തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 85 ലക്ഷം രൂപ ചെലവില്‍ സജ്ജീകരിച്ച, ഹൃദയ-പരിക്ഷീണത ഗവേഷണത്തിനായുള്ള രാജ്യത്തെ ആദ്യ ബയോ ബാങ്ക്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍. ബല്‍റാം ഭാര്‍ഗവ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. ഹാര്‍ട്ട്‌ഫെയ്‌ല്യര്‍ രോഗാവസ്ഥയുള്ള രാജ്യത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മറ്റു പാശ്ചാത്യ സമൂഹത്തിലെ രോഗികളുമായുള്ള വ്യത്യസ്തത മനസിലാക്കുവാനും രോഗത്തെക്കുറിച്ച് ഗവേഷകര്‍ക്കുള്ള ഉള്‍ക്കാഴ്ച വര്‍ധിപ്പിക്കാനും ബയോ ബാങ്ക് സഹായിക്കുമെന്ന് പ്രൊഫസര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
കോവിഡ് അനന്തര രോഗങ്ങളുടെ പഠനങ്ങള്‍ക്കും ചികിത്സയ്ക്കും ഹാര്‍ട്ട് ഫെയില്യര്‍ ബയോബാങ്ക് ഉപയോഗപ്രദമാകുമെന്ന് ഡിപ്പാര്‍ട്ടമെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ്മ, അയച്ചു തന്ന സന്ദേശത്തില്‍ അറിയിച്ചു.
ഹാര്‍ട്ട്‌ഫെയ്‌ല്യര്‍ ബയോബാങ്ക് മെഡിക്കല്‍ ഗവേഷണ രംഗത്ത് പുതിയൊരു കാല്‍വെയ്പ്പിന് തുടക്കം കുറിയ്ക്കുമെന്നും ഹൃദയപരിക്ഷീണത രോഗികളുടെ രോഗനിര്‍ണയത്തിലും ചികിത്സയിലും വന്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും നീതി ആയോഗ് മെമ്പറും ശ്രീ ചിത്ര പ്രസിഡന്റുമായ ഡോക്ടര്‍ വി.കെ. സരസ്വത്ത് അറിയിച്ചു.