in ,

കോവിഡ് 19 വയറസിനു മുന്നില്‍ പെട്ടുപോയ മനുഷ്യര്‍; നാം ഒറ്റയ്ക്കല്ല, ഈ ലോകം ഒരുമിച്ചുണ്ട്….

Share this story

രേണുകാ മേനോന്‍

ലോകചരിത്രത്തില്‍ പലവിധ മഹാവ്യാധികള്‍ പൊട്ടിപ്പുറപ്പെടുകയും മനുഷ്യര്‍ ഒന്നടങ്കം പകച്ചുനില്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട്. ഒടുവില്‍ നാം അതെല്ലാം മറികടന്ന് ജീവിതം തിരിച്ചുപിടിച്ചിട്ടുമുണ്ട്. എന്നാല്‍ എല്ലാ മഹാമാരിക്കാലത്തെയും സാഹചര്യം മാറ്റിയെഴുതി ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരേസമയം നിശ്ഛലമാക്കാന്‍ കോവിഡ് 19 എന്ന കൊറോണാ വയറസിനു കഴിഞ്ഞു. പക്ഷേ ഈ കൊറോണാക്കാലത്തിനപ്പുറവും മനുഷ്യര്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും. എല്ലാവ്യാധിക്കാലത്തും ആശങ്കകളുടെയും നിരാശയുടെയും പടുകുഴിയില്‍ മനുഷ്യര്‍ ആണ്ടുപോയിട്ടുണ്ട്. ഇപ്പോഴും ലോകമെങ്ങുമുള്ള മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആ കാലത്തിനു സമാനമാണ്.

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധതിക്കല്‍, ആരോഗ്യ നിയന്ത്രണങ്ങള്‍, ലോക്ഡൗണ്‍ തുടങ്ങിയവ നിത്യജീവിതത്തില്‍ പരിചിതമായിക്കഴിഞ്ഞു. മരണനിരക്കുകള്‍ കൂടിയും കുറഞ്ഞും വന്നുകൊണ്ടിരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് അവശ്യ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മഹാമാരിയുടെ പിടിയില്‍പെട്ട് ഉഴലുന്നു. ജീവിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവര്‍പോലും കൊറോണയെ ഭയപ്പാടോടെ കണ്ടിരുന്ന അവസ്ഥയ്ക്ക് ലോകമാകെ തന്നെ മാറ്റംവന്നു തുടങ്ങിയിരിക്കുന്നു.

ലോകാരോഗ്യ സംഘടനയും ആരോഗ്യ ഗവേഷകരും സൂചിപ്പിച്ചപോലെ കൊറോണായ്‌ക്കൊപ്പം ജീവിതം പിച്ചവയ്ക്കാന്‍ ഏവരും പരുവപ്പെട്ടു തുടങ്ങിയെന്നു വേണം മനസിലാക്കാന്‍. പത്രത്താളുകളിലെ ഒന്നാംപേജില്‍ നിന്ന് ചരമപ്പേജിലേക്ക് കൊറോണാ മരണങ്ങള്‍ മാറിയതു തന്നെ ഉദാഹരണം. ഇറ്റലിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആദ്യഘട്ടത്തിലും രണ്ടാംവരവിലുമെല്ലാം എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് ഭൂരിഭാഗംപേരിലേക്കും കടന്നുകയറിയശേഷമാണ് വയറസിന്റെ ആക്രമണത്തിന് നേരിയ ശമനം കണ്ടുതുടങ്ങിയത്. മിക്ക രാജ്യങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. കേരളം കടന്നുപോകുന്നതും സമാനമായ അവസ്ഥയിലൂടെയാണെന്ന് നിസംശയം പറയാം.

ഇതിനിടെ മാനസികമായി പലരും തളര്‍ന്നുപോയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തിലടക്കം കോവിഡ്ബാധിതരില്‍ പലരും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണ്. ആദ്യത്തെ ആത്മഹത്യ നടന്നത് ഇറ്റലിയിലാണ്. മാര്‍ച്ച് മാസത്തില്‍ ന്യുമോണിയ ബാധിച്ച ഒരു രോഗി ആശുപത്രി ജന്നാലയിലൂടെ എടുത്തു ചാടിയാണ് ജീവനൊടുക്കിയത്. അതിനുശേഷം, മറ്റ് നിരവധി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരുന്ന ആളുകള്‍വരെ അതിലുണ്ട്. എന്നാല്‍ ഇത്തരം ഭീതി സമൂഹത്തില്‍ ഇപ്പോഴില്ലെന്നത് ആശ്വാസകരമാണ്.

കോവിഡ് വന്നവയെും വന്നുപോയവരെയും അവരുടെ കുടുംബത്തെയും ആദ്യഘട്ടത്തില്‍ ഭയപ്പാടോടെ വീക്ഷിച്ചിരുന്ന മനോഭാവത്തിന് മാറ്റംവന്നു തുടങ്ങിയിട്ടുണ്ട്. ആര്‍ക്കും ഏതുനിമിഷവും വന്നുപോകാമെന്ന സ്ഥിതി എല്ലാവരും മനസിലാക്കിത്തുടങ്ങി. കരുതലിന് മുന്‍തൂക്കം കൊടുത്ത് ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു ലോകമാണ് ഇന്നുള്ളത്. ലോകമെങ്ങും മനുഷ്യര്‍ ഒരുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരറ്റത്ത് ആരോഗ്യ വിദഗ്ധരും ഗവേഷകരും മരുന്നു കണ്ടെത്താനുള്ള നിതാന്ത പരിശ്രമത്തിലുമാണ്.

ഒപ്പം എല്ലാ മഹാമാരിക്കാലത്തെയും പോലെ ഭാവിയെക്കുറിച്ചുള്ള നിരവധി ആശങ്കകളും നിരാശകളുമുണ്ടെങ്കിലും മനുഷ്യര്‍ പ്രതീക്ഷയോടെ സാഹചര്യങ്ങളെ നേരിട്ടു തുടങ്ങിയിരിക്കുന്നു. 2003 -ല്‍ സാര്‍സ് പകര്‍ച്ചവ്യാധി, ഈയടുത്ത കാലത്തെ എബോള, നിപ തുടങ്ങിയവയെല്ലാം അവസാനിച്ചതുപോലെ ഈ കൊറോണാക്കാലവും കടന്ന് മുന്നോട്ടുതന്നെ നമ്മള്‍ പോകും. മാനസികമായ കരുത്തോടെ മുന്നോട്ടുപോകണമെന്ന ചിന്ത മാത്രം മതി. കാരണം ഈ ആശങ്കയിലും നിരാശയിലും പ്രതീക്ഷകളിലും നാം ഒറ്റയ്ക്കല്ല. ഈ ലോകം നമ്മുക്കൊപ്പമുണ്ട്.

കൗമാര കാലത്തെ പ്രവര്‍ത്തികളും വിനോദങ്ങളും വ്യക്തിത്വ വികാസത്തില്‍ നിര്‍ണ്ണായകം

വീഡിയോ ഗെയിമുകള്‍ വയോധികരില്‍ ബുദ്ധിപരമായ ഉണര്‍വ്വുണ്ടാക്കും