മലയാളികളുടെ പ്രിയ നടന്‍ മണിയന്‍പിള്ള രാജു താന്‍ കാന്‍സര്‍ സര്‍വൈവര്‍ ആണെന്ന് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഇപ്പോഴിതാ അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന തുടരും സിനിമയുടെ ചിത്രീകരണത്തിനിടയിലൊക്കെ തനിക്ക് ചെവി വേദന ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാന്‍സര്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു.
“ഇന്‍സ്പെക്ടറുമായുള്ള മഴയത്തെ ആ സീനിന്‍റെ ഷൂട്ട് നിര്‍ത്തിയത് വെളുപ്പിന് 5.45 ന് വെളിച്ചം വന്നപ്പോഴാണ്. ആ സമയത്തൊക്കെ എനിക്ക് ഇടത്തേ ചെവിയില്‍ അടക്കം ആണി അടിച്ചതുപോലെ ഒരു വേദനയുണ്ട്. ചെവി വേദനക്കായി 12 ഇഎന്‍ടി ഡോക്ടര്‍മാരെ കണ്ടിരുന്നു. പക്ഷേ ഒന്നും കണ്ടുപിടിക്കാന്‍ പറ്റിയില്ല. അങ്ങനെ കൊട്ടിയത്ത് ഒരു ഡോക്ടറെ കണ്ടു. എക്സറേയില്‍ ഒരു ഞരമ്പ് വല്ലാതെ ഇരിക്കുന്നെന്ന് പറഞ്ഞു അദ്ദേഹം. ഒരു ഡെന്‍റിസ്റ്റിനെ കാണാന്‍ പറഞ്ഞു.
ചെവി വേദന ഒരു നല്ല ലക്ഷണമല്ല എന്നും പറഞ്ഞു. അതോടെ ഞാന്‍ പേടിച്ചുപോയി. ഡെന്‍റിസ്റ്റിനെ കണ്ട് മുന്‍പ് വച്ചിരുന്ന രണ്ട് സ്റ്റീല്‍ പല്ലുകള്‍ മാറ്റി സെറാമിക് പല്ലുകള്‍ വച്ചു. എന്നാല്‍ പിറ്റേന്ന് വീണ്ടും വേദന തുടങ്ങി. പിന്നീടുള്ള പരിശോധനയില്‍ കാന്‍സര്‍ കണ്ടെത്തി. ആരംഭത്തിലേ കണ്ടെത്തിയത് ഭാഗ്യമായി. പിറ്റേന്ന് തന്നെ സര്‍ജറി ചെയ്തു. പിന്നാലെ റേഡിയേഷനും ആരംഭിച്ചു. 30 റേഡിയേഷനും 5 കീമോയും ചെയ്തു. പിന്നെ വേറെ മരുന്നില്ല. ജീവിതശൈലി ശ്രദ്ധിച്ചാല്‍ മതി”, മണിയന്‍പിള്ള രാജു പറഞ്ഞവസാനിപ്പിക്കുന്നു.
കുട്ടിച്ചന്‍ എന്ന കഥാപാത്രത്തെയാണ് മണിയന്‍പിള്ള രാജു തുടരും എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്ന ഷണ്മുഖം എന്ന നായക കഥാപാത്രത്തിന്‍റെ അടുത്ത സുഹൃത്താണ് അത്. ഇതുവരെ മറ്റൊരു ചിത്രത്തിലും കാണാത്ത തരത്തിലുള്ള ഗെറ്റപ്പ് മാറ്റത്തോടെയാണ് മണിയന്‍പിള്ള രാജു കുട്ടിച്ചന്‍ ആയിരിക്കുന്നത്.
അതേസമയം ഛോട്ടാ മുംബൈ റീ റിലീസ് സംബന്ധിച്ച തിരക്കുകളിലുമാണ് അദ്ദേഹം. 2007 ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് മണിയന്‍പിള്ള രാജു. 4കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവിലാണ് ചിത്രം റീ റിലീസ് ചെയ്യപ്പെടുക. മോഹന്‍ലാലിന്‍റെ വരുന്ന പിറന്നാള്‍ ദിനത്തിലാണ് റീ റിലീസ്.