മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി. പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ പദ്ധതികളും ഹോംകോയുടെ 18.29 കോടി രൂപയുടെ പുതിയ കെട്ടിടവും ഉള്‍പ്പെടെ 68.64 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തുടക്കമായത്. കോവിഡ് പ്രതിരോധ രംഗത്തും പോസ്റ്റ് കോവിഡ് പരിചരണ രംഗത്തും ആയുഷ് വകുപ്പ് വലിയ സേവനമാണ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ആയുഷ് മേഖലയുടെ വികസനത്തിനും, ബിരുദാനന്തര ബിരുദ പഠനം, ഗവേഷണം എന്നിവയ്ക്കും ഈ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഹോംകോ രണ്ടാം ഘട്ടവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടം ഉദ്ഘാടനവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര ഗുണനിലവാരത്തില്‍ എല്ലാ മാനദണ്ഡങ്ങളും പുതിയ മെഷിനറികളും ഉള്‍പ്പെടുത്തി പുതിയ ഫാക്ടറി തുടങ്ങാന്‍ ഈ സര്‍ക്കാര്‍ 52.88കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 18.29 കോടി രൂപയുടെ ഫാക്ടറി കെട്ടിടമാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. പുതിയ ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടു കൂടി വിദേശ കയറ്റുമതി വര്‍ദ്ധിക്കും.