ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 കൊറോണാ വയറസ് മനുഷ്യ സൃഷ്ടിയോ മൃഗങ്ങളില്‍ നിന്നും ഉത്ഭവിച്ചതോ എന്നതിന് ഒരുവിധ തെളിവുകളും കണ്ടെത്താന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ല. ചൈനയാകട്ടെ ഇത്തരത്തിലുള്ള പരിശോധനകളോടു മുഖംതിരിഞ്ഞു നില്‍ക്കുകയുമാണ്. ലോകത്തെയാകമാനം പ്രതിസന്ധിയിലാഴ്ത്തിയ വയറസിന്റെ ഉത്ഭവം ‘ചൈനീസ് കുബുദ്ധി’യാണെന്ന് പരക്കെ ആക്ഷേപം നില്‍ക്കുന്നതിനിടെ ലോകാരോഗ്യസംഘടനയും ഇടപെടാന്‍ ശ്രമിക്കുകയാണ്. മൃഗങ്ങളില്‍ നിന്നും പകര്‍ന്ന നിരവധി വൈറസുകള്‍ മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്. അടുത്ത ദശകങ്ങളില്‍ ഈ പ്രവണത വര്‍ദ്ധിച്ചിട്ടുണ്ടെന്നും 70 ശതമാനം രോഗകാരികളായ വയറസുകള്‍ മൃഗങ്ങളില്‍ നിന്നാണ് വരുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഏവിയന്‍ ഇന്‍ഫ്ലുവന്‍സ, എബോള വൈറസ് രോഗം, ഇന്‍ഫ്ലുവന്‍സ, കുഷ്ഠം, ലസ്സ പനി, മെഴ്‌സ്-കോവി, റാബിസ്, വസൂരി, ക്ഷയം, സിക്ക പനി, മറ്റ് അറിയപ്പെടുന്ന രോഗങ്ങളെല്ലാം ഇത്തരത്തില്‍ വന്നിട്ടുള്ളവയാണ്.
ചൈനയിലെ വുഹാനില്‍ ആദ്യത്തെ ന്യൂമോണിയ കേസുകള്‍ കണ്ടെത്തിയതുമുതല്‍, ലോകത്തെ തലകീഴായി മാറ്റിമറിച്ച കോവിഡ് 19 വൈറസ് മനുഷ്യരിലേക്ക് കുതിച്ചതെങ്ങനെയെന്നതിന്റെ തെളിവുകള്‍ക്കായി ലോകാരോഗ്യ സംഘടന അന്വേഷണം തുടരുകയാണ്.
കോവിഡ് 19 -നെത്തുടര്‍ന്ന് ചേര്‍ന്ന ആദ്യത്തെ എമര്‍ജന്‍സി കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളിലൊന്ന്, ആദ്യം കണ്ടെത്തിയ കേസുകളെയും അവയുടെ അണുബാധയുടെ ഉറവിടത്തെയും വുഹാനില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തെ സംബന്ധിച്ച ദുരൂഹതകളെയും കുറിച്ചായിരുന്നു.
ലോകാരോഗ്യ സംഘടനയും പങ്കാളികളും വുഹാനില്‍ പഠനങ്ങള്‍ നടത്തുന്ന ചൈനീസ് ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തി. ജൂലൈയില്‍, അന്താരാഷ്ട്ര അന്വേഷണ സംഘത്തിന്റെ പങ്ക് നിര്‍വചിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ ചൈനയിലേക്ക് പോയിരുന്നു. 2019 ഡിസംബറില്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസുകളില്‍ അണുബാധയുടെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുക, സെറോ-എപ്പിഡെമോളജിക് പഠനങ്ങളിലൂടെ മുമ്പത്തെ മനുഷ്യ കേസുകള്‍ തിരിച്ചറിയാന്‍ ശ്രമിക്കുക, കൂടുതല്‍ മൃഗ-പാരിസ്ഥിതിക പഠനങ്ങള്‍ നടത്തുക എന്നതിനുവേണ്ടിയായിരുന്നു സന്ദര്‍ശനം.
അന്വേഷണം വിപുലപ്പെടുത്താന്‍ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തുന്നതിനായി സെപ്റ്റംബറില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
ഒക്‌ടോബര്‍ 30 -ന് ചൈനീസ് അധികൃതരുമായി ഈ സംഘത്തിന്റെ ആദ്യത്തെ വെര്‍ച്വല്‍ മീറ്റിംഗ് നടന്നു.
COVID-19 പാന്‍ഡെമിക്കിന്റെ വ്യാപ്തിയും സങ്കീര്‍ണ്ണതയും കണക്കിലെടുക്കുമ്പോള്‍, ഇന്റര്‍മീഡിയറ്റ് ഹോസ്റ്റ് (കള്‍), വൈറസ് ഉത്ഭവം എന്നിവ കണ്ടെത്തുന്നതിന് ചൈനയിലും മറ്റിടങ്ങളിലും സുസ്ഥിരവും സമഗ്രവുമായ ശാസ്ത്രീയ അന്വേഷണം ആവശ്യമാണ്. ഇതിന് ചൈനയുടെയും മറ്റ് രാജ്യങ്ങളുടെയും വിശ്വാസവും സഹകരണവും ആവശ്യമാണെന്നും പഠനറിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡ് 19 വൈറസ് മനുഷ്യ നിര്‍മ്മിതമോ എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുക എളുപ്പമല്ലെന്നു തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളില്‍ നിറയുന്നത്. ആ വലിയ രഹസ്യം ലോകത്തിനു മുന്നില്‍ വെളിപ്പെടണമെങ്കില്‍ ചൈനീസ് സഹകരണം ഉണ്ടാകണമെന്നും പറയുമ്പോള്‍ തന്നെ അതിനുള്ള സാധ്യത വിരളമാണെന്നു തന്നെയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും.