തണുപ്പുകാലത്ത് തൈര് കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുമെന്നത് തെറ്റായ ധാരണയാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സാധാരണയായി വൈറസുകൾ മൂലമാണ് ജലദോഷം ഉണ്ടാകുന്നത് അല്ലാതെ തൈര് കഴിക്കുന്നത് നേരിട്ട് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നില്ല. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ, കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ പ്രോബയോട്ടിക്കുകൾ എന്നിവയാൽ സമ്പുഷ്ടമാണ് തൈര്.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും തൈര് ഏറെ സഹായകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സമീകൃതാഹാരത്തിന്റെ ഭാഗമായി തൈര് ഉൾപ്പെടുത്താവുന്നതാണ്. തണുപ്പുകാലത്ത് ഫ്രിഡ്ജിൽ വെച്ച തൈരിന് പകരം മുറിയുടെ താപനിലയിലുള്ള തൈര് കഴിക്കുന്നതാണ് കൂടുതൽ ഉചിതം.
എങ്കിലും തൊണ്ടവേദനയോ ശ്വാസതടസ്സമോ ഉള്ളവർ തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചിലപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. രാത്രിയിൽ തൈര് കഴിക്കുന്നത് കഫക്കെട്ട് കൂട്ടുമെന്ന് ചില പരമ്പരാഗത രീതികൾ പറയുന്നുണ്ടെങ്കിലും ഇതിന് ശക്തമായ ശാസ്ത്രീയ തെളിവുകളില്ല. വ്യക്തികളുടെ ശരീരപ്രകൃതിക്ക് അനുസരിച്ച് തൈര് ഡയറ്റിൽ ഉൾപ്പെടുത്താമെന്നും അസ്വസ്ഥതയുള്ളവർ അളവ് കുറയ്ക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.




