എ. അന്‍സീര്‍
മലയാളികളുടെ മനസില്‍ ഇടംനേടിയ അപൂര്‍വ്വം ചില ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍പെടുന്ന പേരാണ് ഋഷിരാജ് സിങ് ഐ.പി.എസ്. എന്നത്. കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ജയില്‍ ഡിജിപിയുമായ ഋഷിരാജ് സിങ് തന്റെ സര്‍വ്വീസ് അനുഭവങ്ങളുടെ കരുത്തില്‍ ലഹരി എന്ന വിപത്തിനെക്കുറിച്ച് എഴുതിയ ‘വൈകും മുന്‍പേ’ എന്ന പുസ്തകം ഏതൊരു രക്ഷിതാവും വായിച്ചിരിക്കേണ്ടതാണ്.
ലഹരിയില്‍പ്പെട്ടുപോയ മക്കളെ രക്ഷപ്പെടുത്തുന്നതെങ്ങനെയെന്ന് ആശങ്കാകുലരായി ചിന്തിച്ചു നില്‍ക്കുന്ന നൂറുകണക്കിന് രക്ഷിതാക്കളെയാണ് എക്‌സൈസ് കമ്മീഷണറായിരുന്ന കാലയളവില്‍ ഋഷിരാജ് സിങ് കണ്ടുമുട്ടിയത്. മൊട്ടിടുന്ന പ്രായത്തില്‍ത്തന്നെ ലഹരിക്കടിമപ്പെട്ട നിരവധി യുവാക്കളെ ജീവിതത്തിലേക്കു തിരികെയെത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് ‘വൈകും മുന്‍പേ’ എന്ന പുസ്തകരചനയ്ക്ക് ഋഷിരാജ്‌സിങിനെ പ്രാപ്തനാക്കിയത്.
കേരളത്തില്‍ എക്സൈസ് കമ്മീഷണറായിരുന്നപ്പോള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുമായി സംവദിച്ചതിന്റെ അനുഭവങ്ങളായിരുന്നൂ മുതല്‍ക്കൂട്ട്. ലഹരിയുടെ പിടിയിലേക്ക് വീണുപോകാതെ മക്കളെ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന മാതാപിതാക്കള്‍ക്കും ലഹരിയില്‍പ്പെട്ടുപോയ മക്കളെ രക്ഷപ്പെടുത്തുന്നതെങ്ങനെയെന്ന് ആശങ്കാകുലരായി നില്‍ക്കുന്ന രക്ഷിതാക്കള്‍ക്കും ഋഷിരാജ് സിങ്ങിന്റെ ‘വൈകും മുന്‍പേ’ എന്ന പുസ്തകം മാര്‍ഗരേഖയും വഴികാട്ടിയുമാകുമെന്നതില്‍ സംശയമില്ല.

ഋഷിരാജ് സിങ് ഐ.പി.എസുമായി നടത്തിയ ചെറു സംഭാഷണം
എന്തുകൊണ്ടാണ് പുസ്തകരചനയ്ക്ക് ‘ലഹരി’ എന്ന വിഷയം തന്നെ എടുത്തത്?
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി കുട്ടികളുമായി ബന്ധപ്പെട്ടും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്
ഈ ഉദ്യമത്തിന് ശ്രമിച്ചത്. ലഹരി എന്ന വിപത്തിനെക്കുറിച്ച് സമൂഹം ഗൗരവമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്. വിദ്യാസമ്പന്നമായ സമൂഹമായിട്ടും കേരളം ‘ലഹരി’യുടെ പിടിയിലമരുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ഇതിന്റെ പ്രത്യാഘാതത്തിന് ഇരയാകുന്നുണ്ട്. നിരത്തുകളില്‍ സംഭവിക്കുന്ന വാഹനാപകടങ്ങള്‍ക്കു പിന്നിലെ പ്രധാനകാരണങ്ങളിലൊന്നും ഈ ലഹരിതന്നെ. യുവാക്കളടക്കം നിരവധി ജീവിതങ്ങളാണ് അകാലത്തില്‍ പൊലിയുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ജീവിതത്തിലേക്കു തിരികെ എത്തിക്കാനുള്ള ഗൗരവതരമായ ശ്രമങ്ങളുണ്ടാകണം.
താങ്കള്‍ രാജസ്ഥാനിയാണെങ്കിലും ഇതിനകം തന്നെ ഒരു മലയാളി ആയിക്കഴിഞ്ഞു. ഇപ്പോള്‍ മലയാളത്തില്‍ പുസ്തകവും എഴുതിയിരിക്കുന്നു. എങ്ങനെയാണ് മലയാളത്തെ ‘സ്വന്തമാക്കിയത്’ ?
ജോലിയുടെ ഭാഗമായാണ് ഞാന്‍ കേരളത്തിലെത്തുന്നത്. മലയാളഭാഷ പഠിക്കണമെന്നത് വാശിയോടെയും കഠിനപ്രയ്തനത്തിലൂടെയും നേടിയെടുത്തതാണ്. മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ സുകുമാരന്‍നായര്‍ സാറാണ് ഇക്കാര്യത്തില്‍ വഴികാട്ടിയായത്. പോലീസുകാരോടു ഇടപെടുമ്പോള്‍ മലയാളം മാത്രം പറയണമെന്നും പിന്നെ മലയാളം സിനിമകള്‍ കാണണമെന്നും അദ്ദേഹം എളുപ്പവഴി നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ഞാന്‍ മലയാള സിനിമകളുടെ ആരാധകനായത്. അത് ഭാഷ പഠിക്കുന്നതില്‍ ഏറെ സഹായിച്ചു. പിന്നെ നെടുമങ്ങാട് സി.ഐയായിരുന്ന ഐസക് എനിക്ക് ഒരു ഗുരുനാഥനെ ഏര്‍പ്പാടാക്കി. ആര്‍.എസ്.ആശാരി എന്ന അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് മലയാളം എഴുതാനും വായിക്കാനുമൊക്കെ പഠിച്ചെടുത്തത്. ഫയലുകളില്‍ മലയാളത്തിലെഴുതാന്‍ തുടങ്ങിയതും മലയാളപത്രങ്ങള്‍ വായിച്ചു ശീലിച്ചതുമെല്ലാം അതിനുശേഷമാണ്. മലയാളഭാഷയോടുള്ള ആദരസൂചകമായിക്കൂടിയാണ് ഈ പുസ്തകരചന പൂര്‍ത്തിയാക്കുന്നത്.
ഈ പുസ്തകത്തില്‍ നമ്മുടെ കുട്ടികള്‍ ലഹരിക്ക് അടിമകളായി തീരുന്നതെങ്ങനെയെന്നും വിവരിക്കുന്നുണ്ട്. കുട്ടികളെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍, പഠിത്തത്തിനായി ആരോഗ്യകരമല്ലാത്ത മത്സരത്തിന് പ്രേരിപ്പിക്കുന്ന ടീച്ചര്‍മാരും മാതാപിതാക്കളും, കുട്ടികളുടെ ചിന്തകളും മാനസിക പിരിമുറുക്കങ്ങളും, വീട്ടില്‍ സ്വസ്ഥതയില്ലാത്ത അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളുടെ അവസ്ഥ, ആരുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ടു പോകേണ്ടി വരുന്ന കുട്ടികളുടെ വേദനകള്‍ എന്നിവയെല്ലാം രക്ഷിതാക്കളും അധ്യാപകരും സമൂഹവും മനസിലാക്കേണ്ടതുണ്ട്.
കേരളത്തിന്റെ യുവതയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
കുടുംബാന്തരീക്ഷം ആരോഗ്യകരമാക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും നല്ലരീതിയില്‍ ആവാനും ലക്ഷ്യബോധമുള്ള പൗരന്‍മാരാക്കാനും മാതാപിതാക്കളും അധ്യാപകരും ശ്രമിക്കേണ്ടതിന്റെ അവശ്യകതയാണ് സമൂഹത്തില്‍ കാണുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
കുട്ടികളുടെ വര്‍ച്ചയുടെ ഘട്ടങ്ങളില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ പങ്കാണുള്ളത്.
സമ്മര്‍ദ്ദങ്ങളില്ലാതെ കുട്ടികള്‍ക്ക് പഠിക്കാനും അവരുടെ ബാല്യകൗമാരങ്ങള്‍ അസ്വദിക്കാനും അവര്‍ക്ക് കഴിയണം. ഇതിനൊന്നും സാധിക്കാതെ വരുമ്പോഴാണ് ലഹരിയുടെ പ്രലോഭനങ്ങളില്‍ കുട്ടികള്‍ വീഴുന്നത്. ആരോഗ്യമുള്ള കുടുബാന്തരീക്ഷമാണ് അരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. അക്കാര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്.
………………..
വായിക്കാം…. ലഹരിയുടെ കരാളതയില്‍ നിന്ന് വരും തലമുറയെ രക്ഷിക്കാം. മാതൃഭൂമി ബുക്‌സ് സ്റ്റാളുകളില്‍ ഋഷിരാജ് സിങിന്റെ ‘വൈകും മുന്‍പേ’ എന്ന പുസ്തകം വാങ്ങാം.