വിരലുകളില്‍ മുറിവുണ്ടാക്കാതെ ഗ്ലൂക്കോസ് പരിശോധിക്കാനുള്ള പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വ വിദ്യാപീഠത്തിലെ ഗവേഷകര്‍. വീട്ടിലിരുന്ന് തന്നെ എതൊരാള്‍ക്കും ഗ്ലൂക്കോസ്, ബി.പി, ഹാര്‍ട്ട് റേറ്റ്, ബ്ലഡ് ഓക്സിജന്‍, ശ്വാസോച്ഛ്വാസ നിരക്ക്, 6 ലീഡ് ഇസിജി തുടങ്ങിയ 6 പരിശോധനകള്‍ നടത്താന്‍ കഴിയുന്ന ഉപകരണമാണ് അമൃത വിശ്വ വിദ്യാപീഠത്തിന്റെ സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്ക്സ് ആന്റ് ആപ്ലിക്കേഷന്‍ പുതിയതായി വികസിപ്പിച്ചെടുത്തത്.
ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഈ ഉപകരണം പ്രമേഹരോഗികള്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും വളരെയധികം പ്രയോജനപ്പെടുന്നതാണ്. ഈ ഉപകരണം വീടുകളില്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ്. വേദന വളരെ കുറവായിരിക്കുമെന്നാണ് പ്രത്യേകത. സ്വയം പരിശോധന നടത്താവുന്ന ഈ ഉപകരണം അമൃത വിശ്വ വിദ്യാപീഠത്തിന്റെ ഇന്‍ക്യുബേറ്റര്‍ സംരംഭമായ ട്രാന്‍ക്വിലിറ്റി ഐ. ഓ. ടി. ആന്‍ഡ് ബിഗ് ഡാറ്റ സൊലൂഷ്യന്‍സ് ( റ്റിബിസ് ) പ്രൈവറ്റ് ലിമിറ്റഡ് വഴി വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, 77 ദശലക്ഷം ഇന്ത്യക്കാര്‍ പ്രമേഹബാധിതരാണ്. പ്രമേഹരോഗികള്‍ക്ക് ദിവസത്തില്‍ പല പ്രാവശ്യം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോക്കേണ്ടതായി വരാറുണ്ട്. ഇത്തരത്തില്‍ ഓരോ പരിശോധനയ്ക്കും 25 രൂപയോളം ചിലവ് വരുമെന്നത് സാധാരണക്കാരും ദിവസക്കൂലിക്കാരുമായ ആളുകള്‍ക്ക് വളരേയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഈ അവസ്ഥ കണക്കിലെടുത്താണ് ഇത്തരമൊരു പരിശോധനാ ഉപകരണം വികസിപ്പിച്ചെടുക്കാന്‍ അമൃതയിലെ ശാസ്ത്രജ്ഞര്‍ പരിശ്രമം ആരംഭിച്ചത്.
വിരലുകളില്‍ കുത്താതെ ഗ്ലൂക്കോസ് പരിശോധിക്കാനും പരമ്പരാഗതമായ വലിയ ഉപകരണങ്ങള്‍ ഇല്ലാതെ തന്നെ ബിപി പരിശോധിക്കാനുമെല്ലാം അവരവരുടെ വീടുകളില്‍ ഇരുന്ന് തന്നെ കഴിയുന്ന ഈ ഉപകരണം ആരോഗ്യരംഗത്ത് വലിയ മാറ്റത്തിനിടയാക്കുന്നതാണ്. ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് 2019 ല്‍ യു എസ് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. അമൃത വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തില്‍ പരിശോധനകളെല്ലാം നടത്താന്‍ ഒരു ചെറിയ ഫിംഗര്‍ ക്ലിപ്പ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരു മിനിറ്റിനുള്ളില്‍ തന്നെ ഫലങ്ങള്‍ ലഭ്യമാകും. ഈ ഉപകരണം രോഗിയുടെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിച്ചിരിക്കും.
പരിശോധനാ വിവരങ്ങള്‍ ഡോക്ടര്‍ക്ക് അറിയുന്നതിനായി ഡാറ്റ സുരക്ഷിതമായ ഒരു ഹോസ്പിറ്റല്‍ ക്ലൗഡിലേക്കും ലഭ്യമാകും. ഇതിലൂടെ ഏത് രോഗിയുടെയും ആരോഗ്യവിവരങ്ങള്‍ വിദൂരത്ത് നിന്ന് പോലും ഡോക്ടര്‍ക്ക് നിരീക്ഷിക്കാനാകും. ഇതിലൂടെ ഡോക്ടര്‍ക്ക് രോഗിയുടെ അവസ്ഥ കൃത്യസമയത്ത് വിലയിരുത്താനും തുടര്‍ നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി ടെലി കണ്സള്ട്ടേഷന് നല്‍കാനും കഴിയും. കഴിഞ്ഞ 10 വര്‍ഷമായി കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഈ കണ്ടുപിടുത്തങ്ങള്‍ സാധ്യമായത്.
യുഎസിലെ ഫ്ളോറിഡയില്‍ നടന്ന എച്ച്ഐഎംഎസ്എസ് 2019-ല്‍ അമൃതയുടെ ഈ ഉപകരണം പ്രദര്‍ശിപ്പിച്ചിരുന്നു.കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലും കേരളത്തിലെ വിവിധ റിമോട്ട് ക്ലിനിക്കുകളിലുമായി 1000-ലധികം രോഗികളില്‍ ഉപകരണം വഴി പരിശോധന നടത്തി.2021-ല്‍ കൊവിഡ് ഏറ്റവും ഉയര്‍ന്ന സമയത്ത്, കോവിഡ് രോഗികളിലെ തീവ്രത നിരീക്ഷിക്കാന്‍ ഈ ഉപകരണങ്ങള്‍ അമൃത ഹോസ്പിറ്റലില്‍ വിജയകരമായി ഉപയോഗപ്പെടുത്തിയിരുന്നു