തിരുവനന്തപുരം: ജില്ലയിലെ കാഷ്വാലിറ്റി സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
പാറശാല താലൂക്ക് ആസ്ഥാന ആശുപത്രി, ഗവ.ഫോര്‍ട്ട് ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ പ്രശ്‌നങ്ങളെ കലക്ടര്‍ ശക്തമായി അപലപിച്ചു. ആശുപത്രികളിലെ പ്രവേശന പോയിന്റുകളിലായിരിക്കും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. ദേശീയ ആരോഗ്യ ദൗത്യത്തിനാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള ചുമതല. വൈകാതെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ്- കോവിഡ് ഇതര മാനേജ്‌മെന്റ്, ധന വിഹിതം, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മെച്ചപ്പെടുത്തല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം, കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ പ്രവര്‍ത്തനം, ക്ഷയ രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ വിവിധ ആരോഗ്യ പദ്ധതികള്‍ എന്നിവയെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു, ദേശീയ ആരോഗ്യ ദൗത്യം ഡിപിഎം ഡോ. അരുണ്‍ പി.വി, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. അജീഷ്,നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം ഡോ. കെ.എസ്. ഷൈജു, കുടുംബശ്രീ ജില്ലാ പ്രോജക്റ്റ് മാനേജര്‍ രജിത പി. ജിത്തു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.