- Advertisement -Newspaper WordPress Theme
Editor's Picksതലസ്ഥാനത്തെ നഗര രാത്രികളെ പകലാക്കണമെന്ന നിര്‍ദ്ദേശം വന്‍കിട വിദേശ കമ്പനികളുടേത്

തലസ്ഥാനത്തെ നഗര രാത്രികളെ പകലാക്കണമെന്ന നിര്‍ദ്ദേശം വന്‍കിട വിദേശ കമ്പനികളുടേത്

പബ്ബുകള്‍ക്കായി സര്‍ക്കാര്‍ ഓശാന പാടിയതെന്തിന്?

സര്‍ക്കാര്‍ സംസ്ഥാനത്ത് പബ്ബുകള്‍ തുറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനു പിന്നില്‍ കേരളത്തില്‍ നിക്ഷേപമിറക്കാനൊരുങ്ങുന്ന വിദേശ കമ്പനികളുടെ താല്‍പര്യമെന്നു സൂചന. മദ്യവര്‍ജ്ജനമെന്ന പ്രചരണത്തിലൂന്നി അധികാരമേറ്റ ഇടതുസര്‍ക്കാര്‍ പബ്ബുകള്‍ക്ക് പച്ചക്കൊടി വീശിയത് പ്രതിപക്ഷത്തെയടക്കം ഞെട്ടിപ്പിച്ചിരുന്നു. പിണറായി വിജയന്റെ ഈ പ്രഖ്യാപനം സംസ്ഥാനത്ത് നിക്ഷേപമിറക്കാനെത്തുന്ന വിദേശകമ്പനികളുടെ നിര്‍ദ്ദേശങ്ങള്‍ ചുവടുപിടിച്ചാണെന്നാണ് വിവരം.

തലസ്ഥാനത്ത് ഓട്ടോമൊബൈല്‍ രംഗത്ത് നിക്ഷേപമിറക്കാനെത്തിയ ഒരു വിദേശ നിക്ഷേപ കമ്പനിയാണ് രാത്രി ഉല്ലസിക്കാന്‍ പബ്ബുകള്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു നിര്‍ദ്ദേശം. മലയാളികള്‍ രാത്രികള്‍ പാഴാക്കി കളയുന്നുവെന്നായിരുന്നു കമ്പനിയുടെ കണ്ടെത്തല്‍. മാത്രമല്ല തങ്ങളുടെ തൊഴിലിടങ്ങളില്‍ രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉല്ലസിക്കാന്‍ പബ്ബുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രിയോട് കമ്പനിയുടെ പ്രതിനിധികള്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പബ്ബുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കേരളത്തില്‍ നിസ്സാന്‍ കാര്‍ കമ്പനി വന്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിതീകരിച്ചിരുന്നു.

വ്യാപക പ്രതിഷേധമൊന്നുമുണ്ടായില്ലെങ്കിലും കരുതലോടെയാണ് സര്‍ക്കാര്‍ നീക്കം. വനിതകളുടെ രാത്രി സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്നമട്ടിലാണ് ആദ്യഘട്ടത്തില്‍ പബ്ബുകള്‍ക്കുള്ള കളമൊരുക്കുന്നത്.
‘രാത്രി ജീവിതം’, ‘വനിതകളുടെ രാത്രിസഞ്ചാരം’ എന്നിങ്ങനെ എന്ന പുരോഗമനപരമായ ആശയമെന്ന നിലയില്‍ സര്‍ക്കാര്‍ വനിതാകമ്മിഷനെ കൂട്ടുപിടിച്ചതോടെ എതിര്‍ശബ്ദങ്ങള്‍ നിലച്ചു. ഇതിന് മുന്നോടിയാണ് വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ രാത്രി നടത്തം എന്ന പേരില്‍ വനിതകള്‍ക്കുവേണ്ടി രാത്രി സഞ്ചാരം സംസ്ഥാനമൊട്ടാകെ കഴിഞ്ഞമാസം നടത്തിയത്. ഇതിന് സംസ്ഥാനമൊട്ടാകെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടേതടക്കം വന്‍ പിന്തുണ ലഭിച്ചിരുന്നു. ഇപ്പോഴും റസിഡന്‍സ് അസോസിയേഷനുകള്‍ പല സ്ഥലങ്ങളിലും സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീ ശാക്തീകരണത്തിന്റെ മറവിലാണ് നഗരങ്ങളില്‍ നൈറ്റ് ലൈഫ് നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നത്.

നൈറ്റ് ലൈഫും പബ്ബുകളും വരുന്നതോടെ തലസ്ഥാനവും ബാംഗ്ലൂര്‍ മോഡല്‍ ജീവിത ശൈലികളിലേക്ക് മാറും. ഇതോടെ നഗരത്തിലെ യുവതീ യുവാക്കളും ലഹരിക്കടിമകളാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ഇപ്പോഴും നൈറ്റ് ലൈഫ് നടപ്പാക്കുന്ന സ്ഥലങ്ങളില്‍ ലഹരി ഉപയോഗവും കച്ചവടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് സര്‍ക്കാര്‍ ഒത്താശയോടെ വിദേശക്കമ്പികള്‍ക്കായി പബ്ബുകള്‍ ആരംഭിക്കുന്നത്. റസിഡന്റ്സ് അസോസിയേഷനുകളടക്കം സ്ത്രീകളുടെ രാത്രിനടത്തമെന്ന ആശയത്തെ സ്വാഗതം ചെയ്യുമ്പോഴും യുവതികളടക്കം പബ്ബുകളിലെത്തുന്ന സ്ഥതിവിശേഷമാകും ഭാവിയിലുണ്ടാകുകയെന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme