in , , , , , , , ,

അറിയുമോ നിങ്ങള്‍ ഇന്ത്യയുടെ ആര്‍ത്തവ മനുഷ്യന്‍ അരുണാചലം മുരുകാനന്ദിനെ

Share this story

ബോള്‍ ബ്ലാഡര്‍കൊണ്ട് കൃത്രിമഗര്‍ഭപാത്രം ഉണ്ടാക്കി അതില്‍ ആട്ടിന്‍ ചോര നിറച്ച് അത് അരയില്‍ കെട്ടിയയാള്‍. നാട്ടുകാര്‍ അയാളെ ഭ്രാന്തനെന്നും ലൈംഗീക രോഗിയെന്നും മുദ്രകുത്തി. ഭാര്യയും അമ്മയും അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. നാട്ടില്‍ നിന്നു പുറത്താക്കപ്പെട്ടു. 2014ല്‍ ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാളായി അയാളെ തെരഞ്ഞെടുത്തു. 2016 ല്‍ രാജ്യം അയാളെ പത്മശ്രീ നല്‍കി ആദരിച്ചു. 2018 ല്‍ അയാളുടെ ജീവിതകഥ ബോളിവുഡിന്റെ വെള്ളിത്തിരയിലുമെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം ‘പാഡ്മാന്‍’ അരുണാചലം മുരുകാനന്ദം.

കീറത്തുണിയെന്ന സാനിറ്ററി നാപ്കിന്‍

അരുണാചലം മുരുകാനന്ദം എന്ന തമിഴ്‌നാട്ടുകാരന്‍ നിശ്ചയ ദാര്‍ഢ്യം കൊണ്ട് മാത്രം ജീവിതവിജയം നേടിയ ആളാണ്. സാനിറ്ററി നാപ്കിനുകള്‍ വിദൂര സ്വപ്നം മാത്രമായിരുന്ന, ആര്‍ത്തവ സമയത്ത് കീറതുണികളും പഴയ പത്രങ്ങളും ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ നാട്ടിന്‍പുറങ്ങളിലേക്കാണ് തുഛമായ വിലയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കുന്ന മെഷീനുകള്‍ എത്തിച്ച് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അരുണാചലം മുരുകാനന്ദം വിപ്ലവം തീര്‍ത്തത്. ഇങ്ങനെ ഒരു പരിശ്രമത്തിന് ഇറങ്ങിത്തിരിക്കാനുള്ള കാരണം തന്റെ ഭാര്യ തന്നെയായിരുന്നെന്ന് അരുണാചലം പറയുന്നു.
1998ലാണ്, മുരുകാനന്ദത്തിന്റെ കല്ല്യാണം കഴിഞ്ഞത.് അക്കാലത്ത് ഭാര്യ ശാന്തി പഴന്തുണി ശേഖരിക്കുന്നതുകണ്ട് ‘നിനക്ക് നാപ്കിന് വാങ്ങിക്കൂടേ’ എന്ന് മുരുകാനന്ദം ചോദിച്ചതും ‘നാപ്കിന്‍ വാങ്ങിയാല്‍പ്പിന്നെ കുട്ടികള്‍ക്ക് പാലുവാങ്ങാന്‍ കാശുണ്ടാവില്ല’ എന്നായിരുന്നു മറുപടി. ഭാര്യയെ സന്തോഷിപ്പിക്കാന്‍ കടയിലെത്തി സാനിറ്ററി നാപ്കിന്‍ വാങ്ങിയപ്പോഴാണ് മുരുകാനന്ദത്തിന് കൊള്ള മനസിലായത്. 10 പൈസ വിലയുള്ള 10 ഗ്രാം പഞ്ഞികൊണ്ടുണ്ടാക്കിയ ഒരു സാനിറ്ററി പാഡ് നാലുരൂപയ്ക്കാണ് കമ്പനികള്‍ വില്‍ക്കുന്നത്. ആ നിലയ്ക്ക് നോക്കിയാല്‍ തന്റെ ഭാര്യയെപ്പോലുള്ള ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഒരുകാലത്തും പഴന്തുണിയില്‍നിന്ന് മോചനമുണ്ടാവില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. വിലകുറഞ്ഞ നാപ്കിന്‍ ഉണ്ടാക്കാനുള്ള മുരുകാനന്ദത്തിന്റെ ശ്രമം അവിടെയാണ് തുടങ്ങുന്നത്.
ആദ്യം ഉണ്ടാക്കിയ നാപ്കിന്‍ ഭാര്യയോട് ഉപയോഗിച്ച് നോക്കാന്‍ പറഞ്ഞു. എന്നാല്‍ ആര്‍ത്തവ സമയം വരെ കാത്തുനില്‍ക്കണമെന്ന ഭാര്യയുടെ മറുപടി കേട്ടപ്പോഴാണ് ആര്‍ത്തവം കൃത്യമായ ഇടവേളകളില്‍ ഉണ്ടാകുന്നതാണെന്ന് മുരുകാനന്ദത്തിന് മനസിലായത്. എന്നാല്‍ മുരുകാനന്ദത്തിന് കാത്തിരിക്കാന്‍ കഴിയില്ലായിരുന്നു. അദ്ദേഹം സന്നദ്ധരായ സ്ത്രീകളെ അന്വേഷിച്ചു. എന്നാല്‍ തന്റെ ഗ്രാമത്തിലെ ഭൂരിഭാഗം സ്ത്രീകളും പഴന്തുണിയാണ് ഉപയോഗിക്കുന്നതെന്ന സത്യം മനസിലാക്കിയ മുരുകാനന്ദം തൊട്ടടുത്ത മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ സഹായം തേടി. തുടര്‍ന്ന് 20 പെണ്‍കുട്ടികള്‍ സഹകരിക്കാന്‍ സമ്മതിച്ചു. പക്ഷേ, പാഡ് ഉപയോഗിച്ചശേഷമുള്ള അഭിപ്രായം അറിയാന്‍ ചെന്നപ്പോഴാണ് മൂന്ന് പെണ്‍കുട്ടികള്‍ മറ്റുള്ളവരുടേയും അഭിപ്രായങ്ങള്‍ എഴുതി നിറയ്ക്കുന്നത് അദ്ദേഹം കണ്ടത്.

സമൂഹം കോമാളിയാക്കിയ നാളുകള്‍

ഇതോടെ സാനിറ്ററി പാഡ്‌സ്വയം ഉപയോഗിച്ചു നോക്കാന്‍ തീരുമാനിച്ചു. ഫുട്‌ബോള്‍ ബ്ലാഡര്‍കൊണ്ട് കൃത്രിമഗര്‍ഭപാത്രം ഉണ്ടാക്കി, അതില്‍ ആടിന്റെ ചോര നിറച്ച് അരയില്‍ കെട്ടിയായിരുന്നു പരീക്ഷണം. നാട്ടുകാര്‍ മുരുകാനന്ദത്തിനെ ഭ്രാന്തന്‍ എന്നും ലൈംഗീക രോഗിയെന്നും ആക്ഷേപിച്ചു. മുരുകാനന്ദത്തിന്റെ പ്രവൃത്തികളില്‍ മനംമടുത്ത് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. മുറിയില്‍ നിറയെ സാനിറ്ററി നാപ്കിനുമായി പരീക്ഷണം നടത്തുന്നത് കണ്ടതോടെ അമ്മയും വീട്ടില്‍ നിന്നു പോയി. ദുര്‍മന്ത്രവാദി എന്നാരോപിച്ച് നാട്ടില്‍നിന്നു പറഞ്ഞുവിട്ടു.

വിജയത്തെ മടയില്‍ ചെന്നു പിടിച്ചു

കുറെ മാസങ്ങളിലെ പരീക്ഷണത്തിന് ശേഷം സാനിറ്ററി നാപ്കിന്‍ നിര്‍മിക്കാന്‍ വലിയ കമ്പനികള്‍ ഉപയോഗിക്കുന്ന വസ്തു ഏതാണെന്ന് കണ്ടെത്തി. പിന്നെ വെല്ലുവിളി അതിനായുള്ള മെഷീന്‍ നിര്‍മിക്കുക എന്നതായിരുന്നു. എന്നാല്‍ തോറ്റു പിന്‍മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ പരീക്ഷണങ്ങളും പഠനങ്ങളും അന്വേഷണങ്ങളും തുടര്‍ന്ന് കൊണ്ടേയിരുന്നു അവസാനം മുരുകാനന്ദം വിജയിക്കുക തന്നെ ചെയ്തു. അങ്ങനെ കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുണ്ടാക്കുന്ന മെഷീന്റെ പേറ്റന്റ് നേടുന്ന ആദ്യ വ്യക്തിയായി മുരുകാനന്ദം മാറി. 18 മാസം കൊണ്ട് 250 മെഷീനുകള്‍ നിര്‍മിച്ചു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചു. വൈകാതെ 23 സംസ്ഥാനങ്ങളിലെ 1300 ലധികം ഗ്രാമങ്ങളിലേക്ക്. ഒരുദിവസം ഒരു ഫോണ്‍വിളി മുരുകാനന്ദത്തിനെ തേടിയെത്തി. മറുപുറത്ത് ഭാര്യ ശാന്തിയായിരുന്നു. പിന്നെ നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം മുരുകനാന്ദന് തിരിച്ചുകിട്ടി.
സാനിറ്ററി നാപ്കിന്‍ ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിക്കുക എന്നത് മാത്രമായിരുന്നില്ല മുരുകാനന്ദന്റെ ലക്ഷ്യം. തന്റെ കണ്ടുപിടിത്തത്തിന്റെ സഹായത്തോടെ ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുക എന്നത് കൂടിയായിരുന്നു. അതത് സംരംഭങ്ങളുടെ സാനിറ്ററി നാപ്കിനുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട പേരുകള്‍.

സമ്പാദ്യം സന്തോഷം

കുത്തക സാനിറ്ററി നാപ്കിന്‍ കമ്പനികളെ മറികടന്ന് എങ്ങനെ വിപണിയില്‍ വിജയിച്ചു എന്ന ചോദ്യത്തിന് മുരുകാനന്ദം നല്‍കിയ ഉത്തരം ‘അവര്‍ കൊതുകുകളെ പോലെ ചോര ഊറ്റിയപ്പോള്‍ ഞങ്ങള്‍ ചിത്രശലഭങ്ങളെപ്പോലെ തേന്‍ നുകര്‍ന്നു, ഞാന്‍ കുറെയേറെ പണം സമ്പാദിച്ചിട്ടില്ല എന്നാല്‍ കുറെ സന്തോഷം സമ്പാദിച്ചിട്ടുണ്ട്’

കേരളത്തിന്റെ കോവിഡ് നിയന്ത്രണ മികവ്: യുഎന്‍ വെബിനാര്‍ ഫെബ്രു 17 മുതല്‍

മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനായുള്ള നയപരിപാടികള്‍ ആരോഗ്യവകുപ്പിന്റെ അന്താരാഷ്ട്ര വെബിനാറില്‍ ചര്‍ച്ചക്ക്