പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ ആര്‍ത്തവവിരാമം വരെ ഒരു സ്ത്രീയുടെ ശരീരം ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഈ മാറ്റങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷിയേയും മറ്റ് പ്രവര്‍ത്തനങ്ങളെയും ബാധിക്കും. 30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില ശാരീരിക പരിശോധനകളെക്കുറിച്ച്
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
ഇക്കാലത്ത് എന്റെ പല രോഗികളിലും ഞാന്‍ നിരീക്ഷിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അവര്‍ അനുഭവിക്കുന്ന അമിത മാനസിക സമ്മര്‍ദ്ദമാണ്. ഇത് വന്ധ്യത മുതല്‍ വിഷാദം, ഉത്കണ്ഠ, ഹൃദ്രോഗം വരെയുള്ള അപകടസാധ്യതകള്‍ വര്‍ധിപ്പിക്കും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് കടക്കും മുമ്പ് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സമ്മര്‍ദ്ദം ഒഴിവാക്കുക.
ശരിയായ ഭക്ഷണരീതി പിന്തുടരുക
പകല്‍ വളരെ വൈകിയോ, രാത്രി ഉറങ്ങുന്നതിനു മുമ്പോ ആയിരിക്കും നമ്മളില്‍ പലരും ഭക്ഷണം കഴിക്കുന്നത്. ഇത് പകല്‍ സമയത്ത് സംഭവിക്കേണ്ട സ്വാഭാവിക ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നു എന്നും നിങ്ങള്‍ ഉറപ്പുവരുത്തണം. ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്ക്, വിറ്റാമിന്‍ സി വളരെ പ്രധാനമാണ്. കൂടാതെ ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീനും ഉള്‍പ്പെടുത്തുക.
പ്രധാന പരിശോധനകള്‍
സ്തനാര്‍ബുദ പരിശോധന
30 വയസ്സിന് ശേഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. പതിവായി മാമോഗ്രഫിക്ക് വിധേയമാകുന്നത് ലക്ഷണങ്ങള്‍ അപകടകരമാകുന്നതിനു മുമ്പുതന്നെ രോഗനിര്‍ണയം നടത്താന്‍ സഹായിക്കും.
സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധന
സ്ത്രീകളില്‍ ഗര്‍ഭാശയത്തിന്റെ താഴ് ഭാഗത്തായാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ രൂപപ്പെടുന്നത്. സെര്‍വിക്‌സിലെ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ പാപ് സ്മിയര്‍ ടെസ്റ്റ് നടത്തുക. 21 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പാപ് സ്മിയര്‍ ടെസ്റ്റ് നടത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നു.
ബോണ്‍ ഡെന്‍സിറ്റി പരിശോധന
സ്ത്രീകളില്‍ 30 വയസ്സിനു ശേഷം അസ്ഥികളുടെ സാന്ദ്രത കുറയുന്നു. അതിനാല്‍, ഓസ്റ്റിയോപൊറോസിസ് സ്ഥിരമായി പരിശോധിക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്.
പ്രമേഹ പരിശോധന
35 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രീ ഡയബറ്റിസ് അല്ലെങ്കില്‍ പ്രമേഹം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ഓരോ മൂന്ന് വര്‍ഷത്തിലും രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കണം. കുടുംബാംഗങ്ങള്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍ ഇത് നിര്‍ബന്ധമാണ്.
രക്തസമ്മര്‍ദ്ദ പരിശോധന
സ്ത്രീകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ള കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ പതിവായി സ്വയം പരിശോധിക്കണം.
തൈറോയ്ഡ് പരിശോധനകള്‍
30 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍, പ്രത്യേകിച്ച് കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. ക്ഷീണം, ശരീരഭാരത്തില്‍ പെട്ടെന്ന് വ്യത്യാസം വരിക, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാൽ എത്രയും പെട്ടന്ന് തൈറോയ്ഡ് പരശോധനയ്ക്ക് വിധേയരാകണം.
വൈറ്റമിന്‍ ഡി ടെസ്റ്റ്
ആരോഗ്യമുള്ള എല്ലുകളും പല്ലുകളും നിലനിര്‍ത്തുന്നതിനു വൈറ്റമിൻ ഡി ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെയും തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും മികച്ച പ്രവർത്തനത്തിന് വൈറ്റമിൻ ഡി അത്യന്താപേക്ഷികമാണ്. ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കുന്നതിനും വിറ്റാമിന്‍ ഡി സഹായിക്കുന്നു.
വിവാഹത്തിനു മുമ്പുള്ള ആരോഗ്യ പരിശോധനകള്‍
ഹീമോഗ്ലോബിനോപതി പോലുള്ള ജനിതക രോഗങ്ങളോ തലസീമിയയോ ലൈംഗികമായി പകരുന്ന രോഗങ്ങളോ ഉണ്ടോ എന്ന് രക്തപരിശോധനകൾ വഴി അറിയാം. വിവാഹത്തിനു മുമ്പുള്ള ഇത്തരം പരിശോധനകൾ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്.
ഫെര്‍ട്ടിലിറ്റി പരിശോധന
ക്രമം തെറ്റിയ ആര്‍ത്തവചക്രമുള്ള പെണ്‍കുട്ടികള്‍ക്കു ഇത്തരമൊരു പരിശോധന നടത്താം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ജനിതക വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ ഇത് മക്കളിലേക്ക് പകരാം. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍, വിവാഹങ്ങള്‍ ഒഴിവാക്കാനും ജന്മനായുള്ള പ്രശ്‌നങ്ങള്‍ തടയാനും കഴിയും.