ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടൂല്‍ വര്‍ധിച്ചു വരുന്ന രോഗമാണ് വിളര്‍ച്ച(അനീമിയ). അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് രോഗം വരാന്‍ സാധ്യത ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 15 നും 49 നും ഇടയില്‍ പ്രായമുള്ള 30 ശതമാനത്തോളം സ്ത്രീകള്‍ക്ക് വിളര്‍ച്ചയുണ്ട്. ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ (ആര്‍ബിസി) എണ്ണം കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം.ഈ അവസ്ഥ ക്ഷീണം, ബലക്കുറവ് ,തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അയണിന്റെ കുറവും രോഗാവസ്ഥയുടെ മറ്റൊരു കാരണമാണ്.
വിളര്‍ച്ച വരാതെ നോക്കാന്‍ ഇവയൊക്കെ ശ്രദ്ധിക്കാം
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തേന്‍ ചേര്‍ത്ത ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.നാരങ്ങയില്‍ നിന്നുള്ള വിറ്റാമിന്‍ സി ഭക്ഷണത്തില്‍ നിന്നുള്ള അയണ്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിനെ സഹായിച്ച് ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്തുന്നു. പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന ചീര, ബീറ്റ്‌റൂട്ട്, മാതളനാരങ്ങ, ഈന്തപഴം തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനോടൊപ്പം ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും,
രക്തയോട്ടം മെച്ചപ്പെടുത്താനും നട്‌സുകളും ,ധാന്യങ്ങളും കൂടെ ഭക്ഷണത്തിനൊപ്പം ചേര്‍ക്കാം.
രാവിലെ സൂര്യപ്രകാശത്തില്‍ കുറച്ച് സമയം ചിലവഴിക്കുന്നത് ശരീരത്തിന് വിറ്റാമിന്‍ ഡി നല്‍കുകയും വിളര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.ഇതിനോടൊപ്പം തന്നെ വ്യായാമം ,യോഗ തുടങ്ങിയവ കൂടെ ശീലിക്കേണ്ടതാണ്. ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനായി അയണ്‍ ,ഫോളിക് ആസിഡ്,വിറ്റാമിന്‍ എ എന്നിവ അടങ്ങിയ പച്ചക്കറികളും ,പഴങ്ങളും കഴിക്കേണ്ടതാണ്.ഇത് ക്ഷീണം , വിശപ്പില്ലായ്മ ,ബലക്കുറവ് എന്നിവ കുറയ്ക്കുന്നു.ഇതിനായി ബീറ്റ്‌റൂട്ട്, കാരറ്റ് ജ്യൂസ് എന്നിവ
കുടിയ്ക്കാം.
കുതിര്‍ത്ത ബദാം, വാല്‍നട്ട്, എള്ള്, ഫ്‌ളാക്‌സ് സീഡ് എന്നിവയില്‍ അയണ്‍ ,കോപ്പര്‍ , ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആര്‍ബിസി ഉത്പാദനം വര്‍ധിപ്പിക്കുന്ന പോഷകാഹാരങ്ങളാണ്. രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ഈ നട്‌സുകള്‍ പ്രഭാത ഭക്ഷണമായി കഴിയ്ക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രഭാതഭക്ഷണത്തില്‍ കൂടുതല്‍ ഇലക്കറികള്‍ ഉള്‍പെടുത്തേണ്ടതാണ്.ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായകമാണ്.
ഭക്ഷണം കഴിഞ്ഞ ഉടന്‍ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്, എന്നാല്‍ കഫീന്റെ ഉപയോഗം അയണിന്റെ ആഗിരണത്തെ തടയുന്നു. ഇതിന് പകരം ഇഞ്ചി, തുളസി എന്നിവ ചേര്‍ത്ത ഹെര്‍ബല്‍ ടീ കുടിക്കാവുന്നതാണ്.