മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്ക് അരുസരിച്ച് രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ വിവിധ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സാധിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ വളരെ പെട്ടന്ന് തന്നെ രോഗങ്ങള്‍ പിടിപെടും. അതിനാല്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷി കൂട്ടേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി സപ്ലിമെന്റുകള്‍ കഴിച്ചാല്‍ മാത്രം പോരാ പകരം പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഉള്‍പ്പെടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.
ധാരാളം വെള്ളം കുടിക്കാം
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. അതിനാല്‍ ദിവസേന കുറഞ്ഞത് 8 മുതല്‍ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
പോഷക സമ്പുഷ്ടമായ ഡയറ്റ്
ഡയറ്റില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മെലിഞ്ഞ പ്രോട്ടീനുകള്‍ എന്നിവ കഴിക്കുക. രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കും. മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യജ്ഞങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
പുളിപ്പിച്ച ഭക്ഷണങ്ങള്‍
തൈര്, കഫീര്‍ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കും. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നിര്‍ണായക പങ്ക് വഹിക്കും. അതിനാല്‍ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നതിനായി നാരുകള്‍, പ്രീബയോട്ടിക്സ്, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. മാത്രമല്ല അമിത മധുരം ഒഴിവാക്കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്.
നല്ല ഉറക്കം
രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ മതിയായ ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറങ്ങുമ്പോഴാണ് അണുബാധ, വീക്കം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്ന സൈറ്റോകൈനുകള്‍ എന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിന് ദിവസേന 7 മുതല്‍ 9 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക.
സമ്മര്‍ദ്ദം ഒഴിവാക്കുക
വിട്ടുമാറാത്ത സമ്മര്‍ദ്ദം വീക്കം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇത് രോഗപ്രതിരോധ പ്രതികരണങ്ങളെ അടിച്ചമര്‍ത്തുകയും രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ധ്യാനം, യോഗ, അല്ലെങ്കില്‍ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുക.
വ്യായാമം
പതിവായി ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വേഗത്തിലുള്ള നടത്തം അല്ലെങ്കില്‍ സൈക്ലിങ് പോലുള്ള മിതമായ വ്യായാമം തെരഞ്ഞെടുക്കാം. ഇത് രോഗപ്രതിരോധ കോശങ്ങളിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.
മദ്യപാനവും പുകവലിയും ഒഴിവാക്കുക
അമിതമായ മദ്യപാനം കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള രാസ സംയുക്തങ്ങളും രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കും. അതിനാല്‍ ഇവ രണ്ടിന്റെയും ഉപയോഗം ഒഴുവാക്കുക.