തിളക്കമുള്ള കണ്ണുകള്‍ നമ്മുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. പലരും കണ്ണിന് അത്രത്തോളം പ്രാധാന്യം നല്‍കാറില്ല. കണ്ണിന് എന്തെങ്കിലും അസുഖം ബാധിയ്ക്കുമ്പോഴാണ് പലരും കണ്ണിന്‍റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നത്. പലരുടേയും കണ്ണിന് ഇടയ്ക്കിടെ വേദന ഉണ്ടാവാറുണ്ട്. എന്നാല്‍ സെക്കന്‍റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ വേദന പലരും അത്രത്തോളം കാര്യമാക്കാറില്ല. ഇത്തരം വേദനകള്‍ പിന്നീട് ഗുരുതരമായ പല നേത്രപ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന് ചിന്തിക്കുന്നത് നല്ലതാണ്.

കണ്ണിന്‍റെ ഉപരിതലത്തില്‍ അസാധാരണമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതല്‍പ്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കണ്ണിന്‍റെ പുറത്ത് എന്തെങ്കിലും തരത്തിലുള്ള ആഘാതങ്ങള്‍ ഏറ്റിട്ടുണ്ടെങ്കിലായിരിക്കും പലപ്പോഴും ഇത്തരം വേദന അനുഭവപ്പെടുന്നത്. കണ്ണില്‍ തുള്ളി മരുന്നൊഴിച്ചാല്‍ ഇത് മാറ്റാവുന്നതേ ഉള്ളൂ.
കൃഷ്ണമണിയ്ക്കു ചുറ്റും ചെറിയ വേദനയും മിടിപ്പും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ അല്‍പം ഗൗരവമായി കാണേണ്ടത് തന്നെയാണ്. ഉടന്‍ തന്നെ നേത്രരോഗവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

കണ്ണിന് ചുറ്റും ചുവപ്പ് നിറം കാണപ്പെടുന്നതും അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. കണ്ണില്‍ നിന്നും നിര്‍ത്താതെ വെള്ളം വരുന്നതും അസാധാരണമായ വസ്തുക്കള്‍ ഉപയോഗിക്കുന്നത് മൂലമാണ്.
കണ്ണിലെ കുരു പലപ്പോഴും പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്നതാണ്. ഇത് കണ്ണിനു പോളയ്ക്ക് മുകളിലായി ചുവന്ന നിറത്തില്‍ കാണപ്പെടുന്നു. ഇത്തരത്തിലുണ്ടാവുന്ന കുരുവിനേയും ശ്രദ്ധിക്കേണ്ടതാണ്. അതികഠിനമായ വേദനയാണ് ഇതിന്‍റെ അനന്തര ഫലം.
കണ്ണിനേല്‍ക്കുന്ന അപകടമാണ് മറ്റൊന്ന്. പല തരത്തിലുള്ള അപകടങ്ങള്‍ കണ്ണിനെ പ്രശ്‌നത്തിലാക്കുന്നു. കണ്‍പോളകളും മറ്റും ചുവന്ന് തടിയ്ക്കുന്നതും വേദനയും അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.
ചെങ്കണ്ണ് പോലുള്ള പ്രശ്‌നങ്ങള്‍ ഇന്‍ഫെക്ഷന്‍ മൂലമാണ് ഉണ്ടാകുന്നത്. ഇതും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ട അവസ്ഥയാണ്.

ചിലരില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നു. ചിലര്‍ക്ക് അമിതമായ വേദനയും ചിലര്‍ക്ക് കണ്ണ് ചുവന്ന നിറമാകുന്നതും കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നതിന്‍റെ ഫലമായി ഉണ്ടാവുന്നതാണ്.

ഗ്ലോക്കോമ കണ്ണിന്‍റെ കാഴ്ചയെ തകരാറിലാക്കുന്ന നേത്രരോഗങ്ങളില്‍ മുന്നിലാണ്. കണ്ണിന്‍റെ ഞരമ്പുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്. കാഴ്ചയിലുള്ള വ്യതിയാനവും കണ്ണിന്‍റെ വേദനയുമാണ് ശ്രദ്ധിക്കേണ്ടത്.