- Advertisement -Newspaper WordPress Theme
FOODശരീരത്തില്‍ ഇരുമ്പിന്റെ അപര്യാപ്തത വിളര്‍ച്ചയ്ക്ക് കാരണമാകും

ശരീരത്തില്‍ ഇരുമ്പിന്റെ അപര്യാപ്തത വിളര്‍ച്ചയ്ക്ക് കാരണമാകും

ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അവശ്യമായ ധാതുക്കളില്‍ ഒന്നാണ് ഇരുമ്പ്. ചുവന്ന രക്താണുക്കളിലെ ഓക്‌സിജന്‍ വാഹക പ്രോട്ടീനായ ഹീമോഗ്ലോബിന്റെയും മറ്റ് ചില ഹോര്‍മോണുകളുടെയും ഉത്പാദനത്തിന് ശരീരം ഇരുമ്പ് ഉപയോഗപ്പെടുത്തുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ആര്‍ത്തവമുള്ള സ്ത്രീകളില്‍ പലപ്പോഴും ഇരുമ്പിന്റെ അപര്യാപ്തത കാണപ്പെടാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും വിളര്‍ച്ചയ്ക്കും ഇരുമ്പിന്റെ അസാന്നിധ്യം കാരണമാകുന്നു. പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ പ്രതിദിനം 8 മില്ലിഗ്രാമും പ്രായപൂര്‍ത്തിയായ സ്ത്രീ 18 മില്ലിഗ്രാമും ഇരുമ്പ് ഒരു ദിവസം കഴിക്കണമെന്നാണ് ഡയറ്റീഷ്യന്മാര്‍ ശുപാര്‍ശ ചെയ്യുന്നത്.

ചുവന്ന് തുടുത്ത കവിളുകളൊക്കെ ഉണ്ടാകണമെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിന് ഇരുമ്പിന്റെ സാന്നിധ്യം ഉണ്ടാകണം. ഇരുമ്പിന്റെ അപര്യാപ്തത നേരിടുന്നവരുടെ ചര്‍മം നിറം മങ്ങിയതായിരിക്കും.

ഇരുമ്പിന്റെ അപര്യാപ്തതയുള്ളവരില്‍ ചെറിയ ശാരീരിക അധ്വാനം പോലും ശ്വാസംമുട്ടല്‍ ഉണ്ടാക്കാം. ഇവയുടെ അഭാവം ഹീമോഗ്ലോബിന്‍ നിര്‍മാണത്തെ ബാധിക്കുന്നതാണ് ഇതിന്റെ കാരണം.

അമിതമായ ക്ഷീണവും ഇരുമ്പ് ആവശ്യത്തിന് ശരീരത്തില്‍ എത്തുന്നില്ല എന്നതിന്റെ സൂചനയാണ്. ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന, തലകറക്കം എന്നിവയും ഇരുമ്പിന്റെ അപര്യാപ്തത മൂലമാകാം.

ചര്‍മത്തിന് പുറമേ മുടിയുടെ ആരോഗ്യത്തിലും ഇരുമ്പിന്റെ അഭാവം ദൃശ്യമാകാം. അമിതമായ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നവര്‍ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്ക് പിന്നാലെ പോകും മുന്‍പ് ശരീരത്തിലെ ഇരുമ്പിന്റെ അംശം പരിശോധിക്കുന്നത് നന്നായിരിക്കും.

ഇരുമ്പിന്റെ അഭാവം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെയും താളംതെറ്റിക്കാം. നെഞ്ചിടിപ്പിലെ വ്യതിയാനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം.

ഇരുമ്പിന്റെ അഭാവം നാക്കിനും തടിപ്പ് ഉണ്ടാക്കുന്നു. നാക്കിലെ തടിപ്പിനൊപ്പം മറ്റ് ലക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഡോക്ടറെ സമീപിക്കേണ്ടതാണ്.

ചര്‍മത്തെയും മുടിയെയും എന്ന പോലെ നഖത്തിന്റെയും ആരോഗ്യത്തെ ഇരുമ്പിന്റെ അഭാവം ബാധിക്കുന്നു. നഖം തനിയെ ഒടിഞ്ഞു പോകുന്നതിന്റെ കാരണം ഒരു പക്ഷേ ഇതാകാം.

കാലുകള്‍ക്ക് ഇടയ്ക്കിടെയുണ്ടാകുന്ന തരിപ്പും മരവിപ്പും ഇരുമ്പിന്റെ അപര്യാപ്തത മൂലമാകാം.

പച്ചക്കറികള്‍, ചീര പോലുള്ള ഇലക്കറികള്‍, ബീന്‍സ്, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, മുളപ്പിച്ച പയര്‍, തക്കാളി, മാംസം, മുട്ട, മീന്‍ എന്നിവയെല്ലാം ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണവിഭവങ്ങളാണ്. ഇതിനു പുറമേ സപ്ലിമെന്റുകളുടെ രൂപത്തിലും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുമ്പിന്റെ സാന്നിധ്യം ശരീരത്തില്‍ ഉറപ്പ് വരുത്താറുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme