ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ എല്ലാവരിലും കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കൊളസ്‌ട്രോൾ. വ്യായാമക്കുറവ് കൊളസ്ട്രോളിന് കാരണമാണെങ്കിലും ചെറിയ ചില ഭക്ഷണക്രമങ്ങളിലൂടെ ഒരു പരിധി വരെ കൊളസ്ട്രോളിനെ നമുക്ക് നിയന്ത്രിക്കാനാകും. ചില പദാർത്ഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഭക്ഷണത്തിൽ റാഗി ഉൾപ്പെടുത്തുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഗോതമ്പിന് പകരമായി ഉപയോഗിക്കാവുന്ന ധാന്യമാണ് ജോവർ.
ജോവറിലെ നാരുകൾ രക്തത്തിലെ ചീത്ത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ചപ്പാത്തിയും റൊട്ടിയുമൊക്കെ ഉണ്ടാക്കാനുപയോഗിക്കുന്ന ഒരു ധാന്യമാണ് ബജ്‌റ. ബജ്റ പതിവായി കഴിക്കുന്നത് മലബന്ധം കുറയ്ക്കാൻ സഹായിക്കും. ഫോക്‌സ്‌ടെയിൽ മില്ലറ്റിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ ബി1, മഗ്നീഷ്യം, നാരുകൾ എന്നിവ ധാരാളമുണ്ട്. പ്രമേഹം നിയന്ത്രിക്കാനും രക്തത്തിൽ അടങ്ങിയിരിക്കുന്ന അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കും.
കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുള്ള ധാന്യമാണ് കോഡോ മില്ലറ്റ്. ഇത് കൊഴുപ്പില്ലാതെ തന്നെ ആവശ്യവസ്തുക്കൾ ശരീരത്തിലെത്തിക്കും. മില്ലറ്റ് വിഭാഗത്തിൽപ്പെട്ടവയെല്ലാം നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നവയാണ്. അരി കൊണ്ടുണ്ടാക്കുന്ന മിക്ക പലഹാരങ്ങളും ഈ ചെറുധാന്യങ്ങൾ ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കാവുന്നതാണ്. ഇവ ഉപയോഗിച്ച് ദോശ, പുട്ട്, ചപ്പാത്തി, റൊട്ടി എന്നിവ ഉണ്ടാക്കുന്നത് നമ്മുടെ തനത് ഭക്ഷണശൈലി മാറ്റാതെ തന്നെ നമ്മെ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കെത്തിക്കാൻ സഹായിക്കും.