കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. അതിനാല്‍ ഓട്ടിസം ഒരിക്കലും ഒരു അസുഖമല്ല. മറിച്ച് ഒരു അവസ്ഥയാണ് എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഭാഷാ വൈകല്യം, ആശയ വിനിമയ ശേഷി ഇല്ലാതിരിക്കല്‍, സമൂഹവുമായുള്ള ഇടപെടലുകളില്‍ ഒഴിഞ്ഞുമാറുക എന്നിവയെല്ലാം ഓട്ടസത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ഓട്ടിസത്തിന്റെ ലക്ഷങ്ങള്‍ ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ കണ്ടു തുടങ്ങും എന്നതാണ് പ്രധാനപ്പെട്ട ഒരു വസ്തുത. ഒന്നര മുതല്‍ രണ്ട് വയസിനുള്ളില്‍ കുട്ടികള്‍ ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. പ്രധാനമായും ഓട്ടിസത്തിനുപിന്നില്‍ ജനിതക കാരണങ്ങളാണെങ്കിലും ഈ അസാധാരണാവസ്ഥയുടെ യഥാര്‍ത്ഥകാരണം ഇന്നും അജ്ഞാതമായി തുടരുന്നു
ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിഞ്ഞാല്‍ ഒരുപരിധിവരെ കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടോ എന്ന് നമുക്ക് വളരെ നേരത്തെ തന്നെ മനസിലാക്കാം. സംസാരവൈകല്യം, കണ്ണിലേക്ക് നോക്കി സംസാരിക്കാതിരിക്കുക, കുഞ്ഞിനെ പേരു വിളിക്കുമ്പോഴോ സംസാരിക്കുമ്പോഴോ മുഖം തരാതിരിക്കുകയോ തിരിച്ച് പ്രതികരിക്കാതിരിക്കുകയോ ചെയ്യുക, സുഹൃത്തുക്കളുമായി കളിക്കുന്നതിന് പകരം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് മാത്രം കളിക്കുക, ആളുകളുമായി ഇടപെടാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുക,
ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുക, കുഞ്ഞിന് ആവശ്യമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചോ ചോദിച്ചോ ആവശ്യപ്പെടാതിരിക്കുക, ശബ്ദങ്ങളോടും, സ്പര്‍ശനങ്ങളോടും ഉള്ള അസഹിഷ്ണുത, കൈകള്‍ പ്രത്യേകമായി ചലിപ്പിക്കുക ചലിപ്പിക്കുക തുടങ്ങിയവയാണ് ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
മരുന്നു നല്‍കിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്.
അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്.ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം