ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പുരുഷന്മാരേക്കാള് പെണ്‍കുട്ടികളെയാണ് ഏറെ ബാധിയ്ക്കുന്നത്. ഇത്തരത്തില്‍ ഒന്നാണ് പിസിഒഡി. പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍ എന്ന അവസ്ഥ. പണ്ടു കാലത്ത്, അതായത് 5-10 വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഇത് 5 ശതമാനം പെണ്‍കുട്ടികളെ മാത്രം ബാധിയ്ക്കുന്ന അവസ്ഥയായിരുന്നുവെങ്കില്‍ ഇന്നത് 40 ശതമാനം വരെ പെണ്‍കുട്ടികളെ ബാധിയ്ക്കുന്നു.
രണ്ടു മൂന്നു മാസം വരുമ്പോള്‍ മാത്രം ആര്‍ത്തവം വരിക, വന്നാല്‍ തന്നെ വളരെ കുറവു ബ്ലീഡിംഗ്, വിവാഹ ശേഷം വന്ധ്യതാ പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ ഈ രോഗം വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളാണ്. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് പിസിഒഡി ഉള്ളവരില്‍ വന്ധ്യതാ സാധ്യത പത്തിരട്ടിയാണെന്നു പറയാം.
പിസിഒഡിയുണ്ടെങ്കില് ഇതു മാത്രമല്ല, അമിത വണ്ണം, കൊളസ്ട്രോള്‍ – പ്രമേഹ സാധ്യത, സന്ധി വേദന, ഫാററി ലിവര്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. ഹൃദ്രോഗം പോലുള്ള അവസ്ഥയിലേയ്ക്കു വരെ ഇതു സാധ്യതയുണ്ടാക്കും.
സാധാരണ മാസമുറയുണ്ടാകുന്ന പെണ്‍കുട്ടികളില്‍ രണ്ടു ഭാഗത്തും അണ്ഡാശയം അഥവാ ഓവറിയുണ്ട്. ഇതില്‍ ഓരോ മാസവും ഓരോന്നു വീതം അണ്ഡാശത്തില്‍ അണ്ഡം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് പിസിഒഡി ഉള്ള പെണ്‍കുട്ടികളിലും സംഭവിയ്ക്കുന്നു. എന്നാല്‍ ഈ രോഗമില്ലാത്തവരില്‍ ഈ അണ്ഡം വളര്‍ന്നു പ്രത്യുല്പാദനത്തിന് പാകപ്പെടുന്നു. പിസിഒഡി ഉള്ളവരില്‍ ഇത് പൂര്‍ണ വളര്‍ച്ച പ്രാപിയ്ക്കുന്നില്ല. ഇതിനാല്‍ ഈ അണ്ഡം ഓവറിയില്‍ നിന്നും ഫെല്ലോപിയന്‍ ട്യൂബിലേയ്ക്കു പോകാതെ അണ്ഡത്തില് തന്നെ നില നില്ക്കുന്നു.
സ്കാനിംഗില്‍ അണ്ഡാശത്തില്‍ തന്നെ ഇത്തരം പല മാസങ്ങളില്‍ രൂപപ്പെടുന്ന അണ്ഡം ഇതേ രീതിയില്‍ ചെറിയ മുകുളങ്ങളായി കാണപ്പെടുന്നു. ഈ പെണ്‍കുട്ടികളില്‍ മുഖത്ത് അമിത രോമവളര്‍ച്ചയുണ്ടാകുന്നു. സ്വരം പുരുഷന്മാരുടേതു പോലെ പരുക്കനാകുന്നു. മുഖത്തും നിതംബ, തുട ഭാഗങ്ങളിലും തടി വയ്ക്കുന്നു. മുഖക്കുരു കൂടുന്നു, നിറം കുറയുന്നു തുടങ്ങിയ പല അവസ്ഥകള്‍ കാണുന്നു. ഇതിനെ പിസിഒഎസ് എന്നതിന് പകരം പിസിഒഡി എന്നാണ് പറയുന്നത്.
ഇത് ഇന്‍സുലിന്‍ ഹോര്‍മോണുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. കുടുംബത്തില്‍ പ്രമേഹ സാധ്യത, വണ്ണം എന്നിവയുള്ള പാരമ്പര്യമെങ്കില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയുണ്ടാകുന്നു. പാന്‍ക്രിയാസ് ഉല്പാദിപ്പിയ്ക്കുന്ന ഇന്‍സുലിന്‍ ഷുഗര്‍ തന്മാത്രകളെ ദഹിപ്പിയ്ക്കുന്നു. എന്നാല്‍ ഇന്‍സുലിന്‍ ഈ പഞ്ചസാര തന്മാത്രയെ തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ ഷുഗര്‍ കൂടും, ഇന്‍സുലിനും കൂടും.
ഇത്തരം പെണ്‍കുട്ടികള്‍ക്ക് ഷുഗര്‍ താല്പര്യം കൂടും, ചോറിനോട് താല്പര്യം കൂടും, ചുരുങ്ങിയ സമയം കൊണ്ട് ധാരാളം കഴിയ്ക്കും, എത്ര കഴിച്ചാലും ക്ഷീണമാകും. ഇന്‍സുലിന്‍ പ്രശ്നം കാരണം കഴിയ്ക്കുന്ന ഭക്ഷണം കൊഴുപ്പായി അടിഞ്ഞു കൂടുന്നു. ഇത്തരം ഹോര്‍മോണ്‍ പ്രശ്നം കാരണം തലച്ചോറിലെ ഹൈപ്പോതലാമസ് ഗ്രന്ഥി പുരുഷ ഹോര്‍മോണ്‍ കൂടുതല്‍ ഉല്പാദിപ്പിയ്ക്കുന്നു. ഇതാണ് ഇവരുടെ ശരീരം പുരുഷ ലക്ഷണം കാണിയ്ക്കുന്നതിന് കാരണമാകുന്നത്. സ്ത്രീ ഹോര്മോണേക്കാള് പുരുഷ ഹോര്‍മോണ്‍ ഉണ്ടാകുന്നു.
പിസിഒഡിയ്ക്ക് പാരമ്പര്യം ഒരു കാരണമാണ്. ലൈഫ് സ്റ്റൈല്‍ കാരണവുമാണ്. സാധാരണ മാസമുറ വരെ പെണ്‍കുട്ടികള്‍ സ്പോട്സ്, ഡാന്‍സ് പോലുളളവയില്‍ ഏറെ ആക്ടീവാകും. എന്നാല്‍ അല്പം വളര്‍ന്നാല്‍ പഠനം കാരണവും മറ്റും പെണ്‍കുട്ടികള്‍ അല്പം പിന്നോട്ടു മാറും. ഇത് വ്യായാമക്കുറവിന് കാരണമാകുന്നു. മാത്രമല്ല, പഠനത്തിലുള്ള ടെന്‍ഷനും. ഇതെല്ലാം തന്നെ ഇന്‍സുലിന്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് പല പെണ്‍കുട്ടികളിലും പെട്ടെന്നു തന്നെ തടി വര്‍ദ്ധിപ്പിയ്ക്കുന്നതിന് കാരണമാകും. പലപ്പോഴും ഈ സമയത്ത് നിറം വര്‍ദ്ധിയ്ക്കും.
ഇതിനൊപ്പം ആര്‍ത്തവം ക്രമക്കേടുകള്‍ കാണുന്നു. എല്ലാ മാസവും ആര്‍ത്തവം വരില്ല. ആര്‍ത്തവ ബ്ലീഡിംഗ് ആദ്യ നാലു ദിവസ ശേഷം ഉണ്ടാകുന്നു. ഇത് ചിലപ്പോള്‍ 10 ദിവസം വരെ നീണ്ടു നില്ക്കും. കടുത്ത വയറു വേദനയുമുണ്ടാകും. വിവാഹശേഷം അണ്ഡവളര്ച്ചയില്ലാത്തതിനാല് ബീജ സങ്കലനം നടക്കുന്നില്ല. ഇനി ഇങ്ങനെ നടന്നാല്‍ തന്നെ ഗര്‍ഭപാത്ര ഭിത്തിയില്‍ ഈ ഭ്രൂണത്തിന് പറ്റിപ്പിടിച്ചു വളരാന്‍ സാധിയ്ക്കുന്നുമില്ല. മാത്രമല്ല, ഇതുള്ളവര്‍ക്ക് അബോര്ഷന് സാധ്യത കൂടുതലാണ്.
ഇത്തരക്കാര്‍ ഭക്ഷണത്തിലും ലൈഫ് സ്റ്റൈലിലും വ്യത്യാസം വരുത്തിയാല്‍ ഗുണമുണ്ടാകും. ശരീര ഭാരം കുറയ്ക്കുക. 10 ശതമാനം വരെ ഭാരം കുറച്ചാല്‍ ഏറെ ഗുണമുണ്ടാകും. ഇവര്‍ക്ക് സ്വാഭാവിക ഓവുലേഷന് വരും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സെങ്കില്‍ അമിതമായി വിശപ്പുണ്ടാകും. ഇത് കൊഴുപ്പായി രൂപാന്തരപ്പെടും. ഇവര്‍ വല്ലാതെ വിശന്നിരിയ്ക്കുന്നത് ഒഴിവാക്കുക. ഇത് കൂടുതല്‍ കഴിയ്ക്കാന്‍ ഇടയാക്കും. ഇതു പോലെ രണ്ടു മൂന്നു മണിക്കൂര്‍ കൂടുമ്പോള്‍ മിതമായി കഴിയ്ക്കാം. പെട്ടെന്നു ദഹിയ്ക്കാത്ത, ഗ്ലൈസമിന്‍ ഇന്‍ഡെക്സ് കൂട്ടാത്ത ഭക്ഷണം കഴിയ്ക്കാം. തവിടു കളയാത്ത ധാന്യങ്ങള്‍, മൈദ പോലുള്ളവ ഒഴിവാക്കി ഗോതമ്പു പോലുള്ളവ, അതായത് വൈററ് ബ്രെഡിന് പകരം ഗോതമ്പ് ബ്രെഡ് എന്നിവ.
ധാരാളം ഫ്രൂട്സ് കഴിയ്ക്കുക. ബേക്കറി പലഹാരം, കൃത്രിമ മധുരമുളളവ എന്നിവ ഒഴിവാക്കുക. സാലഡുകള്‍ കഴിയ്ക്കുക. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസമിക് ഇന്‍ഡെക്സ് കുറയ്ക്കാന്‍ സഹായിക്കും. പയര്‍, കടല പോലുള്ള പ്രോട്ടീന്‍ അടങ്ങിയവ കഴിയ്ക്കാം.
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ പോലുള്ളവ നല്ലതാണ്. ചൂര, അയില, ചാള പോലുളളവ, നട്സ് എന്നിവ കഴിയ്ക്കാം. വൈറ്റമിന്‍ ഡി അടങ്ങിയവ കഴിയ്ക്കാം. കാരണം ഈ രോഗമുള്ളവരില്‍ വൈറ്റമിന്‍ ഡി കുറയുന്നതായി കാണാറുണ്ട്. തൈര്, മോര് എന്നിവ പോലുള്ള പ്രോ ബയോട്ടിക്സ് കഴിയ്ക്കാം.
ഉറക്കം വളരെ പ്രധാനമാണ്. ഉറക്കമിളക്കരുത്. ഇത് പിസിഒഡി വര്‍ദ്ധിപ്പിയ്ക്കും. സ്ട്രെസ് കുറയ്ക്കുക. റിലാക്സ്ഡ് ആകുക. ദിവസവും 40 മിനിറ്റ് വ്യായാമം ചെയ്യുക. വ്യായാമം മാസമുറ സമയത്തും ചെയ്യാം. ഇതെല്ലാം സഹായിക്കും.
ഇത്തരം ലൈഫ് സ്റ്റൈല്‍ വ്യത്യാസങ്ങളിലൂടെ, ഭക്ഷണ ചിട്ടകളിലൂടെ ഇത് ഒരു വലിയ പരിധി വരെ പരിഹരിയ്ക്കാം. ഇത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വന്ധ്യത പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മോചനം നേടാന്‍ സഹായിക്കുകയും ചെയ്യുന്നു.