അപസ്മാരം തലച്ചോറിനെ പൊതുവായി ബാധിക്കുന്നതും-ജനറല്‍ എപിലെപ്‌സി, ചില ഭാഗങ്ങളെ മാത്രം ബാധിക്കുന്നതും- ഫോക്കല്‍ അല്ലെങ്കില്‍ പാര്‍ഷ്യല്‍ എപിലെപ്‌സി- ഉണ്ട്. അപസ്മാരം സംഭവിക്കുമ്പോള്‍ കൈകാലുകള്‍ അതിശക്തമായി വിറയ്ക്കുകയും കണ്ണ് മുകളിലേക്ക് പോകുകയും ചെയ്യും, ബലം പിടിക്കും, വായില്‍ നിന്ന് നുരയും പതയും വരും. അറിയാതെ മലമൂത്ര വിസര്‍ജ്ജനം നടക്കാം, നാവു കടിച്ചു മുറിക്കാം. ഇതൊക്കെയാണ് പൊതുവായി കണ്ടുവരാറുള്ള അപസ്മാരം. ചുണ്ടുമാത്രം അല്ലെങ്കില്‍ ശരീരത്തിന്റെ ഒരു ഭാഗം മാത്രം ചലിക്കുക തുടങ്ങിയവയാണ് പാര്‍ഷ്യല്‍ സീഷറില്‍ കണ്ടു വരാറുള്ളത്. ചുറ്റുപാടുകളില്‍ നിന്ന് കുറച്ചു സമയത്തേക്ക് പൂര്‍ണ്ണമായി വിട്ടുപോകുകയും പിന്നീട് അതേക്കുറിച്ച് ഒന്നും ഓര്‍മ്മയില്ലാതെ വരികയും ചെയ്യുന്നതാണ് കോംപ്ലക്‌സ് പാര്‍ഷ്യല്‍ സീഷര്‍. ഇങ്ങനെ പല തരത്തിലുണ്ട് അപസ്മാരങ്ങള്‍.
തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് അപസ്മാരം. രോഗമല്ല, അതൊരു രോഗലക്ഷണമാണ്. കോശങ്ങളിലേക്കുള്ള വൈദ്യുത തരംഗങ്ങളാണ് നമ്മുടെ ഓരോ ചലനങ്ങളും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. ചില ഘട്ടങ്ങളില്‍ ഈ വൈദ്യുത തരംഗങ്ങള്‍ അനിയന്ത്രിതമായ നിലയിലുണ്ടാവുമ്പോള്‍ നമ്മുടെ ചലനങ്ങളെല്ലാം നമ്മുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകും. ഇതാണ് അപസ്മാരമെന്നും ചുഴലി എന്നുമൊക്കെ വിളിക്കപ്പെടുന്ന അസുഖത്തിന്റെ അടിസ്ഥാനം.