്ങള്‍ ഉപയോഗിക്കാം.

ഒറ്റമൂലികള്‍

കടന്നല്‍, തേനീച്ച എന്നിവ കുത്തിയാല്‍ യഥാക്രമം ചുണ്ണാമ്പും നാരങ്ങാനീരും പുരട്ടാം.

കടന്നല്‍ കുത്തിയാല്‍ മുക്കുറ്റിയില്‍ വെണ്ണയോ നെയ്യോ ചേര്‍ത്ത് ലേപനമിടുക.

തേള്‍വിഷത്തിന് മഞ്ഞള്‍, മരമഞ്ഞള്‍ ഇവ തുളസിനീരില്‍ അരച്ചിടുക.

പഴുതാര കടിച്ചാല്‍ സാമാന്യ വിഷചികിത്സയ്ക്ക് വിഭിന്നമായി ഉഷ്ണക്രിയയാണ് ചെയ്യേണ്ടത്. ഇതിനായി മണല്‍കിഴി കൊണ്ട് ചൂടുവെക്കുക.

അട്ട/ കീടങ്ങള്‍ എന്നിവ കടിച്ചാല്‍ നറുനീണ്ടിയും മഞ്ഞളും ചേര്‍ത്ത് നെയ്യില്‍ മൂപ്പിച്ച് പുരട്ടുക.

തേള്‍ കുത്തിയാല്‍ അര്‍ക്കത്തിന്റെ ഇലയും നെയ്യും ഉപ്പും ചേര്‍ത്ത് ചൂടാക്കി ഉഴിയുക.

സാമാന്യമായ മറ്റ് കീടങ്ങള്‍ മൂലമുള്ള അസ്വസ്ഥതകള്‍ അകറ്റാന്‍ മുരിങ്ങയില ചതച്ച് പുരട്ടുക

ലക്ഷണത്തിന്റെ വ്യാപ്തിയും രോഗീബലവും മനസ്സിലാക്കി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme