ചെറിയൊരു തലവേദന വന്നാലുടന്‍ വേദനസംഹാരികള്‍ കഴിക്കുന്നവരാണ് നമ്മളിലേറെ പേരും. എന്നാല്‍ ഇത്തരം സ്വയം ചികിത്സകളുടെ ദോഷഫലങ്ങളെക്കുറിച്ച് അധികമാരും ബോധവാന്മാരല്ല എന്നതാണ് സത്യം. എന്നാല്‍ വേദന സംഹാരികളുടെ അമിതമായ ഉപയോഗം പൊണ്ണത്തടിയും ഉറക്കമില്ലായ്മയും ഉണ്ടാക്കുമെന്നാണ് പഠനഫലം.
വേദനസംഹാരികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും പഠനം പറയുന്നു. യുകെ ന്യൂകാസില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വേദനസംഹരികള്‍ ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് പഠനം നടത്തിയത്.
Gabapentin, Pregabilin and Opiatse തുടങ്ങിയ വേദനസംഹാരികളുടെ ഉപയോഗം പൊണ്ണത്തടി, രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കിയെന്ന് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മാത്രമല്ല, ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ എന്നിവ പ്രധാന പ്രശ്നമായി ഇത്തരക്കാരില്‍ കണ്ടുവരുന്നുവെന്നും പഠനം വിശദീകരിക്കുന്നു.
കാര്‍ഡിയോമെറ്റബോളിക് ഹെല്‍ത്ത്, കാര്‍ഡിയോവാസ്കുലാര്‍ രോഗങ്ങളും ജീവശാസ്ത്രവും തമ്മിലുള്ള പരസ്പരബന്ധം എന്നിവ ഗവേഷകര്‍ വിലയിരുത്തി. ബോഡി മാസ് ഇന്‍ഡക്സ്, ഇടുപ്പളവ്, രക്തസമ്മര്‍ദം എന്നിവയും നിരീക്ഷണവിധേയമാക്കി. മൈഗ്രേന്, ഡയബറ്റിക് ന്യൂറോപ്പതി, നടുവേദന എന്നീ രോഗാവസ്ഥകളും പഠനത്തില്‍ ഉള്‍പ്പെട്ടു.
പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് കുറഞ്ഞ കാലയളവിലേക്കു മാത്രമേ വേദനസംഹാരികള്‍ നല്‍കാവൂ എന്നു ഗവേഷകര്‍ പറയുന്നു. അതേസമയം വേദനസംഹാരികള്‍ ശരീരത്തിന്റെ ഉന്മേഷാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഊര്‍ജസ്വലമായി കാര്യങ്ങള്‍ ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നുവെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിഞ്ഞ വേദനസംഹാരികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.