- Advertisement -Newspaper WordPress Theme
FITNESSവൃക്കരോഗം ഗുരുതരമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍

വൃക്കരോഗം ഗുരുതരമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍

വൃക്കരോഗം സങ്കീര്‍ണമായി മാറുകയോ സങ്കീര്‍ണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ശരീരം ചില സൂചനകള്‍ നല്‍കാറുണ്ട്. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാന്‍ വൈകരുത്.

ആരോഗ്യവാനായ ഒരാള്‍ രാത്രിയില്‍ ഒരു തവണയും പകല്‍ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം.

മൂത്രമൊഴിക്കുമ്പോള്‍ അമിതമായി പതയുകയോ നുരയുകയോ കുമിളകള്‍ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. സാധാരണമല്ലാത്ത വിധം മൂത്രം നേര്‍ത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അല്‍പാല്‍പമായി പോകുക, മൂത്രത്തിന്റെ നിറം കട്ടന്‍ ചായയുടെ നിറം പോലെയാകുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കാന്‍ പ്രയാസം നേരിടുക മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നില്‍ക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉല്‍പാദനവും വളര്‍ച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീര പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കള്‍ക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു.വിളര്‍ച്ചയുണ്ടാകുന്നു.

കടുത്തക്ഷീണം അനുഭവപ്പെടുന്നു.

ചിലര്‍ക്ക് തണുപ്പും അനുഭവപ്പെടും. ഓക്‌സിജന്‍ കുറയുന്നതുമൂലവും ശ്വാസകോശത്തില്‍ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു വേണ്ട ഓക്‌സിജന്‍ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

രുചിയില്ലായ്മയും ദുര്‍ഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാല്‍ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛര്‍ദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

ചൊറിച്ചില്‍

ശരീരത്തില്‍ മാലിന്യം പുറന്തള്ളുന്നതില്‍ വൃക്കകള്‍ പരാജയപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകാന്‍ ഇടയാകും.

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയില്‍ നീര്‍ക്കുമിളകള്‍ രൂപംകൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകള്‍ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങള്‍ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാല്‍ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme