നോണ്‍-സ്റ്റിക് പാത്രങ്ങളില്‍ പാകം ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. എന്നാല്‍ നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന വാദം തുടക്കം തൊട്ടുള്ളത് പോലെ തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്ന് ഇന്നും അറിയില്ല.
ഇപ്പോഴിതാ പുതിയൊരു പഠനം പറയുന്നത് ശ്രദ്ധിക്കൂ. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വിയോണ്‍മെന്റ് എന്ന പ്രസിദ്ധീകരണത്തിലാണ് ഫ്‌ളിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റി ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
നോണ്‍-സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ ധാരാളം മൈക്രോപ്ലാസ്റ്റിക്‌സ് ഭക്ഷണത്തിലേക്ക് കലരുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. ടെഫ്‌ലോണ്‍ കോട്ടിംഗ് ഉള്ള നോണ്‍-സ്റ്റിക് പാത്രങ്ങളാണെങ്കില്‍ ഇതില്‍ നിന്ന് 9,100 തരം നേര്‍ത്ത ഘടകങ്ങള്‍ പുറത്തുവരാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് പതിയെ അല്‍പാല്‍പമായി ഭക്ഷണത്തില്‍ കലരുകയും നാമത് കഴിക്കുകയും ചെയ്യുന്നു.
ഈ പാത്രങ്ങള്‍ നമ്മള്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ഇടവിട്ട് കഴുകുന്നത് കൊണ്ട് ഇതിന്റെ കോട്ടിംഗ് ഇളകിവരും. ഇതോടെയാണ് ഇവയില്‍ നിന്നും ശരീരത്തിന് അനാരോഗ്യകരമാകുന്ന ഘടകങ്ങള്‍ വേര്‍പെട്ട് വരാന്‍ തുടങ്ങുന്നതത്രേ.
ടെഫ്‌ളോണ്‍ എന്ന് പറയുന്നത് ലബോറട്ടറിയില്‍ തയ്യാറാക്കുന്ന തരം കെമിക്കലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ക്രമേണ ഇവ ദോഷമാകുമെന്നും ഇവര്‍ പറയുന്നു. സാങ്കേതികവിദ്യകളുപയോഗിച്ചുള്ള പഠനത്തില്‍ ഗവേഷകര്‍ ടെഫ്‌ളോണ്‍ കോട്ടിംഗിലുള്ള കണ്ണ് കൊണ്ട് കാണാന്‍ സാധിക്കാത്ത മൈക്രോപ്ലാസ്റ്റിക്‌സ് നാനോപ്ലാസ്റ്റിക്‌സ എന്നിവയെല്ലാം കണ്ടെത്തി. 5 മില്ലിമീറ്ററിലും ചെറിയ ഘടകങ്ങളെയാണ് ‘മൈക്രോപ്ലാസ്റ്റിക്‌സ്’ എന്ന് പറയുന്നത്. ഒരു മൈക്രോമീറ്ററിലും കുറവുള്ള ഘടകങ്ങളെ ‘നാനോപ്ലാസ്റ്റിക്‌സ്’ എന്നും വിളിക്കുന്നു. ഇവ മറ്റ് പ്ലാസ്റ്റിക്കിനെ പോലെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതല്ല.




