രോഗങ്ങളുടെ കാലമാണ് മഴക്കാലും. ജലദോഷം, പനി എന്നിങ്ങനെ പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് കുട്ടികളുള്ള വീടുകളാണെങ്കില്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയം കൂടിയാണിത്. കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണം, അവരെ ധരിപ്പിക്കുന്ന വസ്ത്രം ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് രോഗങ്ങള്‍ വരാതെ തടയാന്‍ ആവശ്യമാണ്.
മഴക്കാലത്ത് ഈര്‍പ്പവും നനവും കൂടുതലായതു കൊണ്ടു തന്നെ അണുബാധകള്‍ക്കുള്ള സാധ്യതയും കൂടും. വീടിനു പുറത്തിറങ്ങുമ്പോള്‍ കുടയും റെയിന്‍ കോട്ടും കരുതാന്‍ മറക്കരുത്. കുട്ടി മഴ നനഞ്ഞാല്‍ വീട്ടിലെത്തിയാലുടന്‍ വൃത്തിയുള്ള ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിപ്പിക്കണം.
ഈ സമയത്ത് കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുക. അവരുടെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു.
ഇത് കുട്ടികളുടെ പ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തും. തുമ്മല്‍, തൊണ്ട വേദന, ശ്വാസംമുട്ടല്‍, ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കാം. അണുബാധ പടരാതിരിക്കാന്‍ കൈകളുടെ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്തെ അസുഖങ്ങള്‍ തടയാന്‍ കുട്ടികള്‍ പതിവായി കൈ കഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.
വീട്ടിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഈഡിസ്, അനോഫിലിസ് തുടങ്ങിയ അപകടകാരികളായ കൊതുകുകള്‍ പെരുകാന്‍ കാരണമാകും. ഇത് ഡെങ്കി, മലേറിയ പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പടര്‍ത്തും. പനി, വിറയല്‍, ക്ഷീണം, കണ്ണുകള്‍ക്ക് പിന്നിലെ വേദന, ചുണങ്ങു തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ കുട്ടികള്‍ക്ക് അനുഭവപ്പെടാം.
മഴക്കാലത്ത് കഴിവതും കുട്ടികള്‍ മഴവെള്ളത്തില്‍ കളിക്കുന്നത് ഒഴിവാക്കണം. മഴക്കാലത്ത് വെള്ളം തിളപ്പിച്ചാറിച്ചു മാത്രം കുടിക്കുക, കുട്ടികള്‍ക്ക് തണുത്ത വെള്ളം നല്‍കാന്‍ പാടില്ല. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, വീട്ടിലും പരിസരത്തും പാത്രങ്ങളിലോ ടയറുകളിലോ ഡ്രമ്മുകളിലോ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മുഴുവന്‍ മറയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കണം.