- Advertisement -Newspaper WordPress Theme
Blogഎ ഐ ടൂളുകൾ നമ്മുടെയൊക്കെ പണി കളയുമോ ?

എ ഐ ടൂളുകൾ നമ്മുടെയൊക്കെ പണി കളയുമോ ?

എ ഐ ടൂളുകളുടെ വർധിച്ചുവരുന്ന ഉപയോഗം, നമ്മുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാകുമോ എന്ന ചോദ്യം വ്യാപകമായി ഉയരുന്ന ഒന്നാണ്. മനുഷ്യരെ തഴഞ്ഞ് സാങ്കേതികവിദ്യ ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചകൾ തുടക്കം മുതൽക്കേ സംവാദങ്ങൾക്കാണ് വഴിതുറക്കാറുള്ളത്. ഇപ്പോഴിതാ ബ്രിട്ടനിൽ നടന്ന ഒരു സർവേ ആളുകൾ എ ഐ സാങ്കേതികവിദ്യയെ ഭയത്തോടെയും, ഉയർന്ന സമ്മർദ്ദത്തോടെയുമാണ് നോക്കികാണുന്നത് എന്ന് വ്യക്തമാക്കുന്നു.

സർവേ പ്രകാരം, പങ്കെടുത്തവരിൽ പകുതിയിലധികം പേരും എ ഐ തങ്ങളുടെ ജോലിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്കാകുലരാണ്. സമീപകാലത്ത്, BT, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ എ ഐ യിലെ പുരോഗതി കാരണം തങ്ങളുടെ ചില ജോലികൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നൽകിയ സൂചനകളും, പിന്നാലെ വന്ന മാസ് ലേ ഓഫുകളുമാണ് ഈ ആശങ്കകളുടെ അടിസ്ഥാന കാരണം.

തൊഴിലാളികളുടെ ആശങ്കകൾ

ട്രേഡ്സ് യൂണിയൻ കോൺഗ്രസിന് (TUC) വേണ്ടി നടത്തിയ സർവേയിൽ പങ്കെടുത്ത 2,600 പേരിൽ 51% പേരും എ ഐ-യെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. ഇതിൽ പ്രധാനമായും ഭയപ്പെടുന്നത് തൊഴിൽ നഷ്ടവും നിലവിലെ ജോലി സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളുമാണ്. പ്രത്യേകിച്ചും 25-നും 34-നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് ഈ ആശങ്ക കൂടുതൽ. ഈ പ്രായപരിധിയിലുള്ള 62% പേരും എ ഐ കാരണം തങ്ങളുടെ ജോലിയെക്കുറിച്ച് ആശങ്കാകുലരാണെന്ന് കണ്ടെത്തി.

ബ്രിട്ടനിലെ തൊഴിൽ വിപണി ഇപ്പോൾത്തന്നെ മാന്ദ്യത്തിലാണ്. തൊഴിലില്ലായ്മ നിരക്ക് നാല് വർഷത്തെ ഉയർന്ന നിലയായ 4.7% എത്തിനിൽക്കുന്നു. സാമ്പത്തിക വിദഗ്ദ്ധർ എ ഐ-യുമായി ഇതിന് നേരിട്ടുള്ള ബന്ധമില്ലെന്ന് പറയുന്നുണ്ടെങ്കിലും, ഈ സാഹചര്യം തൊഴിലാളികളുടെ ആശങ്ക വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ട്.

എ ഐ-യെ എങ്ങനെ കൈകാര്യം ചെയ്യണം?

എ ഐ സാങ്കേതികവിദ്യ തൊഴിലാളികൾക്കും സമൂഹത്തിനും വലിയ ഗുണങ്ങൾ സംഭാവന ചെയ്യുമെന്നാണ് TUC വിശ്വസിക്കുന്നത്. എന്നാൽ, ഇത് ശരിയായ രീതിയിൽ നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. എ ഐ സാങ്കേതിവിദ്യ സ്ഥാപനങ്ങളിൽ നടപ്പാക്കുമ്പോൾ, തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും ഈ പ്രക്രിയയിൽ ഉൾപ്പെടുത്തണമെന്ന് TUC സർക്കാരിനോട് ആവശ്യപ്പെടുന്നു.

തൊഴിലാളികളുടെ പങ്കാളിത്തം: സർവേയിൽ പങ്കെടുത്ത 50% പേരും എ ഐ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ തൊഴിലാളികൾക്ക് അഭിപ്രായം പറയാൻ അവകാശം വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേവലം കമ്പനികൾക്ക് മാത്രം വിട്ടുകൊടുക്കാനുള്ള വിഷയമല്ലെന്നാണ് അവരുടെ നിലപാട്.

‘ഡിജിറ്റൽ ഡിവിഡന്റ്’: എ ഐ വഴി ലഭിക്കുന്ന ഉത്പാദനക്ഷമതയുടെ നേട്ടങ്ങൾ തൊഴിലാളികൾക്കും ലഭിക്കണം. ഇതിനെ ‘ഡിജിറ്റൽ ഡിവിഡന്റ്’ എന്നാണ് TUC വിശേഷിപ്പിക്കുന്നത്. കമ്പനികൾ ഈ നേട്ടം തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുന്നതിനും, നൈപുണ്യ വികസന പരിശീലനം നൽകുന്നതിനും, ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കണം.

ഭാവിയുടെ വെല്ലുവിളികൾ

എ ഐ വിപ്ലവം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ സാമൂഹിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് TUC മുന്നറിയിപ്പ് നൽകുന്നു. തൊഴിലുകൾ ഇല്ലാതാകുകയോ നിലവാരം കുറയുകയോ ചെയ്യുമ്പോൾ, ഒരു കൂട്ടം ആളുകൾ മാത്രം കൂടുതൽ സമ്പന്നരാവുകയും അത് സമൂഹത്തിൽ വലിയ അസമത്വത്തിന് വഴിതെളിയിക്കുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme