in , , , , ,

ഭക്ഷണത്തില്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ കാന്‍സറിനെ പ്രതിരോധിക്കാം

Share this story

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മറ്റു രോഗങ്ങളുടെ കാര്യത്തില്‍ ഇല്ലാത്ത വലിയ ഭയമാണ് നമുക്കുള്ളത്. എന്നാല്‍ ജീവിതശൈലിയും ആഹാരക്രമവുമായി ഇവ വളരെ ബന്ധപ്പെട്ടിരിക്കുന്നു. വലിയ ഒരളവു വരെ പ്രതിരോധിക്കാവുന്നതും ചില കാന്‍സറുകള്‍ പൂര്‍ണമായിത്തന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നതുമാണ്. ശരിയായ ഭക്ഷണം, വ്യായാമശീലം തുടങ്ങിയവ കാന്‍സര്‍ പ്രതിരോധത്തിന്റെ കാര്യത്തിലും വളരെ പ്രധാനമാണ്.

പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നമ്മുടെ പരമ്പരാഗത നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. ഭക്ഷണം മാത്രം ചിട്ടപ്പെടുത്തിയാല്‍ കാന്‍സര്‍ വരുകയേ ഇല്ല എന്ന് പറയാന്‍ സാധിക്കില്ല എങ്കിലും പല വിദേശ രാജ്യങ്ങളിലെ പഠനങ്ങളില്‍ നിന്നും മനസ്സിലാകുന്നത് മൂന്നിലൊന്നു പേരിലും കാന്‍സറുണ്ടാകാന്‍ കാരണം തെറ്റായ ഭക്ഷണ ചിട്ടകളാണെന്നതാണ്. നമ്മുടെ നാട്ടിലും 10 – 20 % ആളുകളിലും കാന്‍സറിനു കാരണം ഭക്ഷണരീതിയിലെ അപാകതകളാണ്.

ഇപ്പോഴത്തെ ജീവിതരീതിയില്‍ ജങ്ക് ഫുഡ് ഒഴിവാക്കാന്‍ പ്രയാസമായി വന്നിരിക്കുന്നു. താളം തെറ്റിയ ഈ ജീവിത രീതിയാണ് പല മാരക രോഗങ്ങള്‍ക്കും കാരണം. അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും രോഗം വന്നിട്ടുണ്ടെങ്കില്‍ അവര്‍ വളരെ മുന്‍കരുതലുകള്‍ തീര്‍ച്ചയായും എടുക്കണം. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്നതിനും ചികിത്സിച്ചു ഭേദമായവര്‍ക്ക് പോഷകഗുണമുള്ള ഭക്ഷണം ലഭിക്കുന്നതിനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങിയ ഭക്ഷണം ശീലമാക്കേണ്ടതാണ്. നമ്മുടെ പരമ്പരാഗത ഭക്ഷണത്തിനോട് ഏകദേശം അടുത്തു നില്‍ക്കുന്നതാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. മുഴുവന്‍ ധാന്യങ്ങളും പച്ചക്കറികളും പയറു പരിപ്പ് വര്‍ഗങ്ങളും, ആരോഗ്യകരമായ കൊഴുപ്പുകളും മത്സ്യങ്ങളും അടങ്ങിയ ഭക്ഷണം. ഇതും രോഗപ്രതിരോധത്തിന് തിരഞ്ഞെടുക്കാവുന്നതാണ്.

എന്നാല്‍ സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗവും വറുത്ത ഭക്ഷണ വസ്തുക്കളുടെ ഉപയോഗവും പഞ്ചസാരയുടെയും റിഫൈന്‍ ചെയ്ത അന്നജത്തിന്റെ ഉപയോഗവും നിയന്ത്രിക്കേണ്ടതാണ്. ആന്റിഓക്‌സിഡന്റ്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സസ്യാഹാരങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഫൈറ്റോന്യൂട്രിയന്റ്‌സും ആന്റിഓക്‌സിഡന്റ്‌സും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കാന്‍സര്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടയുന്നതിനും സഹായിക്കുന്നു.

കാന്‍സര്‍ തടയാന്‍ ചില മുന്‍കരുതലുകള്‍

പോത്തിറച്ചി, പന്നിയിറച്ചി തുടങ്ങിയവയുടെ ഉപയോഗം വളരെയധികം നിയന്ത്രിക്കുകയും പരമാവധി കുറയ്ക്കുകയും വേണം.

  1. കരിഞ്ഞതും, പൊരിച്ചതുമായ മാംസ- മത്സ്യ വിഭവങ്ങള്‍ ഒഴിവാക്കുക. അത് പതിവാക്കുന്നത് കാന്‍സറിന് കാരണമാകുന്നു. കരിഞ്ഞ എല്ലാ ആഹാരപദാര്‍ത്ഥങ്ങളും അപകടകാരികള്‍ ആണ്.
  2. ഏതു ഭക്ഷണ വസ്തുക്കള്‍ ആയാലും കൂടുതല്‍ എണ്ണയില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക.
  3. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക. ചിപ്സുകള്‍ വറുത്ത മറ്റു പലഹാരങ്ങള്‍ എല്ലാം പുറമെ നിന്നു വാങ്ങുന്നവ ഇങ്ങനെ ചൂടാക്കുന്ന എണ്ണയില്‍ ഉണ്ടാക്കുന്നവയാണ്.
  4. ടിന്നിലടച്ച ഭക്ഷണങ്ങള്‍ പായ്ക്കറ്റിലാക്കി ലഭിക്കുന്ന സ്നാക്കുകള്‍ എല്ലാം കാന്‍സര്‍ സാധ്യത കൂടുന്നവയാണ്.
  5. സസ്യാഹാരത്തിന് പ്രാധാന്യം കൊടുക്കുക. സസ്യേതര ഭക്ഷണത്തില്‍ മീനിനു പ്രാധാന്യം കൊടുക്കാം.
  6. മൃഗക്കൊഴുപ്പുകള്‍ കഴിവതും ഒഴിവാക്കുക.
  7. ഉപ്പ് ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഉപ്പ് അമിതമായി കഴിക്കുന്നതും ഉപ്പിലിട്ട ഉണക്കമീനും വില്ലന്മാരാണ്.
  8. ടിന്നിലടച്ച ഭക്ഷണം വാങ്ങുമ്പോള്‍ അവ കേടായിട്ടില്ലെന്ന് ഉറപ്പു വരുത്തണം.
  9. പൂപ്പല്‍ പിടിച്ച ഭക്ഷ്യ വസ്തുക്കള്‍ ഒഴിവാക്കുക.
  10. കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികള്‍ ഒരു മണിക്കൂര്‍ വിനിഗര്‍ വെള്ളത്തിലിട്ട് നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക.
  11. പഴങ്ങള്‍ ഏറ്റവും ഗുണകരമാണ്. പല തരത്തിലുള്ള വൈറ്റമിനുകളും മിനറലുകളും ലവണങ്ങളും പഴങ്ങളിലുണ്ട്. രോഗിയ്ക്ക് ചികിത്സയ്ക്കാണെങ്കില്‍ രോഗമില്ലാത്തവര്‍ക്ക് പ്രതിരോധ മാര്‍ഗവുമാണ്. നാരുകള്‍ ഉള്ള ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്തുക.

ആരോഗ്യം നിലനിറുത്താനും രോഗ പ്രതിരോധത്തിനും ഭക്ഷ്യനാരുകളുടെ പങ്ക് വളരെ വലുതാണ്. നാരുകള്‍ കുടലില്‍ വച്ച് ജലാംശം കൂടി വികസിച്ച് കുടലുകളുടെ ചലനം സുഗമമാക്കി വൃത്തിയായും ആരോഗ്യകരമായും സംരക്ഷിക്കാന്‍ സഹായിക്കുന്നു. കാന്‍സറിനു കാരണമായേക്കാവുന്ന വസ്തുക്കള്‍ പുറന്തള്ളാനും നാരുകള്‍ക്ക് കഴിവുണ്ട്. നാരുകള്‍ സമൃദ്ധമായടങ്ങുന്ന ഭക്ഷണം ദഹനേന്ദ്രിയ കാന്‍സറിനെയും കൊളോറെക്ടല്‍ കാന്‍സറിനെയും വയറിലെ കാന്‍സറിനെയും തടയാന്‍ സഹായിക്കുന്നു.

സംസ്ഥാനത്ത് 5.57 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ കൂടിയെത്തി

യാത്രക്കാര്‍ക്കു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കടുപ്പിച്ച് കര്‍ണാടക