ശരീരത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കണമെങ്കില്‍ എല്ലാ അവയവങ്ങളിലേക്കും രക്തോയോട്ടം നടക്കേണ്ടത് അത്യാവശ്യമാണ്. അവയവങ്ങള്‍, കോശങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് രക്തചംക്രമണത്തിലൂടെയാണ്. കൃത്യമായി രക്തയോട്ടം നടക്കാതെ വരുന്നത് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പേശി വേദന, മരവിപ്പ്, കൈകാലുകളില്‍ തണുപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണക്രമത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ബീറ്റ്റൂട്ട്
നൈട്രേറ്റുകളുടെ സമ്പന്ന ഉറവിടമാണ് ബീറ്റ്റൂട്ട്. രക്തക്കുഴലുകളെ വിശ്രമിക്കാനും വികസിപ്പിക്കാനും ഇത് സഹായിക്കും. ഇതിലൂടെ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ബീറ്റ്റൂട്ട് ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സി, ഹെസ്‌പെരിഡിന്‍ പോലുള്ള ഫ്‌ലേവനോയ്ഡുകള്‍ സിട്രസ് പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാപ്പിലറി ഭിത്തികളെ ശക്തിപ്പെടുത്തുകയും വാസ്‌കുലര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ വീക്കം കുറയ്ക്കാന്‍ ഇത് ഗുണം ചെയ്യുമെന്ന് 2011 ല്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീരിച്ച ഒരു പഠനത്തില്‍ പറയുന്നു. രക്തക്കുഴലുകളുടെ കാഠിന്യം കുറയ്ക്കാനും ഇത് സഹായിക്കും.
ഡാര്‍ക്ക് ചോക്കലേറ്റ്
ഡാര്‍ക്ക് ചോക്കലേറ്റില്‍ ഫ്‌ലേവനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രക്തയോട്ടം മികച്ചതാക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് ഗുണകരണമാണ്.
മഞ്ഞള്‍
മഞ്ഞളിലെ സജീവ സംയുക്തമായ കുര്‍ക്കിമിനില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, വാസോഡിലേറ്റിംഗ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. വീക്കം ലഘൂകരിക്കാനും മികച്ച രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും ഡയറ്റില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് ഫലപ്രദമാണ്.
ഇലക്കറികള്‍
നൈട്രേറ്റ്, ഇരുമ്പ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ചീര. രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കാനും ഇത് സഹായിക്കും. രക്തയോട്ടം വര്‍ധിപ്പിക്കാനും ഇത് ഗുണപ്രദമാണ്.
വെളുത്തുള്ളി
വെളുത്തുള്ളി നൈട്രിക് ഓക്‌സൈഡ് ഉത്പാദനം വര്‍ധിപ്പിക്കുകയും രക്തക്കുഴലുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസേന വെളുത്തുള്ളി കഴിക്കുന്നത് ധമനികളുടെ വഴക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഫലപ്രദമാണെന്ന് 2016 ല്‍ ദി ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
മാതളനാരങ്ങ
മാതളനാരങ്ങായിലെ പോളിഫെനോള്‍സ്, നൈട്രേറ്റുകള്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ നൈട്രിക് ഓക്‌സൈഡ് ഉത്പാദനം പ്രോത്സാഹിപ്പിക്കും. പതിവായി മാതളനാരങ്ങ ജ്യൂസ് കുടിയ്ക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും കോശങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം മെച്ചപ്പെടുത്താനും സഹായിക്കും.