spot_img
spot_img
HomeAYURVEDAഎന്താണ് കഷണ്ടി രോഗം ?

എന്താണ് കഷണ്ടി രോഗം ?

ഓസ്‌കാർ അവാർഡ് വേദിയിൽ അലോപേഷ്യ രോഗിയായ ഭാര്യ ജെയ്ഡയെ പരിഹസിച്ച അവതാരകന്റെ മുഖത്തു നടന്‍ വില്‍ സ്മിത്ത് അടിച്ച വിഷയം വിവാദമായി തുടരുകയാണ്. ഈ നാടകീയ രംഗങ്ങളും, ഒപ്പം അലോപേഷ്യ ഏരിയേറ്റ (Alopecia Areata) എന്ന കഷണ്ടി രോഗവും മാധ്യമങ്ങൾ കൊണ്ടാടുമ്പോൾ, ഈ രോഗത്തിനെ കുറിച്ച് നമുക്കൊന്നറിയാൻ ശ്രമിക്കാം.

എന്താണ് അലോപേഷ്യ ഏരിയേറ്റ?

അത്ര അപൂർവ്വമല്ലാത്ത ഒരു കഷണ്ടി രോഗമാണ് അലോപേഷ്യ ഏരിയേറ്റ.കുട്ടികളിൽ ഉൾപ്പെടെ ഏതു പ്രായക്കാരിലും കണ്ടു വരുന്ന ഈ അവസ്ഥ ഒരു ഓട്ടോഇമ്മ്യൂൺ രോഗമാണ്.പുറമേ നിന്നുള്ള അണുക്കളെയും മറ്റും ചെറുക്കാനുദ്ദേശിച്ചുള്ള നമ്മുടെ പ്രതിരോധശേഷി നമ്മുടെ ശരീരകോശങ്ങളെ തന്നെ ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോഇമ്മ്യൂണിറ്റി (Autoimmunity).

രോഗലക്ഷണങ്ങൾ

മുടിയുടെ വേരിലെ മെലാനോസൈറ്റ് (melanocyte) കോശങ്ങളെ നമ്മുടെ തന്നെ പ്രതിരോധശ്രേണി നശിപ്പിക്കുന്നു. തന്മൂലം ഇത് സംഭവിക്കുന്ന ശരീരഭാഗങ്ങളിൽ കറുത്ത രോമങ്ങൾ വട്ടത്തിൽ കൊഴിഞ്ഞു പോകുന്നു. നരച്ച രോമങ്ങൾ ഉണ്ടെങ്കിൽ അവ നിലനിൽക്കുകയും ചെയ്യുന്നു. വെളുത്ത മുടികൾ നിലനിൽക്കുകയും കറുത്ത മുടികൾ കൊഴിഞ്ഞു പോകുകയും ചെയ്യുന്നത് മൂലം മുടി പെട്ടെന്ന് നരച്ചതായി രോഗിയ്ക്കു തോന്നിയേക്കാം. ശിരോചർമ്മം, പുരികം, കൺപീലി, താടി, മീശ, കൂടാതെ മറ്റു ശരീരഭാഗങ്ങളിൽ നിന്നും രോമം പൊഴിഞ്ഞു പോകാം.മുടി കൊഴിയുന്നത് ചിലപ്പോൾ ഒരു പ്രത്യേക പാറ്റേണിൽ ആകാം. തലയുടെ പിന്നിലും വശങ്ങളിലും മുടി കൊഴിയുന്ന വകഭേദം ഊഫിയാസിസ് (Ophiasis) എന്നറിയപ്പെടുന്നു. തലയിലെ മുടി പൂർണമായും പോകുന്ന അലോപേഷ്യ ടോട്ടാലിസ് (Alopecia Totalis) , ശരീരം മുഴുവനുള്ള രോമങ്ങളും കൊഴിഞ്ഞു പോകുന്ന അലോപേഷ്യ യൂണിവേഴ്സാലിസ് (Alopecia universlis) എന്നിവ തീവ്രതയേറിയ വകഭേദങ്ങളാണ്. മേല്പറഞ്ഞ ഇനങ്ങളിൽ ചികിത്സ കുറച്ചു ശ്രമകരമായേക്കാം.മുടി പോകുന്നതിനോടൊപ്പം നഖത്തിൽ ചെറിയ കുത്തുകളും മറ്റും കാണുന്നതൊഴിച്ചാൽ, മറ്റു ശാരീരികപ്രശ്നങ്ങൾ ഒന്നും തന്നെ രോഗിക്കുണ്ടാകാറില്ല. എന്നാൽ മുടി പോകുന്നത് മൂലമുള്ള മാനസിക സമ്മർദ്ദം വളരെ സാധാരണമാണ്, മറിച്ച് മാനസിക സമ്മർദ്ദം മൂലം കൂടുതൽ മുടി കൊഴിയാനും സാധ്യതയുണ്ട്.ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായതിനാൽ ഈ രോഗികളിൽ വെള്ളപ്പാണ്ട് , സോറിയാസിസ്, തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബെറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കണ്ടു വരാറുണ്ട്. ഇത് മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല. വട്ടത്തിൽ മുടി കൊഴിയുന്നതല്ലാതെ പാടുകളിൽ നിറവ്യത്യാസമോ ചൊറിച്ചിലോ മൊരിച്ചിലോ ഉണ്ടാകാറില്ല.

പരിശോധന

രോഗനിർണ്ണയം പൂർണമായും ലക്ഷണങ്ങളെ ആശ്രയിച്ചാണ്.തൈറോയ്ഡ്, ലൂപസ് പോലെയുള്ള അനുബന്ധ രോഗങ്ങൾ ഉണ്ടോ എന്നറിയാൻ രക്ത പരിശോധനകൾ ചെയ്യണം. ശിരോചാർമ്മത്തിന്റെ ഫങ്കൽ അണുബാധ സംശയിക്കുന്ന പക്ഷം പാടുകളിൽ നിന്ന് ചുരണ്ടിയെടുത്തു മൈക്രോസ്കോപ്പി പരിശോധന നടത്തേണ്ടി വന്നേക്കാം. ഫങ്കൽ അണുബാധ മൂലം മുടി പോകുമ്പോൾ ചൊറിച്ചിലും ചർമത്തിലെ പാടിൽ മൊരിച്ചിലും ഉണ്ടാകും.മുടി കൊഴിയുന്ന മറ്റു രോഗങ്ങൾ സംശയിക്കുന്ന ചില ചുരുക്കം സന്ദർഭങ്ങളിൽ ബയോപ്സി വേണ്ടി വന്നേക്കാം.

ചികിത്സ

പ്രത്യേകിച്ച് ചികിത്സ ഒന്നും കൂടാതെ തന്നെ മുടി കിളിർക്കാം, കിളിർത്തു വരുന്ന മുടി നിറവും കട്ടിയും കുറഞ്ഞതായിരിക്കുമെങ്കിലും ക്രമേണ സാധാരണ നിലയിലേക്കെത്തും.ഇത്തരത്തിൽ സ്വയം മുടി കിളിർക്കാത്തവരിൽ ചികിത്സ വേണ്ടി വരും.ലേപനങ്ങൾ, സ്പ്രേ, മുടിയില്ലാത്ത ഭാഗത്തേയ്ക്ക് കുത്തിവയ്ക്കുന്ന മരുന്നുകൾ, ചിലയിനം മരുന്നുകൾ പ്രത്യേക കോൺസെൻട്രേഷനിൽ പുരട്ടിയുള്ള ഇമ്മ്യൂണോതെറാപ്പി, ഗുളികകൾ,ഫോട്ടോതെറാപി, ലേസർ ചികിത്സ തുടങ്ങി വളരെ ഫലപ്രദമായ ചികിത്സാ രീതികൾ നിലവിലുണ്ട്.കടപ്പാട്: : ഡോ. അശ്വിനി. ആർഇൻഫോ ക്ലിനിക്

- Advertisement -

spot_img
spot_img

- Advertisement -