രാവിലെ പുട്ടിന്റെ കൂടെയാണെങ്കിലും ഉച്ചയ്ക്ക് ഊണിനൊപ്പമാണെങ്കിലും മലയാളിക്ക് പപ്പടം മസ്റ്റ് ആണ്. എന്നാല്‍ പപ്പടത്തോടുള്ള പ്രിയം അമിതമായാല്‍ ആരോഗ്യത്തിന് പണിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പലതരത്തിലുള്ള പപ്പടങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.
ഉഴുന്നാണ് പപ്പടത്തിന്റെ പ്രധാന ചേരുവ. എന്നാല്‍ ഉയര്‍ന്ന വില കാരണം, ഉഴുന്നിന് പകരം മൈദ ഉപയോഗിച്ച് പപ്പടം ഉണ്ടാക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത് ദഹന പ്രശ്‌നങ്ങള്‍ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും നയിക്കാം. മറ്റൊന്ന് പപ്പടം ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കാന്‍ സോഡിയം ബൈക്കാര്‍ബണേറ്റ് (സോഡാക്കാരം) എന്ന സംയുക്തം ചേര്‍ക്കുന്നുണ്ട്.
കുടലിലെ കാന്‍സറിന് ഉള്‍പ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാര്‍ബണേറ്റ്. സോഡിയം കാര്‍ബണേറ്റ് കുടലില്‍ പൊള്ളലിന് കാരണമാകും. അസിഡിറ്റി, അള്‍സര്‍, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് വഴിവെക്കും. അതിനാല്‍ പപ്പടം പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
പപ്പടത്തിന്‍ ഉപ്പിന്റെ അംശവും സോഡിയം ബെന്‍സോയേറ്റും വലിയ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുന്നത് ശരീരത്തിന് പല ദോഷങ്ങളും വരുത്തിവെയ്ക്കും. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും ഇത് കാരണമായേക്കും. കൂടാതെ പപ്പടം എണ്ണയില്‍ കാച്ചിയെടുക്കുന്നതിനാല്‍, പതിവാക്കുന്നത് കൊളസ്ട്രോളിനും കാരണമാകും. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.