spot_img
spot_img
Homecovid-19കോവിഡ് പോരാളികളെ അഗണിച്ച് സര്‍ക്കാര്‍, ശമ്പള വര്‍ധന ശുപാര്‍ശയില്‍ ജൂനിയര്‍ ഹെല്‍ത്ത്...

കോവിഡ് പോരാളികളെ അഗണിച്ച് സര്‍ക്കാര്‍, ശമ്പള വര്‍ധന ശുപാര്‍ശയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാഫുമാര്‍ക്കും അയിത്തം

തിരുവനന്തപുരം: പതിനൊന്നാമത് ശമ്പള പരിശ്കരണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ ശമ്പള വര്‍ധനവില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവഗണനയെന്ന് ആക്ഷേപം. ശമ്പള വര്‍ധനവില്‍ ഇവരെ പരിഗണിക്കാത്തതിനെതിരെ ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
കോവിഡ് പ്രതിരോധമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രാഥമിക തലം മുതല്‍ രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുകയും അവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഴ്‌സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെ തഴഞ്ഞുകൊണ്ടാണ് ഇപ്പോഴത്തെ ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
എന്നാല്‍ ഗ്രേഡ് രണ്ടിലുള്ള ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഡെന്‍ന്റല്‍ മെക്കാനിക്, ഡെന്‍ന്റല്‍ ഹൈജീനിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, റേഡിയോ ഗ്രാഫര്‍ എന്നിവര്‍ക്ക് കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നുവെന്ന പേരില്‍ ശമ്പള വര്‍ധനവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരിലാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല. ഇവര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും ലഭ്യമാണ്.
നിലവിലെ ഇവരുടെ ശമ്പള സ്‌കെയില്‍ 22200-48000 ആണ്. ഇതേ ശമ്പള സ്‌കെയില്‍ തന്നെയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയവര്‍ക്കും. ശമ്പള വര്‍ധനവില്‍ ഇവരുടെ ശമ്പള സ്‌കെയില്‍ 31100-66800 ആയി നിജപ്പെടുത്തിയപ്പോള്‍ ഫാര്‍മസിസ്റ്റ് മുതല്‍ റേഡിയോഗ്രാഫര്‍വരെയുള്ളവര്‍ക്ക് 35600-75400 എന്ന ശമ്പള സ്‌കെയില്‍ നല്‍കി.
സമാന സ്‌കെയിലിലെ എന്‍ട്രി കേഡറില്‍ തന്നെ 4500 രൂപയുടെ വ്യത്യാസമാണ് ഉള്ളത്. ഇതുവരെ സമാന കഡറില്‍ ജോലിചെയ്തിരുന്നവരില്‍ ഒരുവിഭാഗം ഇനി മുതല്‍ ഉയര്‍ന്ന ശമ്പളം വാങ്ങും. പാരാമെഡിക്കല്‍ വിഭാഗത്തില്‍ യോഗ്യത കുറഞ്ഞ ചില തസ്തികകളുടെ സമാന സ്‌കെയില്‍ നല്‍കിയിരുന്നത് ഒഴിവാക്കാനാണ് പുതിയ സ്‌കെയില്‍ എന്നാണ് ശമ്പള കമ്മീഷന്റെ ന്യായം.
ശമ്പള പരിഷ്‌കരണത്തിലെ അവഗണനക്കെതിരേ ജീവനക്കാരുടെ കൂട്ടായ്മ കേരള പബ്ലിക് ഹെല്‍ത്ത് കൗന്‍സിലിന്റെ നേതൃത്വത്തില്‍ അണിചേരാം അതിജീവനത്തിനായി എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. ആദ്യഘട്ടമായി മുഖ്യമന്ത്രി,ആരോഗ്യ, ധനകാര്യവകുപ്പുമന്ത്രിമാര്‍ക്ക് നിവേദനം നല്‍കാനാണ് ജീവനക്കാരുടെ തീരുമാനം. ജീവനക്കാരുടെ ബ്ലോക്ക് തല കൂട്ടായ്മ അതിജീവനം എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

- Advertisement -

spot_img
spot_img

- Advertisement -