in

ഇന്ന് ലോക ഉറക്ക ദിനം

Share this story

ഇന്ന് മാര്‍ച്ച് 18. ലോക ഉറക്ക ദിനം (World Sleep Day). ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് ഈ ദിനത്തില്‍ ചര്‍ച്ചയാകുന്നത്. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2008 മുതല്‍ ലോക ഉറക്ക ദിനം ആചരിച്ച് വരുന്നു.

തിരക്കേറിയ ലോകത്ത് ഉറക്കത്തിനേക്കാള്‍ ഉറക്കമില്ലായ്മയെക്കുറിച്ചാണ് ചര്‍ച്ചയാകേണ്ടത്. കാരണം എല്ലാവരും ജോലി തിരക്കുകളിലും ജീവിത പ്രശ്‌നങ്ങളിലും ഉറക്കമില്ലാതെ അലയുന്നവരാണ്. ഉറക്കത്തിന്റെ താളം തെറ്റിയാല്‍ അത് ജീവിതത്തിന്റെ താളവും തെറ്റിക്കും.

ജോലി തിരക്കോ ജീവിത പ്രശ്‌നമോ ഒന്നും അല്ലാതെ ഫോണിലും ടെലിവിഷനിലും കമ്പ്യൂട്ടറിലും മുഴുകി ഉറക്കത്തിനെ ഒഴിവാക്കുന്നവരുണ്ട്. വായുവും വെള്ളവും ഭക്ഷണവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ഉറക്കവും.

ഓരോരുത്തര്‍ക്കും പ്രായവും ലിംഗവും സാഹചര്യവും അനുസരിച്ച് ഉറക്കവും വ്യത്യസ്തമായിരിക്കും. മുതിര്‍ന്ന ഒരു മനുഷ്യന് ഏഴു മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറക്കം ആവശ്യമുണ്ട്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. രക്തസമ്മര്‍ദ്ദം, മാനസിക പ്രശ്‌നങ്ങള്‍ ഇതൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്.

ഒരു കൂട്ടം ആരോഗ്യ വിദഗ്ധരും ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയിലെ അംഗങ്ങളും ചേര്‍ന്നാണ് ലോക ഉറക്ക ദിനത്തിന്റെ വാര്‍ഷിക സന്ദര്‍ഭം കണ്ടെത്തിയത്. സമൂഹത്തിലെ ഉറക്ക പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉറക്ക അസ്വസ്ഥതകളെക്കുറിച്ചും ഉറങ്ങാതിരിക്കുന്നതിനെക്കുറിച്ചുള്ള അവയുടെ വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഉറക്ക തകരാറുകളുടെ സാമൂഹിക വശങ്ങള്‍ക്കും ലോക ഉറക്ക ദിനം ഊന്നല്‍ നല്‍കുന്നു.

‘Quality Sleep, Sound Mind, Happy World എന്നതാണ് 2022 ലെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. ഈ വിഷയത്തില്‍ ഉറക്കത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഒരു വ്യക്തിക്ക് എല്ലാ രാത്രിയിലും കുറഞ്ഞത് 7-8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളും അമിതവണ്ണവും തടയാന്‍ നല്ല ഉറക്കം ശരീരത്തെ സഹായിക്കുന്നു. ഇത് നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.

രാത്രിയില്‍ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍…

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കാന്‍ ഉറക്കം ഏറ്റവും നല്ല രീതിയില്‍ സഹായം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഡോപാമൈന്‍, സെറോടോണിന്‍ തുടങ്ങിയ സന്തോഷകരമായ ഹോര്‍മോണുകളുടെ പ്രകാശനം മൂലം മാനസികാവസ്ഥ ഉയര്‍ത്താന്‍ ഇത് സഹായിക്കുന്നു.

  1. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകള്‍ ഓഫ് ചെയ്യുക.
  2. നേരത്തെ അത്താഴം കഴിക്കാന്‍ ശ്രമിക്കുക.
  3. പകല്‍ സമയത്ത് വ്യായാമം ചെയ്യുക.
  4. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
  5. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചമോമൈല്‍ ചായ (Chamomile tea) കുടിക്കുക.
  6. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക.
  7. കുറഞ്ഞ കാര്‍ബുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
  8. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.

രാവിലെ മുഖത്തിന് വേണം ഈ രണ്ട് കാര്യങ്ങള്‍

വയറിലെ കൊഴുപ്പിനെ ഉരുക്കി കളയുന്ന സൂപ്പര്‍ ഫുഡ്‌സ് ഇതാ