- Advertisement -Newspaper WordPress Theme
HAIR & STYLEതണുപ്പുകാലത്ത് മുടികൊഴിച്ചില്‍ കൂടും; പ്രതിരോധിക്കാന്‍ ആയുര്‍വേദ ടിപ്‌സ്

തണുപ്പുകാലത്ത് മുടികൊഴിച്ചില്‍ കൂടും; പ്രതിരോധിക്കാന്‍ ആയുര്‍വേദ ടിപ്‌സ്

തണുപ്പുകാലത്ത് മുടിയുടെ രൂക്ഷത വര്‍ധിക്കുന്നു. ഇതുമൂലം ശിരോചര്‍മത്തിന് രൂക്ഷത, ചര്‍മം പൊടിഞ്ഞ് ഇളകി വരല്‍, മുടിക്ക് ബലക്കുറവ്, പൊട്ടല്‍, പൊഴിയല്‍, താരന്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ അകറ്റാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടാനും ചില ആയുര്‍വേദ വഴികളുണ്ട്.

തലയില്‍ പുരട്ടാനുള്ള എണ്ണ

  • സ്ഥിരമായി തലയില്‍ പുരട്ടാന്‍ ഓരോരുത്തരുടെയും ശാരീരികാവസ്ഥകള്‍ക്ക് അനുയോജ്യമായ തരം എണ്ണകള്‍ വൈദ്യനിര്‍ദേശപ്രകാരം തിരഞ്ഞെടുത്ത് ശീലിക്കണം.
  • 150 മില്ലിലിറ്റര്‍ വെളിച്ചെണ്ണയില്‍ കാല്‍ ടീസ്പൂണ്‍ ജീരകവും ഒരു ടീസ്പൂണ്‍ ഉള്ളിയും ചതച്ചു ചേര്‍ത്തു കാച്ചിയ എണ്ണ തണുപ്പുകാലത്ത് തലയില്‍ പുരട്ടുവാന്‍ പൊതുവേ ഉപയോഗിക്കാവുന്നതാണ്.
  • കരിംജീരകവും ചെറുനാരങ്ങയും ചേര്‍ത്ത് മുറുക്കിയ വെളിച്ചെണ്ണ താരനും ചൊറിച്ചിലിനും ഒരു പരിധി വരെ ശമനം നല്‍കും.
  • കയ്യോന്നി, നീലയമരി എന്നിവയുടെ ചാറില്‍ ഇരട്ടിമധുരവും ഏലത്തരിയും ചതച്ചു ചേര്‍ത്തു കാച്ചുന്ന വെളിച്ചെണ്ണ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
  • താളി ഉപയോഗിക്കാം

വെള്ളിലംതാളി, ചെമ്പരത്തിയില, ചീവയ്ക്കാപ്പൊടി തുടങ്ങിയവ കൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും താളി ശീലിക്കാം.
തലനീരിറക്കം വരാന്‍ സാധ്യതയില്ലാത്തവര്‍ക്ക് കുതിര്‍ത്തരച്ച ഉലുവ താളിയായി ഉപയോഗിക്കാവുന്നതാണ്.
കുളിക്കുന്ന വെള്ളം

നെല്ലിക്കാപ്പൊടി, ത്രിഫലാ ചൂര്‍ണം, ആര്യവേപ്പ്, ആടലോടകം, പുളിയില, കരിനൊച്ചിയില, നാല്‍പ്പാമരത്തൊലി എന്നിവയിലേതെങ്കിലും ഇട്ട് തിളപ്പിച്ചാറി അരിച്ചെടുത്ത വെള്ളം കുളിക്കാന്‍ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മുടി പുകകൊള്ളിക്കാം

  • കുളി കഴിഞ്ഞ ശേഷം മുടി പുക കൊള്ളിക്കാവുന്നതാണ്.
  • ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇത് ശീലിക്കാവുന്നതാണ്.
  • അതിനായി കുന്തിരിക്കം, പച്ചക്കര്‍പ്പൂരം, അല്പം കുരുമുളക്, തുമ്പ, പഞ്ചഗന്ധം മുതലായവ ഉപയോഗിക്കാം.
  • പുക ഏല്‍ക്കുമ്പോള്‍ മുഖത്തും കണ്ണിലും ചൂടേല്‍ക്കാതെ ശ്രദ്ധിക്കണം.
  • ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

കൃത്യസമയത്ത് കുളിക്കുക. അസമയത്തുള്ള കുളി (പ്രത്യേകിച്ച് ഉച്ചസമയത്തും രാത്രി വൈകിയും) കണ്ണിനും മുടിക്കും ദോഷകരമാണ്.
ചൂടുവെള്ളത്തിലുള്ള തലകുളി മുടികൊഴിച്ചിലിന് കാരണമാകാം. വെയിലും പൊടിയും അമിതമായി ഏല്‍ക്കുന്നത് മുടിയുടെ ബലം കുറയുന്നതിനും പൊട്ടുന്നതിനും കാരണമായേക്കാം.
ശിരോചര്‍മത്തില്‍ ഉണ്ടാകുന്ന ചെറിയ കുരുക്കള്‍ക്കും ചൊറിച്ചിലിനും കുരുമുളക് കൊടി വാട്ടി ചതച്ച് വെള്ളത്തോടൊപ്പം മൃദുവായി ഉരസുന്നത് നല്ലതാണ്.
ശിരോചര്‍മത്തിലെ ചെറിയ പൊട്ടലുകള്‍, പഴുപ്പ് എന്നിവയ്ക്ക് കറ്റാര്‍വാഴക്കുഴമ്പില്‍ ത്രിഫലപ്പൊടി ചേര്‍ത്ത് പുരട്ടാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme