അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം, ചില രോഗാവസ്ഥകള്‍ എന്നിവയില്‍ ജീവന് രക്ഷിക്കാന്‍ രക്തം നല്‍കുന്നത് അഥവാ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അത്യാവശ്യമായി വരാറുണ്ട്. എന്നാല്‍ രോഗിക്ക് അനുയോജ്യമല്ലാത്ത രക്തം നൽകിയാൽ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ മുതൽ വൃക്കകളുടെ പ്രവർത്തനത്തെ വരെ ബാധിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. സാധാരണയായി രക്തഗ്രൂപ്പുകളെ എ, ബി, എബി, ഒ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു.
ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിലുള്ള പ്രത്യേക ഘടകങ്ങളാണ് ഈ ഗ്രൂപ്പുകൾ നിർണയിക്കുന്നത്. ഇതിനുപുറമേ രക്തം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് നിർണയിക്കുന്ന ആർ.എച്ച് ഘടകവുമുണ്ട്. ഓരോ വ്യക്തിയുടെയും രക്തത്തിലെ പ്രതിരോധഘടകങ്ങൾ വ്യത്യസ്തമായിരിക്കും എന്നതിനാൽ, അനുയോജ്യമല്ലാത്ത രക്തത്തിലെ ചുവന്ന രക്താണുക്കൾ ശരീരത്തിൽ എത്തിയാൽ പ്രതിരോധസംവിധാനം അവയെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിന് ഇടയാക്കും.
പൊരുത്തപ്പെടാത്ത ചുവന്ന രക്താണുക്കൾ ശരീരത്തിലെത്തുമ്പോൾ അവ നശിപ്പിക്കപ്പെടുന്ന അവസ്ഥയായ ഹീമോളിസിസ് ഉണ്ടാകാം. ഈ പ്രക്രിയയിലൂടെ പുറത്തുവരുന്ന ഘടകങ്ങൾ ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരം പ്രതികരണം ഉണ്ടായാൽ പനി, വിറയൽ, ശ്വാസംമുട്ടൽ, നെഞ്ചിലോ പുറത്തോ വേദന, രക്തസമ്മർദം കുറയുക, മൂത്രത്തിന്റെ നിറം കടുംചുവപ്പോ തവിട്ടുനിറമാവുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉടന്‍ അറിയിക്കേണ്ടതാണ്. ഗുരുതരമായ സാഹചര്യങ്ങളിൽ വൃക്കകളുടെ പ്രവർത്തനം തകരാറിലാകാനും ഷോക്ക് ഉണ്ടാകാനും ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ട്.
എങ്കിലും, നൽകിയ രക്തത്തിന്റെ പൊരുത്തക്കേട്, രക്തത്തിന്റെ അളവ്, പ്രതികരണത്തിന്റെ തീവ്രത, രോഗിയുടെ ആരോഗ്യനില തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് പ്രത്യാഘാതങ്ങളിൽ വ്യത്യാസമുണ്ടാകാം. ചില പ്രതികരണങ്ങൾ രക്തപ്പകർർച്ചയ്ക്കിടെ തന്നെ പ്രകടമാകുമ്പോൾ മറ്റുചിലത് പിന്നീട് തിരിച്ചറിയപ്പെട്ടേക്കാം. അനുയോജ്യമല്ലാത്ത രക്തം നൽകിയാൽ നിർബന്ധമായും മരണം സംഭവിക്കുമെന്ന് പറയാനാവില്ലെങ്കിലും, എത്രയും വേഗം പ്രശ്നം തിരിച്ചറിഞ്ഞ് ചികിത്സ നൽകുന്നത് അപകടസാധ്യത കുറയ്ക്കുന്നതിൽ നിർണായകമാണ്.
രക്തപ്പകർർച്ചയിലെ പിഴവുകൾ ഒഴിവാക്കാൻ ആശുപത്രികളിൽ നിരവധി സുരക്ഷാനടപടികൾ കർശനമായി പാലിക്കാറുണ്ട്. രോഗിയുടെ രക്തഗ്രൂപ്പ് കൃത്യമായി നിർണയിക്കുക, ദാതാവിന്റെയും സ്വീകരിക്കുന്നയാളുടെയും രക്തം തമ്മിലുള്ള പൊരുത്തം പരിശോധിക്കുന്ന ക്രോസ് മാച്ചിങ് നടത്തുക, രക്തസാമ്പിൾ ശേഖരിക്കുന്നതുമുതൽ രക്തം നൽകുന്നതുവരെ രോഗിയുടെ വിവരങ്ങളും ലേബലും കൃത്യമായി പരിശോധിക്കുക, രക്തം നൽകുമ്പോൾ രോഗിക്ക് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടോ എന്ന് ആരോഗ്യപ്രവർത്തകർ നിരന്തരം നിരീക്ഷിക്കുക എന്നിവയാണ് പ്രധാന സുരക്ഷാ നടപടികൾ.
എല്ലാ സാഹചര്യങ്ങളിലും ഒരേ ഗ്രൂപ്പിലുള്ള രക്തം മാത്രമേ നൽകാനാകൂ എന്നില്ല. ചില രക്തഗ്രൂപ്പുകൾ തമ്മിൽ അനുയോജ്യമാകാറുണ്ട്. എങ്കിലും ഇത് രക്തത്തിന്റെ ഘടകം, എ.ബി.ഒ. ഗ്രൂപ്പ്, ആർ.എച്ച്. ഘടകം എന്നിവ പരിഗണിച്ചാണ് തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ഒ നെഗറ്റീവ് രക്തം പല സാഹചര്യങ്ങളിലും അടിയന്തരമായി ഉപയോഗിക്കാറുണ്ടെങ്കിലും, അതുകൊണ്ട് എല്ലാ രക്തഘടകങ്ങൾക്കും ഇത് അനുയോജ്യമാണെന്നോ പരിശോധനകൾ ആവശ്യമില്ലെന്നോ അർത്ഥമില്ല. രോഗിക്ക് ഏത് രക്തമാണ് നൽകേണ്ടതെന്ന് ഡോക്ടറും രക്തബാങ്ക് വിദഗ്ധരും ചേർന്ന് മാത്രമാണ് തീരുമാനിക്കുന്നത്. രക്തപ്പകർർച്ചയ്ക്കിടെ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.




