തിരുവനന്തപുരം: ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാര്‍ പരമ്പരയില്‍ മാതൃ, ശിശു മരണനിരക്ക് കുറച്ചുകൊണ്ടു വരുന്നതിനായുള്ള സംസ്ഥാന സര്‍ക്കാര്‍ നയങ്ങളും പരിപാടികളും ചര്‍ച്ചചെയ്യും.
ആരോഗ്യരംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വെബിനാര്‍ ഫെബ്രുവരി 17 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ആദ്യ വാരം വരെ അഞ്ച് സെഷനുകളായി നടക്കുന്ന വെബിനാര്‍ സീരീസിലെ ഓരോ സെഷനിലും പ്രത്യേക ആരോഗ്യ വിഷയങ്ങള്‍ വിശലകലനം ചെയ്യും. ഫെബ്രുവരി 24 നാണ് മാതൃ,ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ച.
ആരോഗ്യ സൂചികകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ നിരന്തരവും സംയോജിതവുമായ ശ്രമങ്ങളുടെ ഫലമായി ശിശുമരണ നിരക്ക് (ഐഎംആര്‍) 1000ല്‍ 7 എന്ന ഇന്ത്യയിലെ ഏറ്റവും താഴ്ന്ന അനുപാതത്തിലെത്തി. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യ(എസ്ഡിജി)മനുസരിച്ച് 8 ആണ് പാരാമീറ്റര്‍.
രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃമരണ അനുപാത(എംഎംആര്‍)മുള്ള സംസ്ഥാനവും കേരളമാണ്. എച്ച്എംഐഎസ് പ്രകാരം 2019-20 വര്‍ഷത്തില്‍ ഒരു ലക്ഷം ജനനങ്ങളില്‍ 30 ല്‍ താഴെയാണ്. 2016-18 ല്‍ ഇത് ഒരു ലക്ഷത്തില്‍ 43 ആയിരുന്നു. 2016-18 ല്‍ ഇന്ത്യയുടെ എംഎംആര്‍ 113 ആയിരുന്നു. 2030 ഓടെ ആഗോള എംഎംആറിനെ 70 ല്‍ താഴെയാക്കാനാണ് എസ്ഡിജി ലക്ഷ്യമിടുന്നത്.
മാതൃമരണ ഓഡിറ്റ്, ഡിസ്പോസിബിള്‍ കിറ്റുകള്‍, പ്രധാന ആശുപത്രികളിലെ ഒബ്സ്റ്റട്രിക് റാപിഡ് റെസ്പോണ്‍സ് ടീം, പ്രസവ സേവനങ്ങളില്‍ സ്റ്റാഫ് നഴ്സുമാരെ പരിശീലിപ്പിക്കുന്നതിനായി കോഴിക്കോട് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറില്‍ നടത്തിയ നൈപുണ്യ ലാബ് പരിശീലനം എന്നിവയാണ് മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളുടെ പ്രധാന ഘടകങ്ങള്‍.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ മാതൃമരണങ്ങളുടെയും വിശ്വസ്തമായ ഓഡിറ്റ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ), കെഎഫ്ഒജി പ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതിയാണ് ഇത് ഓഡിറ്റ് ചെയ്യുന്നത്. ഗുണനിലവാരവും വൈദഗ്ദ്ധ്യവുമുള്ള പരിചരണത്തിലൂടെയും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും മാതൃമരണങ്ങള്‍ തടയാന്‍ കഴിയും. 2014-15 ല്‍ കേരളത്തില്‍ ആരംഭിച്ച ‘നിയര്‍ മിസ്’ അവലോകനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ പ്രധാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടുന്ന ഒരു പൈലറ്റ് പ്രോജക്ടായി ഞങ്ങള്‍ അവലോകനം ആരംഭിച്ചു. അത് ഇപ്പോഴും തുടരുകയാണ്. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2019 -20 വര്‍ഷത്തില്‍ കേരളത്തിന്റെ എംഎംആര്‍ ഇപ്പോള്‍ 30 ല്‍ താഴെയായെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
കഠിനമായ രക്തസ്രാവം, അണുബാധകള്‍, ഗര്‍ഭാവസ്ഥയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രസവത്തിലുള്ള സങ്കീര്‍ണതകള്‍, സുരക്ഷിതമല്ലാത്ത അലസിപ്പിക്കല്‍ എന്നിവയാണ് മാതൃമരണത്തിന്റെ പ്രധാന കാരണങ്ങളായി യുനിസെഫ് കണക്കാക്കുന്നത്. മാതൃമരണ നിരക്ക് കുറയ്ക്കുന്നതില്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സംസ്ഥാനം മുന്‍ഗണന നല്‍കുന്നത്. പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആശുപത്രിയിലെ അണുബാധ കുറയ്ക്കുന്നതിനും പ്രസവസമയത്ത രക്തനഷ്ടം കണക്കാക്കുന്നതിനും ഡിസ്പോസിബിള്‍ ഡെലിവറി, സിസേറിയന് കിറ്റുകള്‍ എന്നിവ ആശുപത്രികളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ ഗൈനക്കോളജിസ്റ്റുകള്‍ക്കും ലേബര്‍ റൂമില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകള്‍ക്കുമായി അടിയന്തര പ്രസവ പരിചരണ പരിശീലനം കെഎഫ്ഒജിയുമായി സഹകരിച്ച് നടത്തുകയും ചെയ്യുന്നു.
2012 ല്‍ കേരള സര്‍ക്കാര്‍ നൈസ് ഇന്റര്‍നാഷണല്‍, കെഎഫ്ഒജി എന്നിവയുമായി ചേര്‍ന്ന് പൊതു, സ്വകാര്യ ആശുപത്രികളില്‍ പ്രസവ പരിചരണത്തില്‍ പാലിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പാക്കി. മാതൃമരണത്തിനുള്ള രണ്ട് പ്രധാന കാരണങ്ങളായ പ്രസവാനന്തര രക്തസ്രാവം (പിപിഎച്ച്), രക്താതിമര്‍ദ്ദം എന്നിവ പരിഹരിക്കുന്നതിനായി അഞ്ച് ലളിതമായ ഘട്ടങ്ങളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളിലും പ്രൊഫഷണല്‍ ബോഡികളുമായി പങ്കാളിത്തമുള്ള ആശുപത്രികളിലും ഗുണനിവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും വഴി ശിശുക്കളുടെയും നവജാതശിശുക്കളുടെയും മെച്ചപ്പെട്ട പരിചരണം സാധ്യമാക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ജ?നാ ഹൃദ്രോഗം, കുറഞ്ഞ ജനന ഭാരം എന്നിവ പോലുള്ള രക്ഷിക്കാവുന്ന എല്ലാ കുഞ്ഞുങ്ങളുടെയും നിലനില്‍പ്പ് മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം.
രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ 2014 ലെ സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം (എസ്ആര്‍എസ്) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഐഎംആര്‍ 12 ആയിരുന്നു. കൂടാതെ പ്രതിവര്‍ഷം 6,000 ശിശുമരണങ്ങള്‍ ഉണ്ടാകുമെന്നും പ്രവചിക്കുന്നു. എസ്ഡിജിയുടെ കീഴില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചതിനുശേഷം, ഐഎംആര്‍, എംഎംആര്‍ എന്നിവയുടെ കണക്കുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പ്രശംസനീയമായ ഫലങ്ങള്‍ നല്കി.