തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കണക്കുകളിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ഈമാസം 15മുതല്‍ 21വരെ ശരാശരി ദൈനംദിന ആക്ടീവ് കേസുകള്‍ 1,78,363 ആണ്. ഇതില്‍ 2% മാത്രമേ കിടക്കകളുള്ളു. 1% മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. പുതിയ കേസുകളിലെ വളര്‍ച്ചാനിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് 13% കുറഞ്ഞു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം , തീവ്രപരിചരണ വിഭാഗം, വെന്റിലേറ്റര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് എന്നിവ കുറഞ്ഞു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടെങ്കിലും ജാഗ്രത തുപടരണം. മാസ്ക് ധരിക്കുന്നതില്‍ ഒരിളവും വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരുകോടിയിലധികം പേര് രണ്ട് ഡോസും സ്വീകരിച്ചു. 24 ലക്ഷത്തോളം പേര് മാത്രമാണ് ഒന്നാം ഡോസ് വാക്സീന് വിതരണം പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷ. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. മുതിര്‍ന്ന പൗരന്മാരില് ധാരാളം പേര് ഇനിയും വാക്സിന് സ്വീകരിക്കാനുണ്ട്.
രോഗം വന്നും വാക്സിന് സ്വീകരിച്ചും എത്ര പേര്‍ക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞി എന്നതിനെ കുറിച്ച് സീറോ പ്രിവിലന്‍സ് സര്‍വേ പൂര്‍ത്തിയായി വരുകയാണ്. കുട്ടികള്‍ക്കായി പ്രത്യേക സര്‍വേയും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്നതിനാലാണ് കോളജുകള്‍ അടുത്തമാസവും സ്കൂളുകള്‍ നവംബറിലും തുറക്കാനുള്ള തീരുമാനമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.