in

ചിരിയോടെ ജീവിതം കൂടെവരണമെങ്കില്‍ ദന്താരോഗ്യം പ്രധാനം

Share this story

ദന്തരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഓറല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നന്നത്‌ ലോകമെമ്പാടും 3.5 ബില്യണ്‍ ജനങ്ങള്‍

പല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കുന്നതില്‍ പലര്‍ക്കും വിമുഖതയുണ്ട്. രാവിലെ ഒന്നു ബ്രഷ് ചെയ്യുക എന്ന ശീലത്തിനപ്പുറം ദന്താരോഗ്യത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല.
പല്ലിന് കേടുപാടുകള്‍ വരുന്നതുവരെ ഈ ഉദാസീനത തുടരുകയും ചെയ്യും. എന്നാല്‍ പല്ലുകളുടെ സംരക്ഷണത്തില്‍ ഗൗരവതരമായ ശ്രദ്ധ എല്ലാവരും ചെലുത്തണമെന്നാണ് ലോകാരോഗ്യസംഘടനയും പറയുന്നത്. കാരണം ലോകമെമ്പാടും 3.5 ബില്യണ്‍ ജനങ്ങളാണ് ദന്തരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഓറല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്.
ഏഷ്യന്‍-പസഫിക് രാജ്യങ്ങളില്‍ വ്യാപിക്കുന്ന കാന്‍സറുകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഓറല്‍ സംബന്ധമായ കാന്‍സറാണെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പറയുന്നു.

വായ്ക്കുള്ളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നതാണ് പ്രധാനം. ദന്തക്ഷയം, ആനുകാലിക രോഗം, പല്ല് നഷ്ടപ്പെടല്‍, ഓറല്‍ ക്യാന്‍സര്‍, ചുണ്ടുകളിലെ വിണ്ടുകീറല്‍ തുടങ്ങി ഉള്‍പ്പെടുന്ന നിരവധി രോഗങ്ങളും അവസ്ഥകളും ഓറല്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്നു.

പുകയില ഉപയോഗം, മദ്യപാനം, പഞ്ചസാര കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാണ്. ആഗോള തലത്തില്‍ ഓറല്‍സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, ഉയര്‍ന്ന പഞ്ചസാര ഉപഭോഗവും പ്രമേഹവും, അമിതവണ്ണവും ദന്തക്ഷയവുമായി കാര്യകാരണ ബന്ധമുണ്ടെന്നും ഓര്‍ക്കണം.

പല്ലുകളുടെയും വായ്ക്കുള്ളിലെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നിമിത്തം കൃത്യമായും സുഗമമായും ഭക്ഷണം കഴിക്കാനാകാതെ വരുന്നതും വേദനയും അസ്വസ്ഥതയുമൊക്കെ ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും തളര്‍ത്തും. ഓറല്‍ രോഗങ്ങള്‍ സമൂഹത്തിലെ ദരിദ്രരെയും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ലോകാരോഗ്യസംഘടന പറയുന്നു. ദന്തസംബന്ധമായ ചികിത്സയ്ക്ക് ധാരാളം പണം ചെലവഴിക്കേണ്ടിവരുമെന്നതാണ് കാരണം. അതുകൊണ്ടുതന്നെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ജനസംഖ്യയിലുടനീളം ദന്തസംബന്ധമായ ശരിയായ പരിചരണം ലഭിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ദന്തസംരക്ഷണത്തിമെന്നത് കുഞ്ഞുന്നാളിലേയുള്ള ശീലത്തിനപ്പുറം ഗൗരവതരമായി കാണുകയും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. പണ്ടുള്ളവര്‍ മാവിലയും ഉമിക്കരിയും ഉപ്പും ചേര്‍ത്ത് പല്ലുതേയ്ക്കുകയും രാവിലെയും രാത്രിയും ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് തൊണ്ടയില്‍ പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. ടൂത്ത്‌പേസ്റ്റുകളും ബ്രഷുകളും ഉപയോഗിക്കുന്നതിനൊപ്പം ഉപ്പിട്ട ചെറുചൂടുവെള്ളം വായിലും തൊണ്ടയിലും അല്‍പനേരം നിര്‍ത്തുന്ന ശീലമെങ്കിലും നമ്മള്‍ തിരിച്ചുകൊണ്ടുവരണം. ഈ കൊറോണാക്കാലത്തുപോലും ആധുനിക മരുന്നുകള്‍ ഫലിക്കുന്നതിനേക്കാള്‍ വേഗത്തിലുള്ള പ്രതിരോധമായി ഉപ്പിട്ട ചെറുചൂടുവെള്ളവും മഞ്ഞള്‍പൊടിയിട്ട ചെറുചൂടുവെള്ളവുമൊക്കെ വായില്‍ കൊള്ളാറുണ്ടെന്നതും ഓര്‍ക്കണം.

ദക്ഷിണേന്ത്യയിലെ മയക്കുമരുന്നു വിതരണ ഹബ്ബായി കേരളം, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഓഫീസ് ജോലികളില്‍ നിയോഗിച്ച് എക്‌സൈസ് വകുപ്പ്

ലോകാരോഗ്യ സംഘടനയുടെ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാം